തൃശൂർ/വലപ്പാട് – മണപ്പുറം ഫിനാൻസിന്റേയും ഉപ കമ്പനികളുടേയും നിയന്ത്രണം ഏറ്റെടുക്കാൻ ആഗോള നിക്ഷേപ സ്ഥാപനമായ ബെയിൻ കാപ്പിറ്റലിന് റിസർവ് ബാങ്കിന്റെ അന്തിമാനുമതി ലഭിച്ചു. ഇതനുസരിച്ച് മണപ്പുറം ഫിനാൻസിന്റേയും ആശിർവാദ് മൈക്രോ ഫിനാൻസ് ലിമിറ്റഡിന്റേയും മണപ്പുറം ഹോം ഫിനാൻസ് ലിമിറ്റഡിന്റേയും നടത്തിപ്പിലും ഓഹരി നയന്ത്രണത്തിലും ബെയിൻ കാപിറ്റൽ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ബി സി ഏഷ്യാ ഇൻവെസ്റ്റ്‌മെന്റ്‌സ് XXV ലിമിറ്റഡ്, ബ സി ഏഷ്യാ ഇൻവെസ്റ്റ്‌മെന്റ്‌സ് XIV ലിമിറ്റഡ് എന്നീ കമ്പനികൾക്ക് പങ്കാളിത്തം ലഭിക്കും. ഇതിനായി ഏകദേശം 4,385 കോടി രൂപ ബെയിൻ കാപ്പിറ്റൽ മണപ്പുറം ഫിനാൻസിലും ഉപ കമ്പനികളിലും നിക്ഷേപിച്ച് സംയുക്ത ഉടമസ്ഥാവകാശം നേടും.
റിസർവ് ബാങ്ക് അനുമതിയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയായതോടെ മണപ്പുറം ഫിനാൻസും ബെയിൻ കാപിറ്റലും ചേർന്ന് ഈ വർഷം മാർച്ച് 31 ഓടെ മൂലധന നിക്ഷേപം പൂർത്തിയാക്കും. സെബിയുടെ 2011ലെ ചട്ടങ്ങൾ അനുസരിച്ചായിരിക്കും ഓപ്പൺ ഓഫർ.
നിക്ഷേപം പൂർത്തിയാവുന്നതോടെ ഓപ്പൺ ഓഫർ സബ്‌സ്‌ക്രിബ്ഷൻ അടിസ്ഥാനത്തിൽ ബെയിൻ ക്യാപിറ്റലിന് 18.0 ശതമാനം, 41.66 ശതമാനം വീതം ഓഹരികൾ കൈവശമാകും. നിലവിലുള്ള പ്രൊമോട്ടർമാർക്ക് 28.9 ശതമാനം ഉടമസ്ഥ പങ്കാളിത്തമാണുണ്ടാവുക. മൂലധന നിക്ഷേപവും ഓപൺ ഓഫറും പൂർത്തിയാകുന്നതോടെ ബെയിൻ കാപിറ്റൽ കമ്പനിയുടെ പ്രമോട്ടർമാർ എന്ന നിലയിൽ നടത്തിപ്പിൽ സംയുക്ത പങ്കാളിത്തം നേടും. ഇതിന്റെ തുടർച്ചയായി ബെയിൻ കാപിറ്റൽ നോമിനികളെക്കൂടി ഉൾപ്പെടുത്തി മണപ്പുറം ഫിനാൻസ്, ആശിർവാദ് മൈക്രോ ഫിനാൻസ്, മണപ്പുറം ഹൗസിംഗ് ഫിനാൻസ് എന്നിവയുടെ ഡയറക്ടർ ബോർഡ് പുനസംഘടിപ്പിക്കുകയും ചെയ്യും.


