കോന്നി – സംസ്ഥാനത്ത് പശ്ചാത്തല മേഖലയിൽ നിരവധി വികസനം സാധ്യമാക്കിയതായി പൊതുമരാമത്ത് വകുപ്പ് പി എ മന്ത്രി മുഹമ്മദ് റിയാസ്. ആധുനിക നിലവാരത്തിൽ നിർമിച്ച ഡിപ്പോപ്പടി – ചെങ്ങറമുക്ക് റോഡ് ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ നിരവധി പാലം, കെട്ടിടം, റോഡ് എന്നിവ നിർമിച്ചു. ഗുണനിലവാരം ഉറപ്പുവരുത്തുന്ന ബിഎംബിസി രീതിയിലാണ് റോഡ് നിർമിച്ചത്. അഞ്ചു വർഷത്തിനുള്ളിൽ 50 ശതമാനം പൊതുമരാമത്ത് റോഡുകൾ ബിഎം ബി സി നിലവാരത്തിലാക്കണമെന്ന ലക്ഷ്യം 60 ശതമാനത്തിലെത്തി. റോഡ് നവീകരണ പ്രവൃത്തിക്ക് 35000 കോടി രൂപയാണ് സംസ്ഥാന സർക്കാർ നീക്കിവച്ചത്. ബജറ്റ് ഫണ്ടിന് പുറമെ കിഫ്ബി, നബാർഡ്, റീ ബിൽഡ് കേരള, സിആർ ഐഎഫ് പദ്ധതിയുടെ ഭാഗമായി റോഡ് വികസനം കൂടുതൽ കാര്യക്ഷമമാക്കി. അഞ്ച് വർഷം കൊണ്ട് 100 പാലം എന്ന ലക്ഷ്യം 150 ലെത്തി. പ്രധാനപ്പെട്ട ജംഗ്ക്ഷനുകളുടെ വികസനത്തിന് ഫ്‌ളൈ ഓവർ, ബൈപാസുകൾ സാധ്യമാക്കി. പൊതുമരാമത്ത് വകുപ്പിന്റെ 528 പദ്ധതികൾക്കായി കിഫ്ബിയിലൂടെ 46,145 കോടി രൂപ അനുവദിച്ചു.
ദേശീയ പാത 66 പദ്ധതി പുനരുജ്ജീവിപ്പിച്ചു. ദേശീയ പാതയുടെ 480 കിലോമീറ്ററോളം പൂർത്തിയാക്കി. കേരളത്തിലെ 13 ജില്ലകളിലൂടെ കടന്നുപോകുന്ന കാർഷിക ടൂറിസം മേഖലയ്ക്ക് ഉണർവേകുന്ന മലയോര ഹൈവേ, ഒമ്പത് ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശ പാത എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു. തീരദേശ പാതയിൽ ഓരോ 50 കിലോ മീറ്റർ ഇടവിട്ട് ദീർഘ ദൂര യാത്രക്കാർക്ക് വിശ്രമിക്കാൻ കംഫർട്ട് സ്റ്റേഷൻ ഒരുങ്ങുന്നു. വയനാട് നിന്നും കോഴിക്കോടേക്കുള്ള തുരങ്ക പാതയുടെ നിർമാണം ആരംഭിച്ചു.
സംസ്ഥാനത്ത് പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ നവീകരിച്ചു. കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ ഔൺലൈൻ ബുക്കിങ്ങിലൂടെ 32 കോടിയലധികം വരുമാനം ലഭിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനായി. ബിഎം ബിസി നിലവാരത്തിൽ 2.5 കോടി രൂപ വിനിയോഗിച്ചാണ് റോഡ് നിർമാണം. കോർണർ സ്റ്റോൺ സ്‌കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ, വൈസ് പ്രസിഡന്റ് ജി ബാബുരാജ്, അംഗങ്ങളായ ദിലീപ് ഉതിമൂട്, പ്രസന്ന കുമാരി, ജെ രഞ്ജിത്, വാർഡംഗം സാബു പി എബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം ബെന്നി പുത്തൻപറമ്പിൽ, പിഡബ്യൂഡി റോഡ്‌സ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പുന്നൂസ്, റാന്നി അസിസ്റ്റൻ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ റോമി ജെ ചിങ്ങംപറമ്പിൽ, കോർണർ സ്റ്റോൺ മാനേജർ റോയി ചാക്കോ, പ്രിൻസിപ്പൽ പ്രൊഫ. ജോയ്‌സ് ചാക്കോ, രാഷ്ട്രീയ പാർട്ടി പ്രതിനിധി ജിതിൻ രാജ്, ത്രിതല പഞ്ചായത്തംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


