സന്നിധാനത്ത് എത്തുന്ന അയ്യപ്പന്മാർക്ക് പരാതിയുണ്ടോ ? പരിഹാരത്തിന് ഡിഎൽഎസ്എയുണ്ട്

Pathanamthitta

സന്നിധാനം – ശബരിമല സന്നിധിയിലെത്തുന്ന അയ്യപ്പഭക്തർക്ക് ഏതെങ്കിലും വിധത്തിലുള്ള പരാതിയുണ്ടെങ്കിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ലീഗൽ എയ്ഡ് പോസ്റ്റിലെത്തി പരാതി നൽകാം. ഉദ്യോഗസ്ഥരിൽ നിന്നും ജീവനക്കാരിൽ നിന്നുമുള്ള മോശം പെരുമാറ്റം, വ്യാപാര സ്ഥാപനങ്ങൾ അമിത വില ഈടാക്കൽ, മോഷണം തുടങ്ങി ഏതു വിഷയത്തിലും അയ്യപ്പഭക്തർക്ക് കൗണ്ടറിൽ പരാതി നൽകാം.

ഈ വർഷം പരാതികൾ കുറവാണെന്ന് എയ്ഡ് പോസ്റ്റ് കോ-ഓഡിനേറ്റർ ടി. രാജേഷ് പറഞ്ഞു. പോലീസിനെക്കുറിച്ചുള്ള പരാതികൾ ഒന്നുപോലും ഇതുവരെ ഈ വർഷം ലഭിച്ചിട്ടില്ല. പരാതികൾ ലഭിച്ച ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ച് തുടർ നടപടി സ്വീകരിക്കും. ജീവനക്കാരുമായി ബന്ധപ്പെട്ട പരാതികൾ ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറി പരിഹാരം ഉറപ്പാക്കും. ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ച് നിരീക്ഷിക്കാൻ രഹസ്യപരിശോധന നടത്തുന്നുണ്ട്. കൂടാതെ വ്യാപാര സ്ഥാപനങ്ങളിലും നിരീക്ഷണമുണ്ടെന്നും രാജേഷ് പറഞ്ഞു. മദ്യത്തിന്റെയും പുകവലിയുടെയും ഉപയോഗം ശ്രദ്ധയിൽപ്പെട്ടാലും ഉടൻ പോലീസിന്റെ സഹായത്തോടെ നടപടി സ്വീകരിക്കും. സന്നിധാനത്തിന് പുറമേ പമ്പയിലും എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നു. കഴിഞ്ഞ എട്ട് വർഷമായി മണ്ഡലകാലത്ത് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നുണ്ട്. ഗൗരവസ്വഭാവമുള്ള പരാതികൾ ദേവസ്വം സ്‌പെഷ്യൽ കമ്മീഷണർക്ക് കൈമാറും.

പത്തനംതിട്ട ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിലാണ് ലീഗൽ എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നത്. വടക്കേനടയിൽ സന്നിധാനം പോലീസ് സ്‌റ്റേഷന്റെ സമീപമാണ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നത്. പരാതിയുമായി ബന്ധപ്പെട്ട് സൗജന്യ നിയമസഹായം ഡിഎൽഎസ്എ ലഭ്യമാക്കും. കേസ് നടത്തിപ്പിന് അഭിഭാഷകരുടെ സേവനവും ഉറപ്പാക്കുന്നുണ്ട്. താലൂക്ക്, ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ സേവനം ലഭ്യമാണ്. വനിതകൾക്ക് പൂർണമായും നാലു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള പുരുഷന്മാർക്കും സൗജന്യ നിയമസഹായം ലഭിക്കും.

കോടതിയിൽ നിലവുള്ള കേസുകളിൽ ഒത്തുതീർപ്പിനും അതിക്രമങ്ങൾ നേരിട്ടവർക്ക് നഷ്ടപരിഹാരത്തിനായും ലീഗൽ സർവീസസ് അതോറിറ്റിയെ സമീപിക്കാം. പരാതികൾക്കും സൗജന്യ നിയമസഹായത്തിനും ബന്ധപ്പെടുക – ഹെൽപ്പ് ലൈൻ നമ്പർ – 1516, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി 0468 2220141, 9745808095

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *