പത്തനംതിട്ട:- മൂഴിയാറിൽ ബൈക്കിൽ പോകവേ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് നേരെ കാട്ടാനയുടെ ആക്രമണം. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറായ ഷിബു തങ്കപ്പനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെ മൂഴിയാർ വേലുത്തോടിന് സമീപമായിരുന്നു സംഭവം. മൂഴിയാർ ഓപ്പറേഷൻ സബ് ഡിവിഷനിലെ ഓഫീസിലേക്ക് ബൈക്കിൽ പോവുകയായിരുന്നു ഷിബു തങ്കപ്പൻ. ഈ സമയത്താണ് കാട്ടാനയ്ക്ക് മുന്നിൽപ്പെട്ടതും ആന പെട്ടെന്ന് ആക്രമിക്കുകയുമായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ കാലിന് ഒടിവു സംഭവിച്ചിട്ടുണ്ട്. കൂടാതെ ദേഹമാസകലം പരിക്കേൽക്കുകയും ചെയ്തു.
ആക്രമണത്തിന് തൊട്ടുപിന്നാലെ ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്നാണ് ഇദ്ദേഹത്തെ രക്ഷപെടുത്തിയത്. പരിക്കേറ്റ ഷിബു തങ്കപ്പനെ ഉടനടി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. വനമേഖലയോട് ചേർന്നുള്ള ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.


