അബുദാബി : ഇന്ത്യൻ പാസ്പോർട്ട് പുതുക്കുന്നതിനും പുതിയ പാസ്പോർട്ട് എടുക്കുന്നതിനുമുള്ള ഫീസ് കേന്ദ്ര സർക്കാർ കുത്തനെ വർധിപ്പിച്ചതിനെതിരെ ആർ എസ് പി യുടെ പ്രവാസി സംഘടന പ്രവാഹം പ്രതിഷേധം രേഖപ്പെടുത്തി. വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് പ്രവാഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
പുതിയ നിരക്കുകൾ പ്രകാരം 18 വയസ്സിന് മുകളിലുള്ളവരുടെ 36 പേജ് പാസ്പോർട്ടിന് ₹2,500 ഉം, 60 പേജ് പാസ്പോർട്ടിന് ₹3,500 ഉം നൽകേണ്ടിവരും. തത്കാൽ സേവനത്തിനുള്ള ഫീസും ഗണ്യമായി വർധിപ്പിച്ച് ₹5,000 ആക്കിയിട്ടുണ്ട്. 15 മുതൽ 18 വയസ്സ് വരെയുള്ളവരുടെ 36 പേജ് പാസ്പോർട്ടിന്റെ ഫീസ് ₹1,750 ആയി നിശ്ചയിച്ചിട്ടുണ്ട്.
നിലവിൽ ₹1,500 മാത്രമായിരുന്ന സാധാരണ പാസ്പോർട്ട് ഫീസ് ആയിരം രൂപ വർധിപ്പിച്ച നടപടി സാധാരണക്കാരെയും പ്രത്യേകിച്ച് വിദേശത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കും. കുടുംബാംഗങ്ങളുടെയെല്ലാം പാസ്പോർട്ട് പുതുക്കേണ്ടിവരുന്ന സാഹചര്യത്തിൽ ആയിരക്കണക്കിന് രൂപയുടെ അധിക സാമ്പത്തിക ഭാരം ഏറ്റെടുക്കേണ്ടിവരുമെന്നതും ആശങ്കക്ക് വക നൽകുന്ന കാര്യമാണ്
“പ്രവാസികളുടെ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട സേവനങ്ങളിൽ ഇത്തരത്തിൽ കുത്തനെ ഫീസ് വർധിപ്പിക്കുന്നത് നീതീകരിക്കാനാവില്ല. ഈ തീരുമാനം കേന്ദ്ര സർക്കാർ അടിയന്തരമായി പുനഃപരിശോധിച്ച് ഫീസ് വർധന പിൻവലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
പ്രവാസികളുടെ ആശങ്കകൾ പരിഗണിച്ച് ഫീസ് വർധന പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാഹം കേന്ദ്ര സർക്കാരിന് നിവേദനം നൽകാനും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

What do you feel about this post?
Like
Love
Happy
Haha
Sad

