അടൂർ :- സ്വകാര്യ സ്‌കൂളിൽ റിസപ്ഷനിസ്റ്റായിരുന്ന യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഇതേ സ്‌കൂളിലെ പിആർഓ ആയ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അറസ്റ്റിൽ. ഏഴാം മൈലിലെ സ്വകാര്യ സിബിഎസ്ഇ സ്‌കൂൾ ജീവനക്കാരിയായ ശൂരനാട് സ്വദേശിനയുടെ മരണവുമായി ബന്ധപ്പെട്ട് പോരുവഴി മയ്യത്തുംകര അതിർത്തിയിൽ വീട്ടിൽ സുഹൈൽ അൻസാരിയെ (33) ഇന്ന് പുലർച്ചെ മൂന്നിന് വീട്ടിൽ നിന്നും ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതി എഴുതിയെന്ന് കരുതുന്ന മൂന്ന് ആത്മഹത്യാ കുറിപ്പുകളിൽ ഒന്നിൽ സുഹൈലിനെതിരേ ഗുരുതര പരാമർശം ഉണ്ടായിരുന്നു. 14 ന് പുലർച്ചെയാണ് പാണ്ടിമലപ്പുറം പറമലയിലുള്ള വീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ശരീരത്ത് മർദനമേറ്റ പാടുകളും ഉണ്ടായിരുന്നു. തലേന്ന് രാത്രി ഭർത്താവും യുവതുമായി വഴക്കുണ്ടായിരുന്നതായി പറയപ്പെടുന്നു.
വഴക്കുണ്ടായ ശേഷം യുവതിയുടെ ഫോണും എടുത്ത് ഭർത്താവ് ആംബുലൻസുമായി പമ്പയ്ക്ക് ഓട്ടം പോയിരുന്നു. സംഭവ ദിവസം ഇൻക്വസ്റ്റ് തയാറാക്കിയ പോലീസിന് ആത്മഹത്യാക്കുറിപ്പുകൾ ലഭിച്ചിരുന്നില്ല. പിന്നീട് യുവതിയുടെ വീട്ടുകാർ വീടിനുള്ളിൽ നടത്തിയ തെരച്ചിലിലാണ് ഡയറിക്കുള്ളിൽ നിന്ന് ആത്മഹത്യാക്കുറിപ്പുകൾ കണ്ടെത്തിയത്. ഇത് പോലീസിന് കൈമാറി. അതിലൊന്നിൽ സുഹൈൽ പിന്തുടർന്ന് ശല്യം ചെയ്യുന്നുവെന്ന് എഴുതിയിരുന്നു. ആത്മഹത്യാക്കുറിപ്പുകൾ ശാസ്ത്രീയ പരിശോധന നടത്തിയ ശേഷമാണ് അറസ്റ്റ് എന്നാണ് പോലീസ് പറഞ്ഞത്.
What do you feel about this post?
Like
Love
Happy
Haha
Sad

