എന്റെ മകളെ അപായപ്പെടുത്തിയതാണ് ; കൂടുതൽ കാര്യങ്ങൾ 19-ന് വെളിപ്പെടുത്തും

Crime Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – മുക്കൂട്ടുതറയിൽ നിന്ന് കാണാതായ ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഏപ്രിൽ 19-ന് വെളിപ്പെടുത്തുമെന്ന് പിതാവ് ജെയിംസ് ജോസഫ് പറഞ്ഞു . ഈ കേസിൽ ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ ഒട്ടേറെ അപാകതകൾ സംഭവിച്ചെന്നും മകൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇത്രയും നാളുകൾക്കിടയിൽ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മകളെ അപായപ്പെടുത്തിയതാണെന്നാണ് പിതാവ് ജെയിംസ് ജോസഫ് ആവർത്തിച്ച് പറയുന്നത്. ഏജൻസികളുടെ അന്വേഷണത്തിന് സമാന്തരമായി തങ്ങളും അന്വേഷണം നടത്തിയിരുന്നു. അതിലെ വിവരങ്ങളാണ് സത്യവാങ്മൂലമായി കോടതിയിൽ സമർപ്പിച്ചത്. മകൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെടുമായിരുന്നു. മകളുടെ തിരോധാനം വർഗീയമായിപോലും ഉപയോഗിക്കാൻ ശ്രമം നടന്നു. ലൗജിഹാദ് അടക്കമുള്ള വിഷയങ്ങൾക്ക് ഈ തിരോധാനവുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏപ്രിൽ 19-ന് കേസിൽ അന്വേഷണം നടത്തിയ സി.ബി.ഐ. ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുശേഷം ജെസ്‌ന കേസുമായി ബന്ധപ്പെട്ട കൂടുതൽവിവരങ്ങൾ കോടതിയിലോ മാധ്യമങ്ങൾക്ക് മുന്നിലോ പിതാവ് വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞദിവസം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജിയിലും ജെയിംസ് ജോസഫ് സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ജെസ്ന ജീവിച്ചിരിപ്പില്ലെന്നും സംശയമുള്ള അജ്ഞാത സുഹൃത്തിനെക്കുറിച്ച് വിവരം നൽകിയിട്ടും ആ ദിശയിൽ അന്വേഷണം നടത്താൻ സി.ബി.ഐ. തയ്യാറായില്ലെന്നുമായിരുന്നു ഹർജിയിലെ പ്രധാന ആരോപണം.

സി.ബി.ഐ. പിന്നിലുണ്ടെന്ന് ബോധ്യമായാൽ അജ്ഞാത സുഹൃത്ത് തെളിവുകൾ നശിപ്പിക്കും. രഹസ്യസ്വഭാവത്തോടെ സി.ബി.ഐ. അന്വേഷിക്കാൻ തയ്യാറായാൽ അയാളുടെ ഫോട്ടോ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ നൽകാൻ തയ്യാറാണ്. ജെസ്ന രഹസ്യമായി വ്യാഴാഴ്ചകളിൽ പ്രാർഥനയ്ക്ക് പോയിരുന്ന സ്ഥലം കണ്ടെത്തിയതായും ജെയിംസ് ജോസഫ് അവകാശപ്പെട്ടു. ജെസ്നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്. സി.ബി.ഐ. ആകെ സംശയിച്ചത് ജെസ്നയുടെ സഹപാഠിയെയാണ്. കാണാതായതിന്റെ തലേദിവസം ജെസ്നയ്ക്ക് ഉണ്ടായ അമിത രക്തസ്രാവത്തിന്റെ കാരണം കണ്ടെത്താനും സി.ബി.ഐ. ശ്രമിച്ചില്ല. ആർത്തവം മൂലമാണോ ഗർഭകാലത്ത് ഉണ്ടാകാനിടയുള്ള അമിത രക്തസ്രാവമാണോ ഇതെന്ന് കണ്ടെത്താൻ ശ്രമിച്ചില്ല. ജസ്നയുടെ മുറിയിൽനിന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ശേഖരിച്ച രക്തംപുരണ്ട വസ്ത്രത്തെക്കുറിച്ചും സി. ബി.ഐ. അന്വേഷണം നടത്തിയില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *