തിരുവല്ല : അന്തർദേശീയ വനിതാദിനമായ മാർച്ച് എട്ടിന് പത്തനംതിട്ട ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. തൊഴിലിടങ്ങളിൽ നിന്ന് ഉൾപ്പെടെ രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീകളുടെ സുരക്ഷിതത്വത്തിന് പ്രഥമ പരിഗണന നൽകിക്കൊണ്ട് സർക്കാർ ആവിഷ്കരിച്ച് പോലീസ് വകുപ്പ് നടപ്പാക്കുന്ന ‘ നിർഭയ നിശ ‘ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (08.03.2026) വൈകിട്ട് ആറുമണിക്ക് തിരുവല്ല കെഎസ്ആർടിസി ക്ക് സമീപമുള്ള ഓപ്പൺ സ്റ്റേജിൽ ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS നിർവഹിക്കും. തുടർന്ന് വിവിധ സാമൂഹ്യ മേഖലകളിലുള്ള വനിതകളും ഒത്തുചേർന്ന് രാത്രി നടത്തം സംഘടിപ്പിക്കും.

‘ നിർഭയനിശ ‘ കേരള പോലീസ് നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന വനിത ഹെൽപ്പ് ലൈൻ കൺട്രോൾ റൂം ആരംഭിക്കും. വനിത ഉദ്യോഗസ്ഥർ തന്നെ ഇതിന് നേതൃത്വം നൽകും. 181 ( വനിത ഹെൽപ്പ് ലൈൻ) , 1515 ( നിർഭയ) , 112 ( പോലീസ് കൺട്രോൾ റൂം) എന്നീ ടോൾഫ്രീ നമ്പറുകൾ വഴി അടിയന്തര ഘട്ടങ്ങളിൽ വനിതകൾക്ക് സഹായം ആവശ്യപ്പെടാം. രാത്രിയകാലങ്ങളിൽ തിരുവല്ല മുനിസിപ്പാലിറ്റിക്ക് ഉള്ളിൽ സഞ്ചരിക്കേണ്ടിവരുന്ന വനിതകളുടെ സുരക്ഷിതത്വബോധം വർദ്ധിപ്പിക്കുന്നതിനും രാത്രി സമയങ്ങളിൽ സഹായം ഉറപ്പുവരുത്തുന്നതിനും ആയി ‘ പിങ്ക് പോലീസ് പട്രോൾ ‘ സംവിധാനം രാത്രികാലങ്ങളിൽ ഉറപ്പാക്കും. കേരള പോലീസിന്റെ ‘ POL APP ‘ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക വഴി സ്ത്രീകൾക്ക് രാത്രിയിൽ തനിച്ച് യാത്ര ചെയ്യേണ്ടി വരുമ്പോൾ തങ്ങൾ യാത്ര ചെയ്യുന്ന ഓട്ടോ / ടാക്സി യുടെ നമ്പർ , ലൊക്കേഷൻ എന്നിവ പോലീസ് കൺട്രോൾ റൂമിലേക്ക് കൈമാറാൻ കഴിയും. കൂടാതെ രാത്രി സമയങ്ങളിൽ ബസ്സിന്റെ ലഭ്യത , സുരക്ഷിതമായ ഓട്ടോ , ടാക്സി എന്നിവയുടെ ലഭ്യത എന്നിവയെ കുറിച്ചുള്ള വിവരങ്ങളും കൺട്രോൾ റൂമിൽ നിന്ന് ലഭിക്കും.
മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള ഓട്ടോറിക്ഷ ഡ്രൈവർമാർ , ടാക്സി ഡ്രൈവർമാർ , കൂടാതെ കൂടുതൽ വനിതാ ഡ്രൈവർമാർ എന്നിവരെ പദ്ധതിയുടെ ഭാഗമാക്കും. ഇത്തരത്തിൽ ‘നിർഭയ നിശ’ പരിപാടിയുടെ ഭാഗമായി രാത്രികാലങ്ങളിൽ സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീകളുടെ സുരക്ഷിതത്വബോധം ഉറപ്പാക്കുന്നതിനും നിർഭയമായും സുരക്ഷിതമായും യാത്ര ചെയ്യുന്നതിനുമുള്ള എല്ലാ മുൻകരുതൽ നടപടികളും ജില്ലാ പോലീസ് സ്വീകരിക്കുന്നുണ്ട് എന്നും, അവ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുമെന്നും ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS അറിയിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

