പത്തനംതിട്ട – മഞ്ഞിനിക്കര പെരുന്നാളിന് വിപുലമായ ക്രമീകരണം ഒരുക്കുമെന്ന് ജില്ലാ കലക്ടർ എസ്.പ്രേം കൃഷ്ണൻ. മഞ്ഞനിക്കര പെരുന്നാൾ നടത്തിപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട കലക്ടറേറ്റ് പമ്പ കോൺഫറൻസ് ഹാളിൽ വിവിധ വകുപ്പുകളുമായി ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടർ. ഫെബ്രുവരി 8 മുതൽ 14 വരെയാണ് പെരുന്നാൾ.
മഞ്ഞിനിക്കരയിൽ പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സുരക്ഷാസംവിധാനം ഒരുക്കും. പോലീസ് കൺട്രോൾ റൂം പ്രവർത്തിക്കും. മഞ്ഞിനിക്കര ദയറയ്ക്ക് സമീപം അഗ്‌നിസുരക്ഷാ യൂണിറ്റുണ്ടാകും. ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രം, മഞ്ഞിനിക്കര സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും. പെരുന്നാൾ ദിവസങ്ങളിൽ മഞ്ഞനിക്കര, ഓമല്ലൂർ, ചെന്നീർക്കര എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം ഉറപ്പാക്കും.
കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. താൽക്കാലിക ബസ് സ്റ്റേഷൻ ക്രമീകരിക്കും. എക്‌സൈസ് പട്രോളിങ് ശക്തമാക്കും. ശുചീകരണ പ്രവർത്തനങ്ങൾക്ക് ഹരിത പ്രോട്ടോകോൾ പാലിക്കും. പ്ലാസ്റ്റിക് നിരോധന ബോർഡ്, വേസ്റ്റ് ബിൻ എന്നിവ സ്ഥാപിക്കും. ഭക്ഷണശാലയിൽ ശുചിത്വം ഉറപ്പാക്കും.
വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപ്പിക്കാൻ അടൂർ ആർഡിഒയെ കോ ഓഡിനേറ്ററായും കോഴഞ്ചേരി തഹസിൽദാരെ അസിസ്റ്റന്റ് കോ ഓഡിനേറ്ററായും ചുമതലപ്പെടുത്തി.
ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ ആർ രാജലക്ഷ്മി, പത്തനംതിട്ട ഡിവൈഎസ്പി എസ് ന്യൂമാൻ, മഞ്ഞിനിക്കര പെരുന്നാൾ കൺവീനർ ഫാ. ജേക്കബ് തോമസ്, മഞ്ഞിനിക്കര ദയറ കമ്മിറ്റി മെമ്പർ ഫാ. ബെന്നി മാത്യു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


