ആലപ്പുഴ – മാവേലിക്കരയിൽ അമ്മയെ മകൻ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം നാടിനെ ഞെട്ടിച്ചു. മാവേലിക്കര കല്ലുമല പുതുച്ചിറ സ്വദേശി കനകമ്മ സോമരാജൻ (69) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഏകമകനായ കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെയാണ് അമ്മയെ വിളിച്ചിട്ട് അനക്കമില്ലെന്നും പറഞ്ഞു കൃഷ്ണദാസ് നാട്ടിലെ പാർട്ടി പ്രവർത്തകരെയും മറ്റും വിളിച്ചുപറയുന്നത്. ഇതോടെ ഇവരെല്ലാം പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസെത്തിയപ്പോൾ വീടിനുള്ളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ട കനകമ്മ സിപിഐയുടെ പ്രാദേശിക നേതാവാണ്. മാവേലിക്കര നഗരസഭ 12-ാം വാർഡ് കൗൺസിലറായിരുന്നു.
അമ്മയും മകനുമായി നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. കൃഷ്ണദാസിന്റെ ഭാര്യ പിണങ്ങിപ്പോയിരുന്നു. ഭാര്യ പിണങ്ങിപ്പോകാൻ കാരണം അമ്മയാണെന്ന് പറഞ്ഞാണ് ഇയാൾ അമ്മയെ മർദ്ദിച്ചിരുന്നത് എന്നാണു പറയപ്പെടുന്നത്. മദ്യപിച്ചെത്തുന്ന ഇയാൾ പണമാവശ്യപ്പെടുകയും കൊടുക്കാതെ വരുമ്പോൾ അമ്മയെ മർദ്ദിക്കുകയും ചെയ്തിരുന്നു. ഇന്നലെയും പതിവുപോലെ മദ്യപിച്ചെത്തി പണമാവശ്യപ്പെട്ടതായി പൊലീസ് പറയുന്നു. തുടർന്നാണ് മർദ്ദിച്ചത്. വീട്ടിൽ നിന്ന് ഇടക്കിടെ പതിവായി ബഹളം കേൾക്കുന്നതിനാൽ നാട്ടുകാർ ശ്രദ്ധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.
ഇന്ന് രാവിലെയാണ് അമ്മയ്ക്ക് അനക്കമില്ലെന്നും അമ്മയെ താൻ മർദ്ദിച്ചിരുന്നുവെന്നും കൃഷ്ണദാസ് തന്നെ നാട്ടുകാരെ വിളിച്ച് അറിയിച്ചത്. തുടർന്ന് പൊലീസും ജനപ്രതിനിധികളും വീട്ടിലേക്ക് എത്തുകയും കനകമ്മ മരിച്ചുകിടക്കുന്നതും കണ്ടത്. മകന്റെ മർദ്ദനമേറ്റാണ് കനകമ്മ മരിച്ചെന്ന് പൊലീസ് വ്യക്തമാക്കുന്നു. മാവേലിക്കര നഗരസഭയിലെ സിപിഐ മുൻ കൗൺസിലറാണ് കൊല്ലപ്പെട്ട കനകമ്മ മുൻപ് പലതവണ പരാതി നൽകുകയും പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.
മകൻ ലഹരി ഉപയോഗിക്കുന്നതിനെച്ചൊല്ലിയും പണത്തെച്ചൊല്ലിയും ഇരുവർക്കുമിടയിൽ തർക്കം നിലനിന്നിരുന്നതായാണ് വിവരം. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.


