മകരവിളക്ക് തീർത്ഥാടനം : വ്യൂ പോയിന്റുകളിൽ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടർ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ശബരിമല മകരജ്യോതി ദർശനത്തിനായുള്ള വ്യൂ പോയിന്റുകളിൽ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ. മകരവിളക്ക്, തിരുവാഭരണ ഘോഷയാത്ര മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അംഗീകൃതമല്ലാത്ത വ്യൂ പോയിന്റുകളിൽ തീർഥാടകർക്ക് പ്രവേശനം അനുവദിക്കില്ല. വ്യൂ പോയിന്റുകളിലും അപകട സാധ്യതയുളള വഴികളിലും സുരക്ഷാവേലി സ്ഥാപിക്കും. അപകടകരമായി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റും.

തിരുവാഭരണ ഘോഷയാത്രയ്ക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തും. പന്തളം ക്ഷേത്രത്തിൽ പോലീസിന്റെ പ്രത്യേക നിരീക്ഷണം ഉണ്ടാകും. തിരുവാഭരണം കടന്നുപോകുന്ന സ്ഥലങ്ങളിൽ വഴിവിളക്ക്, കുടിവെള്ളം, ബയോ ടോയ്‌ലറ്റ് തുടങ്ങിയവ ഉറപ്പാക്കും. എക്‌സൈസ് പരിശോധ ശക്തമാക്കും. മഫ്തിയിലും വനിതാ പോലീസ് ഉദ്യോഗസ്ഥരെ അടക്കം വിന്യസിക്കും. വലിയാനവട്ടത്ത് നിന്ന് സന്നിധാനത്തേക്ക് തിരുവാഭരണ വാഹകർക്ക് തടസം കൂടാതെ കടന്നുപോകുന്നതിന് ക്രമീകരണമുണ്ടാകും. പോലീസും മോട്ടോർവാഹന വകുപ്പും സംയോജിതമായി ഗതാഗതം നിയന്ത്രിക്കും. വ്യൂ പോയിന്റുകളിൽ ദേവസ്വം ബോർഡ് അനൗൺസ്മെന്റ് നടത്തി നിർദ്ദേശങ്ങൾ നൽകും.

വ്യൂ പോയിന്റുകളിലും ഘോഷയാത്ര സംഘത്തോടൊപ്പവും ആംബുലൻസ് അടക്കം മെഡിക്കൽ ടീം ഉണ്ടാകും. തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുന്ന ജനുവരി 12 ന് കുളനട ആരോഗ്യകേന്ദ്രം വൈകിട്ട് ആറു വരെയും തിരുവാഭരണം കടന്നുപോകുന്ന ദിവസങ്ങളിൽ ചെറുകോൽ, കാഞ്ഞീറ്റുകര, വടശ്ശേരിക്കര, റാന്നി പെരുനാട് ആരോഗ്യകേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കും. അടിയന്തര ഘട്ടങ്ങൾ നേരിടുന്നതിനായി സ്വകാര്യ ആശുപത്രികളും സജ്ജമാക്കും. മകരവിളക്ക് ദിവസം ജില്ലാ മെഡിക്കൽ ഓഫീസിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കും. തിരുവാഭരണ പാതയിൽ എലിഫന്റ് സ്‌ക്വാഡുകളേയും റാപ്പിഡ് റെഡ് സ്പോൺസ് ടീമിനേയും വനം വകുപ്പ് നിയോഗിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇടത്താവളങ്ങളിലെ കടവുകൾ വൃത്തിയാക്കി അപായസൂചന ബോർഡുകൾ സ്ഥാപിക്കും. ലൈഫ് ഗാർഡിനെ വിന്യസിക്കും.

മകരവിളക്കിനോടനുബന്ധിച്ച് നിലയ്ക്കൽ – പമ്പ റൂട്ടിൽ കെഎസ്ആർടിസി അധിക സർവീസ് നടത്തും. തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുന്ന ദിവസം പന്തളത്തേക്കും അധിക സർവീസുകളുണ്ടാകും.മകരദർശനം കഴിഞ്ഞ് തിരികെ ഇറങ്ങുന്ന തീർഥാടകർക്കായി അധിക ദീർഘദൂര സർവീസും ക്രമീകരിക്കും. ഫയർഫോഴ്സ് സ്‌കൂബാ ടീം സജ്ജമാക്കും. മോട്ടർവാഹന വകുപ്പിന്റെ നേതൃത്വത്തിൽ അനധികൃത പാർക്കിങ് തടയും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ജനുവരി ഏഴിന് വ്യു പോയിന്റുകളിൽ സംയുക്ത സുരക്ഷ യാത്ര സംഘടിപ്പിക്കുമെന്‌നും ജില്ലാ കലക്ടർ പറഞ്ഞു. ശബരിമല എഡിഎം ഡോ. അരുൺ എസ് നായർ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ആർ രാജലക്ഷ്മി, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *