11. 02. 2026 വേദപഠനം ; മാരാമൺ കൺവൻഷൻ പന്തലിൽ സത്യാനുതാപത്തിലേക്ക് നയിക്കുന്ന ഭാഗ്യാനുഭവങ്ങൾ പ്രൊഫ. ഡോ. ക്ലിയോഫസ് ജെ. ലാറു

Kerala Pathanamthitta

വി. മത്തായി എഴുതിയ സുവിശേഷം അഞ്ചാം അദ്ധ്യായത്തിന്റെ ആദ്യവരികളിൽ വിവരിക്കുന്ന ഭാഗ്യവർണ്ണനകൾ ഒരു വ്യക്തിക്ക് വേണ്ടി മാത്രം ഉള്ളതല്ല മറിച്ച് ഒരു ദൈവരാജ്യസമൂഹത്തെ ഉൾകൊണ്ടുകൊണ്ടാണ് വിവരിക്കുന്നത്. അതുകൊണ്ടുതന്നെ ക്രൈസ്തവ സമൂഹം എന്ന നിലയിൽ നാം കനിവിന്റെയും കരുണയുടെയും ആർദ്രതയുടെയും ശുശ്രൂഷക്കായി വിളിക്കപ്പെട്ടിരിക്കുന്നു. ഇത് ദൈവീകസാന്നിദ്ധ്യത്തിന്റെ അടയാളപ്പെടുത്തലാണ് അതോടൊപ്പം തന്നെ ദൈവരാജ്യത്തിന്റെ മൂല്യങ്ങളെ ലോകത്തിലേക്ക് സന്നിവേശിപ്പിക്കുന്നവയാണ് ഈ ഭാഗ്യവർണ്ണനകൾ. വ്യത്യസ്തതകൾക്ക് അധീനമായി എല്ലാ മനുഷ്യരും ഈ നൈതിക മൂല്യത്തിന്റെ പങ്കാളികളാണ്. എന്നാൽ നവസൃഷ്ടിയുടെ പൂർത്തീകരണം ഈ ഭൂമിയിൽ ക്രിസ്തുസ്ഥാപിക്കും വരെ ഈ മൂല്യങ്ങളിൽ നാം നിലനിൽക്കണം. ഇവിടെ ദൈവരാജ്യം ഒരു തത്വം മാത്രമാണെന്ന ആശയത്തെ തീർത്തും നിരാകരിക്കുന്നവയാണ് ഭാഗ്യവർണ്ണനകൾ. അത് ദൈവരാജ്യം ഈ ഭൂമിയിൽ പ്രാവർത്തികമാകേണ്ട ശൈലിയെ വിശുദ്ധീകരിക്കുന്നു.
ഭാഗ്യവർണ്ണനയിൽ വിശദീകരിക്കുന്ന സൗമ്യത ദൈവവഴിയാണെന്ന് നാം തിരിച്ചറിയണം. ഈ തിരിച്ചറിവോടെ ദൈവവഴിയിൽ നടക്കുവാൻ നാം തയ്യാറാകേണം. ഇത് ദൈവമൊരുക്കുന്ന ഭാവിയാണെന്നും ദൈവം നമ്മെ എന്തിന് വിളിച്ചു എന്ന ദൗത്യബോധത്തിന്റെ പ്രതിഫലനം കൂടെയാണ്. ഇന്ന് ഞാൻ ആയിരിക്കുന്ന ഈ സ്ഥിതി ഞാൻ കാരണമല്ല, മറിച്ച് ദൈവകൃപയാൽ ആണെന്ന് നാം മനസിലാക്കണം. നമ്മുടെ ദൈവം സ്‌നേഹിക്കും, കരുതും, അവൻ നമ്മുടെ ഭാവി മധുരതരമാക്കും. അത് ദൈവസ്‌നേഹത്തിന്റെ അടയാളപ്പെടുത്തലാണ്.

ആത്മാവിൽ ദരിദ്രരായവർ, ഭാഗ്യവാന്മാർ എന്ന് മൂന്നാം വാക്യത്തിൽ രേഖപ്പെടുത്തുന്നു. ദരിദ്രർ എന്ന വാക്ക് ലൂക്കോസ് ഉപയോഗിക്കുന്നത് ആത്മീയമായ പാപ്പരത്തത്തെ സൂചിപ്പിക്കുന്നു. അവിടെ ഒരു സാമ്പത്തികമായ കാഴ്ചപ്പാടിലൂടെയാണ് അവതരിപ്പിക്കുന്നത്. അതിനർത്ഥം ജീവിതത്തിൽ ഭൗതികമായി എന്തെല്ലാം ഉണ്ടായാലും ആത്മീകമായി നാം ദരിദ്രരാണ് എന്നാണ്. ദൈവവചനത്തിന്റെ കാലികമായ പഠനമില്ലായ്മ നമ്മുടെ ജീവിതത്തെ ആത്മീയമായ ദാരിദ്രത്തിലേക്ക് നയിക്കുന്നു. അതുകൊണ്ട് ദൈവവചനത്തിലും ദൈവിക കൃപയിലും നാം ആഴമായി ആശ്രയിക്കുമ്പോൾ മാത്രമേ ദൈവീക ന്യായവിധിയിൽ നിന്നും നാം രക്ഷപ്പെടുകയുള്ളു. എന്നാൽ മത്തായി സുവിശേഷകൻ ആത്മീകത എന്ന വാക്കിന് പുതിയ മാനം നൽകുന്നു. ഇവിടെ ദരിദ്രരായ മനുഷ്യൻ ധന്യർ എന്ന് സൂചിപ്പിക്കുന്നു. അതിന് കാരണം ദാരിദ്ര്യം അവരെ ദൈവസാന്നിധ്യത്തിൽ നിലനിൽക്കുവാൻ പ്രചോദിപ്പിക്കുന്നു. എന്തെന്നാൽ അവരുടെ ആവശ്യങ്ങളിൽ അവർ ദൈവത്തിന്റെ ആശ്രീതരാണ്. ദൈവസന്നിധിയിൽ അവരെ നിന്നു പിന്തിരിപ്പിക്കുന്ന യാതൊന്നും അവരുടെ ജീവിതത്തിൽ സൃഷ്ടിക്കപ്പെടുന്നില്ല.

ഇവിടെ നാലാം വാക്യത്തിൽ ദുഃഖിക്കുന്നവർ എന്ന പദം ഉപയോഗിച്ചിരിക്കുന്നു. മൂല്യഭാഷയിൽ ദുഃഖിക്കുന്നവർ എന്നതിന് ഉപയോഗിച്ചിരിക്കുന്നത് ഒരു ശക്തമായ ക്രിയാപദമാണ്. സ്‌നേഹിക്കപ്പെട്ടതിന്റെ നഷ്ടബോധത്തെ സൂചിപ്പിക്കുന്ന വിലാപമാണ് ദുഃഖം എന്ന് രേഖപ്പെടുത്തുന്നത്. ഹൃദയത്തിന്റെ ദുഃഖവും അപ്രതിരോധമായ കണ്ണുനീരും, വേദന ഉളവാക്കുന്ന നഷ്ടബോധമായി ഇതിനെ ചിത്രീകരിക്കുന്നു. ചിലപ്പോഴൊക്കെ വളരെ ആക്ഷരികമായി ഇതിനെ സ്വീകരിക്കാം. എന്താൽ അതിൽ നിന്നപ്പുറമായി ഒരു ഹൃദയവൃഥയുടെ പ്രതിഫലനമാണ് ഈ ദുഃഖം. ഇന്ന് നാം ഈ ദുഃഖത്തെ കാണുന്നില്ല. അതിനുദാഹരണമാണ് ഗാസായിലെ കരയുന്ന ജീവനുകൾ. ഭാഗ്യവർണ്ണനകളുടെ മർമ്മം എന്നാൽ; എനിക്ക് കരുതുന്ന ഒരു ദൈവം ഉണ്ടെന്നാണ്. അപരന്റെ വേദനയും ആവശ്യങ്ങളും തിരിച്ചറിയുന്നതാണ് ഭാഗ്യാവസ്ഥ. സ്വന്തം അയോഗ്യതകളെക്കുറിച്ചും പാപബോധത്തെക്കുറിച്ചും അറിവുള്ളവരാണ് ഭാഗ്യവാന്മാർ. ലോകപ്രകാരമുള്ള വേർപ്പാടിന്റെ ദുഃഖത്തിലുപരി അനുതാപത്തിന്റെ സങ്കടമാണ് ഇവിടെ പരാമർശിക്കുന്നത്. ഇത് മറ്റൊരുതരത്തിൽ ഭാഷാന്തരം ചെയ്യുമ്പോൾ കുമ്പസാരം, മനോതാപം, മനസ്ഥാപം എന്നൊക്കെ അർത്ഥതലങ്ങൾ വെളിവാക്കുന്നു.

ക്രൈസ്തവ ജീവിതം ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും ജീവിതശൈലിയല്ല. മറിച്ച് അനേകർക്കായി കണ്ണുനീർ പൊഴിക്കുവാനുള്ള വിളിയാണെന്ന് നാം മനസ്സിലാക്കണം. ലോകത്തിന്റെ പാപത്തെക്കുറിച്ചും അപരന്റെ വേദനയെയും കുറിച്ച് ബോദ്ധ്യം ഉണ്ടാകുന്നതാണ് ക്രിസ്തീയ ജീവിതം.
അഞ്ചാം വാക്യത്തിൽ സൗമ്യത എന്ന അലങ്കാരത്തെപ്പറ്റി പരാമർശിക്കുന്നു. സൗമ്യതയുള്ളവർ വിനയാനുതരായ മനുഷ്യരാണ്. അവർ ആത്മനിയന്ത്രണമുള്ള സ്വന്തം കാഴ്ചപ്പാടുള്ള ദൈവത്തെക്കുറിച്ചും മനുഷ്യരെ ക്കുറിച്ചും ബോധ്യമുള്ളവരാണ്. ഭയമല്ല സൗമ്യത, മറിച്ച് ഞാൻ ദൈവത്താൽ പരുവപ്പെട്ടവനാണ് എന്ന തിരിച്ചറിവാണ്. എന്റെ ആത്മാവിനെ ദൈവം പക്വതപ്പെടുത്തിയതിനാൽ ഞാൻ സൗമ്യനായി തീരുന്നു. ബലഹീനതയല്ല സൗമ്യതയാണ് നമ്മുടെ ജീവിതത്തിൽ വേണ്ടത്. സ്വയപര്യാപ്തതയുടെ വിപരീതമാണ് സൗമ്യത. വചനപ്രകാരം സൗമ്യതയുള്ളവരാണ് ലോകത്തെ അവകാശമാക്കുന്നത്. ഇത് ഒരു യുഗാന്ത്യ ദർശനത്തിന്റെ സൂചനയാണ്. പുതിയ ആകാശവും പുതിയ ഭൂമിയും അവകാശമാക്കുന്നതാണ് സൗമ്യത.

ആറാം വാക്യത്തിൽ നീതിക്കായി ദാഹിക്കുന്നവരെപ്പറ്റി പറയുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവത്തെ അന്വേഷിക്കുന്നവരാണവർ. അവരിലൂടെ ദൈവീക നീതി ഈ ഭൂമിയിൽ നിറവേറുന്നു. ക്രിസ്തീയ ജീവിതത്തിന്റെയും സകല ഭാഗ്യവർണ്ണനകളുടെയും പൂർത്തീകരണമാണ് ഇവിടെ ദൈവത്തെ നോക്കുവാനുള്ള ആഹ്വാനമാണ് ഭാഗ്യവർണ്ണനകൾ.

ഏഴാം വാക്യത്തിൽ കരുണയുള്ളവരെപ്പറ്റി പരാമർശിക്കുന്നു. ഇവിടെ നമ്മുടെ ദൈവവുമായുള്ള ബന്ധം മറ്റുള്ളവരുമായുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. ദൈവത്തിൽ നിന്നും കരുണ ലഭിക്കുന്നു എന്നതിന്റെ തെളിവാണ് നാം അപരനോട് കരുണ കാട്ടുന്നത്. യേശുവിനോട് അനുരൂപരാകുന്നതാണ് കരുണയുള്ളവരാകുന്നത്. ഹൃദയശുദ്ധിയുള്ളവരെപ്പറ്റി എട്ടാം വാക്യത്തിൽ വിവരിക്കുന്നു. ദൈവത്തോടുള്ള ബന്ധത്തോടും അവനോടുള്ള വിധേയത്വത്തോടും ജീവിക്കുവാനുള്ള ആഹ്വാനമാണിത്. കലർപ്പില്ലാത്ത വിശ്വാസം ദൈവത്തിലുള്ള ലക്ഷ്യബോധത്തെ സാധൂകരിക്കുന്നു.
ഒമ്പതാം വാക്യത്തിൽ സമാധാനം സൃഷ്ടിക്കപ്പെടുവാനായി നാം വിളിക്കപ്പെടുന്നു എന്ന് ഓർമ്മിക്കുകയാണ്. സമാധാനമെന്നാൽ അനുരഞ്ജനത്തിന്റെ ആഹ്വാനമാണ്. അത് ക്രിസ്തുവിൽ നിറവേറുന്നു. പത്താം വാക്യത്തിൽ അനുരഞ്ജനത്തിൽ നിന്നും ഉപദ്രവമെന്ന വിഭന്ന പ്രയോഗത്തിലേക്ക് ക്രിസ്തു പ്രവേശിക്കുന്നു. അനുരഞ്ജനത്തിന്റെ എല്ലാ പരിശ്രമങ്ങളും വിജയിക്കണമെന്നില്ല. എന്നാൽ അതിനോട് വിഭിന്നാഭിപ്രായം ഉള്ളവർ ഉപദ്രവം ഉണ്ടാക്കുന്നവരാകാം. എന്നാൽ നാം പിന്തുടരുന്ന കർത്താവിനെ നിരാകരിച്ച് 2 വ്യത്യസ്തമൂല്യങ്ങളെ പിന്തുടരുന്നവർ ഉപദ്രവം സൃഷ്ടിക്കുന്നു. പീഢനത്തിനു മദ്ധ്യത്തിലെ പ്രതികരണം എപ്രകാരം ആകണമെന്ന് ഈ വേദഭാഗം സൂചിപ്പിക്കുന്നു. ആ പരിതസ്ഥിതിയിൽ കർത്താവിൽ സന്തോഷിക്കുന്നതാണ് ക്രിസ്തീയ ധർമ്മം.

പ്രിയമുള്ളവരെ ഭാഗ്യവർണ്ണനകൾ ക്രിസ്തുഭാവത്തെ സ്വീകരിക്കുവാനുള്ള ആഹ്വാനമാണ് ദൈവസാന്നിധ്യത്തെ അടയാളപ്പെടുത്തുവാനുള്ള ദൈവരാജ്യമൂല്യങ്ങളെയാണ് ക്രിസ്തു പർവ്വതപ്രസംഗത്തിൽ നിർവ്വഹിക്കുന്നത്. അതിനാൽ ദൈവരാജ്യസമൂഹം എന്ന നിലയിൽ നാം ധാർമ്മികമായ നൈതികമായും ഔന്നത്യത്തിലേക്ക് ഉയരേണ്ടതാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *