പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലെത്തിയ ജിജി ജോൺസൺ കന്നി വോട്ട് രേഖപ്പെടുത്തി

Alappuzha
Print Friendly, PDF & Email

എടത്വ: പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലെത്തിയ ശ്രീമതി. ജിജി ജോൺസൺ കന്നി വോട്ട് രേഖപ്പെടുത്തി. തലവടി ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വി. ഇടിക്കുളയുടെ സഹധർമ്മിണിയാണ് ശ്രീമതി. ജിജി ജോൺസൺ. പ്രവാസ ജീവിതത്തിന് മുമ്പ് നേഴ്സിംങ്ങ് പഠനവും ജോലിയുമായി ഡൽഹിയിലായിരുന്നതിനാൽ ജീവിതത്തിൽ ഇതുവരെ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിന് സാധിച്ചിട്ടില്ല. പല തവണ അവധിക്ക് നാട്ടിൽ എത്തിയിട്ടുണ്ടെങ്കിലും വോട്ട് ചെയ്യാൻ അവസരം ലഭിച്ചിട്ടില്ല. ഇത്തവണ നാട്ടിലെത്തിയതിന് ശേഷം വീണ്ടും വോട്ടർ പട്ടികയിൽ പേര് ചേർക്കുകയായിരുന്നു.

കുടുംബത്തോടൊപ്പം തലവടി ആനപ്രമ്പാൽ തെക്ക് ഗവ.എൽ പി സ്കൂളിൽ ഉള്ള ബൂത്തിൽ എത്തിയ ജിജി ജോൺസന് ബിഎൽഒ: രാജി സുഭാഷ് സമ്മതിദായക ഫോട്ടോ തിരിച്ചറിയൽ കാർഡ് നല്കി. തുടർന്ന് 132 -ാം മത് ബൂത്തിൽ വോട്ടവകാശം രേഖപ്പെടുത്തി. ജനാധിപത്യത്തിൽ പൗരന്മാരുടെ ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് സമ്മതിദാനവകാശം. വൈകിയാണെങ്കിലും അതിന്റെ ഭാഗമായി തീർന്നതിൽ സന്തോഷമുണ്ടെന്ന് ജിജി ജോൺസൺ മാധ്യമങ്ങളോട് പറഞ്ഞു .

2004 മുതൽ പ്രവാസ ജീവിതം നയിച്ച ജിജി ജോൺസൺ സൗദി അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽ ഖുർമ ഹോസ്പിറ്റൽ നേഴ്സിംങ്ങ് ഡയറക്ടർ ആയിരുന്നു.അന്തർദ്ദേശിയ നേഴ്സസ് ദിനാചരണത്തിൽ 15 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ ജിജിക്ക് അവസരം ലഭിച്ചിരുന്നു. ഇന്ത്യയുടെ ദേശിയ പതാകയുമായി വേദിയിലേക്ക് കയറിയ ജിജി ജോൺസനെ കരഘോഷത്തോടെയാണ് ഇന്ത്യയിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ അഭിവാദ്യം ചെയ്തത്.

ജിദ്ദ നവോദയ തായ്ഫ് ഏരിയ കമ്മിറ്റി ഉൾപ്പെടെ നിരവധി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ രണ്ട് പതിറ്റാണ്ടുകൾ നീണ്ട സേവനത്തിനും കോവിഡ് മഹാമാരി കാലത്ത് നല്കിയ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്കും സ്നേഹാദരവ് സമർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *