അടൂർ – പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. കൊല്ലം പോരുവഴി ശാസ്താ നട സ്വദേശിയായ വലിയത്ത് പുത്തൻവീട്ടിൽ പ്രസാദിനെ (53) യാണ് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് മഞ്ജിത്ത്. റ്റി. 8 വർഷവും 3 മാസവും കഠിന തടവിനും 81,000 രൂപ പിഴയും വിധിച്ചത്. 2023 ജൂലൈ 18 –ാം തീയതി അതിജീവിതയുടെ വീട്ടിൽ പൂജയ്ക്കായി എത്തിയ പ്രതി അതിജീവിതയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് അടൂർ പോലീസ് സബ് ഇൻസ്പെക്ടർ ബാലസുബ്രഹ്മണ്യൻ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ അടൂർ പോലീസ് സബ് ഇൻസ്പെക്ടർ ധന്യ. കെ.എസ് ആണ് അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി ഹാജരായി കോടതി നടപടികൾ കോർട്ട് ലെയ്സൺ ഓഫീസർ ദീപാകുമാരി ഏകോപിപ്പിച്ചു. പിഴത്തുക അടയ്ക്കുന്ന പക്ഷം ആയത് അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.


