ഇലവുംതിട്ട – വിദേശത്തായിരുന്ന ഞാൻ കുറച്ചു വർഷങ്ങൾക്ക് മുമ്പ് മക്കളുമായി നാട്ടിലെത്തിയപ്പോൾ കോവിഡ് എന്ന മഹാമാരിയുടെ സമയം. വിദേശത്ത് നിന്നെത്തുന്ന മനുഷ്യരെ സമൂഹം അകറ്റി നിർത്തിയിരുന്ന കാലം. അതും ഞങ്ങളുടെ നാട്ടിലെ രാഷ്ട്രീയം കൊണ്ട് മാത്രം ജീവിക്കുന്ന ചിലർ മഹാമാരിയെയും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചിരുന്ന സമയം. വീടിനു വെളിയിലേക്ക് മക്കൾക്കും പ്രായമായ അച്ഛനും ആഹാര സാധനങ്ങൾ വാങ്ങാൻ പോലും കഴിയാതിരുന്ന കാലം. പ്രായമായ എന്റെ അച്ഛൻ ബാങ്കിൽ പോയപ്പോൾ അതും കൊടിയ അപരാധ വിഷയമാക്കി സമൂഹ മാധ്യമങ്ങളിൽ എഴുതി നിർവൃതിയടഞ്ഞ രാഷ്ട്രീയ ഉപജീവനക്കാരുടെ നാട്. അന്നും എനിക്ക് സഹായവുമായി ഓടിയെത്തിയിരുന്ന കൂട്ടുകാരൻ രാജീവ് ഐഡിയ, മീനും സാധനങ്ങളും ഒക്കെ വാങ്ങി തന്നിരുന്ന ആയത്തിലെ ആർഎസ്എസ് സ്വയംസേവകർ, ആഹാര സാധനങ്ങളുമായി കുമ്പഴിയിൽ നിന്ന് ഓടിയെത്തിയ ബ്ലഡ് ഡൊണേഷൻ കേരളം ( ബിഡികെ ) എന്ന സംഘടനയുടെ സജീവ പ്രവർത്തകരായിരുന്നു ബിജു കുമ്പഴ, ദീപു കോന്നി അങ്ങനെ ചിലരെ എങ്ങനെ മറക്കാൻ. 🙏 അന്നും ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരൻ എന്നെ വിളിക്കുകയും എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടോയെന്ന് തിരക്കുകയും ചെയ്യുമായിരുന്നു. എനിക്കാവിശ്യമായിരുന്ന പേപ്പർ വർക്കുകളും, കുട്ടികളുടെ സ്‌കൂൾ അഡ്മിഷൻ തുടങ്ങിയ കാര്യങ്ങൾക്കൊക്കെ അന്ന് സഹായിക്കാൻ ഓടിയെത്തിയിരുന്ന ആ പൊലീസുകാരനാണ് അൻവർഷാ. ഏതാണ്ട് 20 വർഷങ്ങൾക്ക് മുമ്പ് മുതലേ സമൂഹ മാധ്യമത്തിൽ സജീവമായിരുന്ന എനിക്ക് നന്മയുടെ പ്രവർത്തികൾ ചെയ്യുന്ന ഈ പോലീസുകാരനെ സമൂഹ മാധ്യമത്തിൽ കൂടി നേരത്തെ തന്നെ പരിചയമുണ്ടായിരുന്നു. ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസുകാരൻ അൻവർഷാ.
ഇന്ന് അൻവർഷായുടെ ഒരു കുറിപ്പ് സമൂഹ മാധ്യമത്തിൽ കണ്ടപ്പോഴാണ് അദ്ദേഹത്തെ കുറിച്ച് എഴുതണമെന്ന് തോന്നിയത്. ആ കുറിപ്പ് ഇങ്ങനെ…
കേരള പോലീസിന്റെ ഭാഗമായിട്ട് ഇന്ന് 15 വർഷങ്ങൾ♥️ ഒട്ടനവധി ജീവിതാനുഭവങ്ങൾ .. പൊതുജന ജീവിതത്തിൻറെ സമസ്ത മേഖലകളെയും സ്പർശിക്കുവാൻ ഈ കാലയളവിനുള്ളിൽ കഴിഞ്ഞു. സേനയ്ക്കകത്തും പുറത്തുംഒരുപാട് നല്ല സുഹൃത്തുക്കൾ.. ഒരുപാട് പേരെ മനസ്സിലാക്കാൻ കഴിഞ്ഞു.. അനുകൂലിക്കുന്നവരുണ്ട്..സ്നേഹിക്കുന്നവരുണ്ട് . ഇഷ്ടപ്പെടുന്നവരുണ്ട് … അതിലുപരി എതിർക്കുന്നവരുണ്ടാകും … വെറുക്കുന്നവരുണ്ടാകും … നാളിതുവരെ അറിഞ്ഞുകൊണ്ട് ആരോടും ഒരു ദ്രോഹവും ചെയ്തിട്ടില്ല എന്ന് തന്നെയാണ് അചഞ്ചലമായ വിശ്വാസം..
എല്ലാവരോടും ഹൃദയത്തിൽ ചാലിച്ച നന്ദി🙏
കേരളാ പൊലീസുകാരനായി 15 വർഷങ്ങൾ പിന്നിടുന്ന അൻവർഷാ ക്ക് പ്രാർത്ഥനകളോടെ ആശംസകളും, അനുമോദനങ്ങളും നേരട്ടെ.
ഇലവുംതിട്ട പോലീസ് സ്റ്റേഷനിൽ ജനമൈത്രി പോലീസ് സ്റ്റേഷൻ എന്ന വിശേഷണത്തിന് അന്ന് അർഹനാക്കിയത് അൻവർഷായുടെ സാമൂഹിക ജീവകാരുണ്യ ഇടപെടലുകൾ തന്നെ ആയിരുന്നു എന്ന നിസ്സംശയം പറയാം. ആ പ്രവർത്തനങ്ങളുടെ ഭാഗമായ വാർത്തകൾ എഴുതാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് എന്നത് കൊണ്ടുതന്നെ അൻവർഷായുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളുടെ ആഴം മനസിലാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്.
പ്രായമായ നിരാലംബരായ എത്രയോ മനുഷ്യ ജീവനുകളെ അഭയ കേന്ദ്രങ്ങളിലാക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിരിക്കുന്നു. പ്രായമായ അച്ഛനെയും അമ്മയെയും നോക്കാതെ അവരുടെ പെൻഷൻ കൈക്കലാക്കി ധൂർത്തടിച്ചു നടന്നിരുന്ന മകന്റെ കാര്യം മനസിലാക്കി ആ മാതാപിതാക്കളെ അഭയകേന്ദ്രത്തിലാക്കാനും, പെൻഷൻ കാർഡ് മകന്റെ കയ്യിൽ നിന്ന് ബലമായി വാങ്ങി, മക്കളുണ്ടങ്കിലും നിരാലംബരായ ആ മനുഷ്യർക്ക് കൊടുക്കുവാനും ഒക്കെ അൻവർഷാ നടത്തിയ ഇടപെടലുകൾക്ക് ഞാനും സാക്ഷിയാണ്. മാനുഷികമായ എല്ലാ സഹായങ്ങൾക്കും എപ്പോഴും വിളിക്കാമായിരുന്ന ഒരു പോലീസുകാരൻ. പന്തളം പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറി പോയപ്പോഴും എന്റെ സഹപാഠിയുടെ ആവശ്യത്തിനായി രക്തം അത്യാവശ്യമായി വന്നപ്പോൾ ഞാൻ അൻവർഷായെ വിളിച്ചു നോക്കി. ജിബു പേടിക്കണ്ടാ.. ഞാൻ പൊലീസുകാരെ റെഡിയാക്കാം.. എന്ന അൻവർഷായുടെ മറുപടിക്ക് എന്റെ മനസിനെ മഞ്ഞുമലയോളം തണുപ്പിക്കാനായി. പിറ്റേന്ന് തന്നെ പോലീസുകാർ മൂന്നു നാല് പേര് ഹോസ്പിറ്റലിലെത്തി രക്തം കൊടുക്കുകയും ചെയ്തു.
പോലീസ് സ്റ്റേഷനുകളിൽ ജനമൈത്രി പോലീസ് എന്നത് പിന്നീട് ഇല്ലാതാകുന്ന അവസ്ഥയും കണ്ടു. പോലീസുകാരൻ എന്ന നിലയിൽ കർശനമായ ഇടപെടലുകളാണ് അൻവർഷാ മയക്കുമരുന്ന് സംഘങ്ങൾക്ക് നേരെയും, അക്രമികൾക്ക് നേരെയും ഒക്കെ കാഴ്ചവെച്ചത്. അന്യ സംസ്ഥാനത്തുപോയി കുറ്റവാളികളെ അറസ്റ്റ് ചെയ്തതിനും അന്വേഷണത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചതിനും ഒക്കെയായി ജില്ലാ പോലീസ് മേധാവി അദ്ദേഹത്തിന് പ്രശംസാപത്രം നൽകിയതും ശ്രദ്ധിക്കപ്പെട്ടു. ” ജനമൈത്രി ” പോലീസ് എന്നതിന് ഉദാഹരണം തന്നെയാണ് അൻവർഷ.
കൂടുതൽ ഉത്തരവാദപ്പെട്ട ചുമതലകളും, ജീവകാരുണ്യ പ്രവർത്തനങ്ങളും ഒക്കെയായി “ജനമൈത്രി ” പൊലീസുകാരനായി തന്നെ ജനങ്ങൾക്ക് അദ്ദേഹത്തിൻറെ സേവനം പ്രയോജനപ്രദമാകട്ടെ, ആശംസകളും, അനുമോദനങ്ങളുമായി…
ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ ഇലവുംതിട്ട


