തദേശ തിരഞ്ഞെടുപ്പ് : പൊതുയോഗങ്ങളും ജാഥകളും നടത്തുന്നത് ക്രമസമാധാനം പാലിച്ചായിരിക്കണം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ മുന്നറിയിപ്പ്

Kerala Pathanamthitta
Print Friendly, PDF & Email

തദേശ തിരഞ്ഞെടുപ്പ് : പൊതുയോഗങ്ങളും ജാഥകളും നടത്തുന്നത് ക്രമസമാധാനം പാലിച്ചായിരിക്കണം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ മുന്നറിയിപ്പ്

പത്തനംതിട്ട – തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണ ജാഥയും പൊതുയോഗവും സംഘടിപ്പിക്കുന്നത് ക്രമസമാധാനം പാലിച്ചും ബന്ധപ്പെട്ട നിയമ വ്യവസ്ഥയും ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവും അനുസരിച്ചാകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദേശിച്ചു.

പൊതുയോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട രാഷ്ട്രീയപാർട്ടിയോ സ്ഥാനാർഥിയോ പൊലീസ് അധികാരിയെ മുൻകൂട്ടി അറിയിക്കണം.
മറ്റുകക്ഷികളുടെ യോഗവും ജാഥയും തടസപ്പെടുത്തുന്നില്ലെന്ന് രാഷ്ട്രീയകക്ഷിയും സ്ഥാനാർഥിയും ഉറപ്പുവരുത്തണം. രാഷ്ട്രീയകക്ഷിയുടെ പ്രവർത്തകരോ അനുഭാവികളോ തങ്ങളുടെ കക്ഷിയുടെ ലഘുലേഖവിതരണം ചെയ്‌തോ, നേരിട്ടോ, രേഖാമൂലമോ, ചോദ്യങ്ങൾ ഉന്നയിച്ചോ, മറ്റൊരു രാഷ്ട്രീയകക്ഷി സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ പാടില്ല. ഒരു രാഷ്ട്രീയകക്ഷിയുടെ യോഗം നടക്കുന്ന സ്ഥലത്തു മറ്റൊരു രാഷ്ട്രീയകക്ഷി ജാഥ നടത്തരുത്. ഒരു കക്ഷിയുടെ ചുവർപരസ്യം മറ്റു കക്ഷികളുടെ പ്രവർത്തകർ നീക്കം ചെയ്യരുത്.

യോഗം നടത്താൻ ഉദേശിക്കുന്ന സ്ഥലത്ത് നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ ഇല്ലെന്ന് രാഷ്ട്രീയകക്ഷിയും സ്ഥാനാർഥിയും ഉറപ്പുവരുത്തണം. ഉത്തരവ് നിലവിലുണ്ടെങ്കിൽ അവ കർശനമായി പാലിക്കണം. പൊതുയോഗം തടസപ്പെടുത്തുകയോ ക്രമരഹിതമായി പ്രവർത്തിക്കുകയോ ചെയ്യുന്നവർക്ക് മൂന്നുമാസം വരെ തടവോ ആയിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. തിരഞ്ഞെടുപ്പ് സമയത്ത് നടക്കുന്ന രാഷ്ട്രീയസ്വഭാവമുള്ള ഏതു പൊതുയോഗത്തിനും ഇത് ബാധകമാണ്. യോഗം നടത്തുന്നതിന് ഉച്ചഭാഷിണിയോ മറ്റുസൗകര്യമോ ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണം. ശബ്ദമലിനീകരണം സംബന്ധിച്ച നിയമ വ്യവസ്ഥകൾക്ക് അനുസൃതമായി അനുവദനീയമായ ശബ്ദത്തിൽ മാത്രം ഉച്ചഭാഷിണി പ്രവർത്തിപ്പിക്കാവൂ.

ജാഥ സംഘടിപ്പിക്കുന്ന പാർട്ടിയോ സ്ഥാനാർഥിയോ ജാഥ ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായ സമയം, സ്ഥലം, കടന്നുപോകുന്ന റൂട്ട് എന്നിവ പ്രദേശത്തെ പൊലീസ് അധികാരിയെ മുൻകൂട്ടി അറിയിക്കണം. ജാഥ കടന്നു പോകേണ്ട പ്രദേശങ്ങളിൽ നിയന്ത്രണ ഉത്തരവ് ഉണ്ടോയെന്ന് സംഘാടകർ പരിശോധിച്ച് നിയന്ത്രണം ബന്ധപ്പെട്ട അധികാരി ഒഴിവാക്കി നൽകിയില്ലെങ്കിൽ അവ കൃത്യമായി പാലിക്കണം. വാഹനഗതാഗതത്തിന് തടസം ഉണ്ടാകാതെ ജാഥ കടന്നുപോകുന്നതിന് സംഘാടകർ മുൻകൂട്ടി നടപടി സ്വീകരിക്കണം. ജാഥ ദൈർഘ്യമേറിയതാണെങ്കിൽ കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ചെറിയ വിഭാഗങ്ങളായി സംഘടിപ്പിക്കണം. ഗതാഗത നിയന്ത്രണങ്ങൾ നിർബന്ധമായും പാലിക്കണം. ജാഥ നടത്തുന്ന സമയത്ത് ഡ്യൂട്ടിയിലുള്ള പോലീസിന്റെ നിർദേശം കർശനമായി പാലിക്കണം. ഒരേ സമയം ഒരേ റൂട്ടിൽ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും ജാഥ നടത്തുകയാണെങ്കിൽ ജാഥ തമ്മിൽ കൂട്ടിമുട്ടാതിരിക്കാനും ഗതാഗത തടസം ഉണ്ടാകാതിരിക്കാനും സംഘാടകർ മുൻകൂട്ടി ബന്ധപ്പെടണം. ആവശ്യമായ ക്രമീകരണത്തിന് ലോക്കൽ പൊലീസിന്റെ സഹായം തേടാം.

ജാഥയിൽ പങ്കെടുക്കുന്നവർ പ്രകോപനപരമായ പ്രവർത്തനങ്ങൾക്ക് സാധ്യതയുള്ള വസ്തുക്കൾ കൊണ്ട് പോകുന്നത് ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടിയും സ്ഥാനാർഥിയും ശ്രദ്ധിക്കണം. മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളുടെയോ അംഗങ്ങളുടെയോ കോലം കൊണ്ട് നടക്കുന്നതും പരസ്യമായി അവ കത്തിക്കുന്നതും ഇത്തരത്തിലുള്ള മറ്റ് പ്രകടനം നടത്തുന്നതും കുറ്റകരമാണ്. തദേശ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ സമാധാനപൂർണമായിരിക്കാൻ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും അതീവ ജാഗ്രത പുലർത്തണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *