ആറന്മുള – വേനൽ ചൂട് 40 ഡിഗ്രിയിൽ മുകളിലേക്ക് ഉയർന്നതോടെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് പുനഃക്രമീകരണം ഏർപ്പെടുത്തി. ശ്രീകോവിലുകളിലും പുറത്തും മതിൽക്കകത്തുമായാണ് ക്ഷേത്രങ്ങളിൽ ആചാരപരമായ ചടങ്ങുകൾ നടക്കുന്നത്. മേൽക്കൂര ഇല്ലാതെ ആൽത്തറകളിലും നാഗത്തറകളിലും പൂജകൾ നടക്കുന്ന ക്ഷേത്രങ്ങളുമുണ്ട്. ഇതിനു പുറമെ പല പ്രധാന ക്ഷേത്രങ്ങളിലും ദിവസം മൂന്നുനേരം തിരുമുറ്റത്ത് ആനപ്പുറത്ത് എഴുന്നെള്ളിപ്പ് നടക്കുന്നുണ്ട്. ഇവിടെയെല്ലാം കനത്ത ചൂടും വെയിലും ക്ഷേത്രങ്ങളിലെ ചടങ്ങുകളെ ബാധിക്കുന്നു. ശ്രീകോവിലിനുള്ളിൽ പോലും കനത്ത ചൂടുമൂലം കൃത്യമായി ചടങ്ങുകൾ നടത്താൻ കഴിയുന്നില്ല. ആനകളെ നിരത്തി നടത്തുന്ന എഴുന്നള്ളത്തിന് ഇതിനോടകം തന്നെ പലയിടത്തും സമയ ക്രമീകരണം ഏർപ്പെടുത്തി.
എന്നാൽ ആചാരപരമായ ചടങ്ങുകൾ പുനഃക്രമീകരിക്കുന്നതിന് നിരവധി ചിട്ടവട്ടങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനായി തന്ത്രിമാരിൽ നിന്ന് നിർദേശം ഉണ്ടാകണം. ഉത്സവങ്ങൾ മിക്കയിടത്തും മകരം മുതൽ മേടം വരെയുള്ള മാസങ്ങളിലാണ്. ഇതിൽ കുംഭം, മീന മാസങ്ങൾ ഏറ്റവും അധികം ചൂട് അനുഭവപ്പെടുന്ന സമയമാണ്. എന്നാൽ ഇപ്പോൾ കുംഭവും മീനവും കടന്ന് മേടത്തിലേക്ക് പ്രവേശിക്കുമ്പോഴും ചൂട് കൂടുന്നതല്ലാതെ കുറയുന്നില്ല. ഉച്ച ശീവേലിയാണ് മാറ്റി വയ്‌ക്കേണ്ട അനുഷ്‌ഠാന ചടങ്ങുകളിൽ പ്രധാനം. രാവിലെ 11 നും ഉച്ചയ്‌ക്ക് 12 മധ്യേയാണ് പ്രധാന ക്ഷേത്രങ്ങളിൽ ഉച്ച ശീവേലി. ഈ സമയത്താണ് ഏറ്റവും ചൂട് കൂടുതൽ അനുഭവപ്പെടുന്നത്. ഉച്ച ശീവേലി, മഹാക്ഷേത്രങ്ങളിൽ നാലമ്പലത്തിന് ചുറ്റും കുറഞ്ഞത് മൂന്ന് പ്രദക്ഷിണമെങ്കിലും വയ്‌ക്കേണ്ടിവരും.
ചുട്ടു പൊള്ളുന്ന മുറ്റത്തുകൂടി മൂന്ന് പ്രദക്ഷിണം പൂർത്തിയാകുമ്പോൾ അര കിലോമീറ്റർ ദൂരമെങ്കിലും നടക്കേണ്ടി വരും. പാദരക്ഷയും കൂടയും ഇല്ലാതെ ശാന്തിമാരും മേളക്കാരും കഴകക്കാരും നടക്കേണ്ടി വരുന്നു. ശീവേലി ചടങ്ങുകൾ കൃത്യമായി പാലിക്കേണ്ടതു കൊണ്ട് നടപ്പിന് വേഗത കൂട്ടാനോ ഹവിസ് തൂവുന്നതടക്കം മാറ്റം വരുത്താനോ കഴിയുന്നില്ല. എന്നാൽ കനത്ത ചൂടിലും ചടങ്ങുകൾ കൃത്യമായി പാലിക്കുകയാണ് ക്ഷേത്ര ജീവനക്കാരും ശാന്തിമാരും.


