പത്തനംതിട്ട ജില്ലയിൽ 106 കുടുംബങ്ങൾക്ക് പട്ടയം ; ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം ഓൺലൈനായി മുഖ്യമന്ത്രി നിർവഹിച്ചു.

Pathanamthitta

പത്തനംതിട്ട – കഴിഞ്ഞ 10 വർഷങ്ങളിൽ 4,56,000 കുടുംബങ്ങൾക്ക് പട്ടയ വിതരണം പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുമ്പഴ ലിജോ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പത്തനംതിട്ട ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 1,77,011 പട്ടയം വിതരണം ചെയ്തു. 2021 ൽ ആദ്യഘട്ടത്തിൽ 54,535 പട്ടയവും രണ്ടാം ഘട്ടത്തിൽ 67,069 പട്ടയവും വിതരണം ചെയ്തു. തുടർന്ന് വിവിധ ഘട്ടങ്ങളിലായി ഒരുലക്ഷത്തിലധികം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി. പാവപ്പെട്ടവരുടെ ജീവിതത്തിന് അടിത്തറയും സുരക്ഷയും ഉണ്ടാകുന്നതിനുളള പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. മുത്തങ്ങ ഭൂസമരത്തെ തുടർന്ന് കുടിയിറക്കപ്പെട്ട 283 ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ ഭൂമി വീതം സർക്കാർ ലഭ്യമാക്കി. അവശേഷിക്കുന്ന ഭൂരഹിതർക്ക് 171 ഏക്കർ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ച് വരുന്നു. 2016-2025 വരെ വനാവകാശ നിയമപ്രകാരം 4,690 ആദിവാസി കുടുംബങ്ങൾക്ക് 6,288 ഏക്കർ ഭൂമിയും 213 കുടുംബങ്ങൾക്ക് പട്ടയവും ലഭ്യമാക്കി. 3426 കുടുംബങ്ങൾക്ക് 2106 ഏക്കർ നിക്ഷിപ്ത വനഭൂമിക്കുള്ള അവകാശ രേഖയും നൽകി. ലാൻഡ് പർച്ചേസ് മുഖേന 274 കുടുംബങ്ങൾക്ക് 149 ഏക്കർ ഭൂമിയും ലാൻഡ് ബാങ്ക് പദ്ധതി പ്രകാരം 422 കുടുംബങ്ങൾക്ക് ഭൂമിയും ലഭ്യമാക്കി. പ്രളയപുനരധിവാസത്തിന്റെ ഭാഗമായി 171 കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കി. ഇങ്ങനെ 9,196 കുടുംബങ്ങൾക്ക് 8,690 ഏക്കർ ഭൂമി ലഭ്യമാക്കി. ചിട്ടയായ പ്രവർത്തനത്തിലൂടെ ഭൂവിതരണവും പട്ടയവിതരണവും കാര്യക്ഷമമായി നടപ്പാക്കാനായി. പട്ടയ വിതരണത്തിനായി പ്രത്യേക ഡാഷ്ബോർഡ് സജ്ജമാക്കി. പട്ടയ അദാലത്ത് നടത്തി ലാൻഡ് ട്രൈബ്യൂണൽ പട്ടയം ലഭ്യമാക്കാൻ ഇടപെടൽ നടത്തി. പട്ടയ മിഷൻ രൂപീകരിച്ചു എല്ലാ തലങ്ങളിലും ഇടപെടൽ നടന്നു. ജനപ്രതിനിധികൾ പട്ടയ അസംബ്ലി നടത്തി. ജില്ലാതല പട്ടയ അദാലത്ത് സംഘടിപ്പിച്ചു. വില്ലേജുതല വിവരശേഖരണസമിതി മുതൽ സംസ്ഥാനതല നിരീക്ഷണ സമിതി വരെ ബൃഹത്തായ പ്രവർത്തനം നടത്തി. 1977ന് മുമ്പ് വനഭൂമിയിൽ കുടിയേറിയ മുഴുവൻ കർഷകർക്കും പട്ടയം ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു. ഭൂമിയുടെ കൈവശ രേഖകൾ കൃത്യമായി ലഭ്യമാക്കാൻ ഡിജിറ്റൽ സർവേ നടപ്പാക്കി. റവന്യൂ സേവനം ഓൺലൈനായി ലഭ്യമാക്കി. യൂണിക് തണ്ടപ്പേർ സംവിധാനം നടപ്പാക്കി. ഭൂമിയുടെ അവകാശവും കൈവശരേഖയും കൃത്യമായി ലഭിക്കുന്നതിന് ബഹുമുഖമായ ഇടപെടലാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അർഹരായ എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കേരള ചരിത്രത്തിലാദ്യമായി ഭൂരേഖാ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ പട്ടയ മിഷൻ രൂപീകരിച്ചു. പട്ടയം ലഭിക്കുന്നതിനുള്ള വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് രണ്ടര ലക്ഷം രൂപയായി ഉയർത്തിയത് ആയിരക്കണക്കിന് സാധാരണ കുടുംബങ്ങൾക്ക് ആശ്വാസമായി. വനഭൂമിയുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കുന്നതിനായി വനം വകുപ്പുമായി ചേർന്ന് നടത്തിയ പരിശോധനയുടെ ഫലമായി 4327 അപേക്ഷകൾ കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാരത്തിനായി അയച്ചു. ഡിജിറ്റൽ റിസർവേയിലൂടെ 10 ലക്ഷത്തിലധികം ഭൂമിയും 64 ലക്ഷത്തിലേറെ ലാൻഡ് പാഴ്‌സലുകളും അളന്നു തിട്ടപ്പെടുത്തിയതായും മന്ത്രി കൂട്ടിചേർത്തു.

ജില്ല കലക്ടർ എസ് പ്രേം കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലയിൽ 106 പട്ടയം വിതരണം ചെയ്തു. റാന്നി, കോന്നി, അടൂർ, മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലായി 94 എൽഎ, എട്ട് എൽറ്റി പട്ടയങ്ങളും അയിരൂർ വില്ലേജിൽ പിഐപി കനാൽ പുറമ്പോക്കിൽ മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷൻ നിർമിച്ച നാലു വീടുകളുടെയും പട്ടയമാണ് വിതരണം ചെയ്തത്. പട്ടയം ഡാഷ് ബോർഡിൽ ഉൾപ്പെട്ട റാന്നി മുക്കുഴി അഞ്ച് സെന്റ് കോളനി, അരയൻപാറ എന്നീ വിഷയങ്ങളിലെ 89 പേർക്കും പട്ടയം വിതരണം ചെയ്തു. 2018 ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷൻ നിർമിച്ച 9 വീടുകളുടെ ആധാരങ്ങളുടെയും അടൂർ താലൂക്കിൽ കെഐപി കനാൽ പുറമ്പോക്കിൽ നിർമിച്ച രണ്ടു വീടുകളുടെ താക്കോൽ ദാനവും ചടങ്ങിൽ നടന്നു.
എംഎൽഎമാരായ അഡ്വ കെ യു ജനീഷ് കുമാർ, അഡ്വ പ്രമോദ് നാരായൺ, പത്തനംതിട്ട നഗരസഭാംഗം എം എൻ വിജയരാജ്, തിരുവല്ല സബ് കലക്ടർ സുമിത് കുമാർ താക്കൂർ, എഡിഎം ബി ജ്യോതി, അടൂർ ആർഡിഒ എം ബിപിൻ കുമാർ, എൽ ആർ ഡെപ്യൂട്ടി കലക്ടർ കെ എച്ച് മുഹമ്മദ് നവാസ്, മുത്തൂറ്റ് ഫിൻകോർപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഷാജി വർഗീസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ സതീഷ്, വർഗീസ് മാമൻ, സഞ്ജു, അഡ്വ മാത്തൂർ സുരേഷ്, ബി ഷാഹുൽ ഹമീദ്, നൗഷാദ് കണ്ണങ്കര, രാജു നെടുമ്പ്രം, മനോജ് മാധവശ്ശേരിൽ, മനു വാസുദേവ് തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം : സിഎം
പത്തനംതിട്ട ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം കുമ്പഴ ലിജോ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുന്നു

ചിത്രം :പട്ടയം

പത്തനംതിട്ട ജില്ലാതല പട്ടയമേള

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *