പത്തനംതിട്ട – കാലിൽ ചൂണ്ട തറച്ച് പറക്കാൻ ആവാതെ അപകടത്തിൽപ്പെട്ട പരുന്തിനെ പത്തനംതിട്ട ഫയർഫോഴ്സിന്റെ സ്കൂബ ടീം രക്ഷപെടുത്തി. പത്തനംതിട്ട നിലയത്തിലെ റബ്ബർ ബോട്ട് പ്രവർത്തിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഔട്ട്ബോർഡ് എൻജിൻ തകരാറിലായത് അറ്റകുറ്റപ്പണികൾ നടത്തി അതിൻറെ പ്രവർത്തനക്ഷമത പരിശോധിക്കുന്നതിനായി ആറന്മുള ഭാഗത്ത് പമ്പയാറ്റിൽ എത്തിയതായിരുന്നു ഫയർ ഫോഴ്സ് സ്കൂബാ ടീം. സീനിയർ ആൻഡ് റസ്കി ഓഫീസർ സുജിത്ത് നായരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രാഗേഷ് ആർ എസ്, ജിത്തു ബി, അഖിൽ കൃഷ്ണൻ, വിനയചന്ദ്രൻ എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഔട്ട് ബോർഡ് എൻജിൻ പ്രവർത്തിപ്പിച്ച് നോക്കുന്നതിനിടയാണ് വെള്ളത്തിൽ കിടന്ന് ചിറകിട്ടടിക്കുന്ന പരുന്ത് സംഘത്തിൻറെ ശ്രദ്ധയിൽപ്പെട്ടത്. സംഘം സമീപത്തേക്ക് എത്തി നോക്കിയപ്പോഴാണ് ചൂണ്ട കാലിൽ തറച്ച് കാലിൽ ചൂണ്ട നൂല് കുരുങ്ങി പറക്കാൻ ആവാതെ കുടുങ്ങിക്കിടക്കുകയാണ് എന്ന് മനസ്സിലായത്. ഉടൻതന്നെ ബോട്ട് പരുന്തിനടുത്തേക്ക് എത്തിക്കുകയും, പരുന്തിൻ്റെ കാലിൽ തറച്ചുകയറിയ ചൂണ്ട നീക്കം ചെയ്ത് അതിനേ സ്വതന്ത്രമാക്കുകയായിരുന്നു.


