പത്തനംതിട്ട – അയിരൂർ -ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് മുന്നോടിയായി ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് പമ്പ കോൺഫറൻസ് ഹാളിൽ അവലോകനയോഗം ചേർന്നു. ഫെബ്രുവരി 15 മുതൽ 22 വരെ നടക്കുന്ന 114- മത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ സുഗമമായ നടത്തിപ്പിന് വകുപ്പുകളുടെ ഏകോപനം ഉണ്ടാകണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചു. പൊലീസിന്റെ നേതൃത്വത്തിൽ ക്രമസമാധാനവും സുരക്ഷയും ഉറപ്പുവരുത്തും. പരിഷത്ത് നഗറിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. ഘോഷയാത്ര, പാർക്കിംഗ്, ഗതാഗത നിയന്ത്രണത്തിന് ക്രമീകരണം ഏർപ്പെടുത്തും. ചെറുകോൽ പഞ്ചായത്ത് പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കും. മൂഴിയാർ കെ.എസ്.ഇ.ബി ജനറേഷൻ സർക്കിൾ ചെറുകോൽപ്പുഴ പമ്പാനദിയിലെ ജലവിതാനം ക്രമീകരിക്കും.പരിഷത്ത് നഗറിലും അയിരൂർ, ചെറുകോൽപ്പുഴ പ്രദേശങ്ങളിലും വൈദ്യുതി വിതരണം കെ.എസ്.ഇ.ബി ഉറപ്പാക്കും. ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ തെരുവ് വിളക്കിന്റെ അറ്റകുറ്റപ്പണി നടത്തും. ഇറിഗേഷന്റെ നേതൃത്വത്തിൽ നദിയിലെ ചെളിയും പുറ്റും നീക്കം ചെയ്ത് കരയോട് ചേരുന്ന ഭാഗത്തെ മണൽപ്പുറം ലെവൽ ചെയ്യും. പമ്പാനദിയുടെ നീർച്ചാലിനു കുറുകെ താൽക്കാലിക പാലം നിർമിക്കും. പരിഷത്ത് നഗറിലേക്ക് പ്രവേശിക്കുന്ന വഴി സഞ്ചാരയോഗ്യമാക്കും.
ആംബുലൻസ് സൗകര്യത്തോടെയുള്ള മെഡിക്കൽ ടീമിന്റെ സേവനം, മരുന്നിന്റെ ലഭ്യത എന്നിവ ആരോഗ്യ വകുപ്പ് ഉറപ്പുവരുത്തും. കോഴഞ്ചേരി ജില്ലാ ആശുപത്രി, കാഞ്ഞീറ്റുകര പി.എച്ച്.സി എന്നിവിടങ്ങളിൽ മെഡിക്കൽ സൗകര്യം ഉറപ്പാക്കും. പരിഷത്ത് നഗറിൽ അണുനശീകരണവും ശുചീകരണ പ്രവർത്തനവും നടത്തും. ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സാ സൗകര്യം ആയുർവേദ വകുപ്പ് ഉറപ്പാക്കും.
പരിഷത്ത് നഗറിലേക്കുള്ള റോഡുകളുടെ വശങ്ങളിലെ കാട് പൊതുമരാമത്ത് വകുപ്പ് വെട്ടിത്തെളിക്കും. പേരുച്ചാൽ പാലത്തിന്റെ സുരക്ഷ ബ്രിഡ്ജസ് വിഭാഗം പരിശോധിച്ച് ഉറപ്പുവരുത്തും.
ഫെബ്രുവരി 15 മുതൽ പരിഷത്ത് നഗറിൽ ഫയർഫോഴ്സ് വാഹനം ക്രമീകരിക്കും. സ്‌ക്യൂബാ ടീമിന്റെ സേവനം ഉറപ്പാക്കും. പമ്പ ഇറിഗേഷൻ പ്രോജക്ട് മണിയാർ ഡാമിൽ നിന്നുമുള്ള ജലനിർഗ്ഗമനം ക്രമീകരിക്കും. പരിഷത്ത് നഗറിലും പരിസരത്തും വാട്ടർ അതോറിറ്റി ശുദ്ധജലം ലഭ്യമാക്കും. പത്തനംതിട്ട, കടമ്മനിട്ട, നാരങ്ങാനം, ചെങ്ങന്നൂർ, മാവേലിക്കര, തിരുവല്ല, പന്തളം, അടൂർ, മല്ലപ്പള്ളി, എഴുമറ്റൂർ, പെരുമ്പെട്ടി, റാന്നി എന്നിവിടങ്ങളിൽ നിന്നും ചെറുകോൽപ്പുഴയിലേക്കും കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവ്വീസ് ഏർപെടുത്തും. ശുചീകരണ പ്രവർത്തനം, പ്ലാസ്റ്റിക് മാലിന്യ ശേഖരണം, ബയോടൊയ്‌ലെറ്റ്, ആവശ്യമായ സ്ഥലങ്ങളിൽവേസ്റ്റ് ബിന്നുകൾ എന്നിവ ചെറുകോൽ, അയിരൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്രമീകരിക്കും. ഹരിതകർമ്മസേനയുടെ സേവനം ഉറപ്പാക്കും. ഹരിതചട്ടം പാലിക്കും. എക്‌സൈസ് വകുപ്പ് പട്രോളിംഗ് ശക്തമാക്കും. വ്യാജമദ്യ വില്പന, നിരോധിത ലഹരിവസ്തുക്കളുടെ വില്പന എന്നിവ തടയുന്നതിനുള്ള കർശന നടപടി സ്വീകരിക്കും. പരിഷത്തിനോടനുബന്ധിച്ച് പമ്പ നദിയിൽ ഉണ്ടാകുന്ന മാലിന്യംനിർമാർജ്ജനം ചെയ്യുന്നതിനുളള നടപടി സ്വീകരിക്കുന്നുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉറപ്പുവരുത്തും. പരിഷത്തിന് മുൻപും ശേഷവും പമ്പാനദിയിലെ ജല പരിശോധന നടത്തും.
പരിഷത്തിന്റെ സുഗമമായ നടത്തിപ്പിനും വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് തിരുവല്ല സബ്കലക്ടറെ കോ ഓഡിനേറ്റർ ആയും റാന്നി തഹസിൽദാരെ അസിസ്റ്റന്റ് കോ ഓഡിനേറ്റർ ആയും ചുമതലപ്പെടുത്തി.

തിരുവല്ല സബ്കലക്ടർ സുമിത് എസ് ഠാക്കൂർ, ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ആർ രാജലക്ഷ്മി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ഹിന്ദുമത പരിഷത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.


