കോന്നി : തലമുറകളായി കാത്തുസൂക്ഷിച്ചുവരുന്ന വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും മണ്ണിൽ കൗളശാസ്ത്രവിധി പ്രകാരം പൂർവികർക്ക് ഊട്ടും പൂജയും അർപ്പിച്ച് തിരുവോണദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ 999 മലവില്ലന്മാർക്കും ഉത്രാടപ്പൂയൽ സമർപ്പിച്ചു.
മലകളുടെ ഉറപ്പിലും മണ്ണിന്റെ വിശ്വാസത്തിലും അധിഷ്ഠിതമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി 21 തേക്കിലകൾ നാക്കുനീട്ടി അടുക്കിവെച്ച് ഓരോ ഇലയിലും ചുടുവർഗ്ഗങ്ങളും വിഭവങ്ങളും സമർപ്പിച്ച് വിഭവസമൃദ്ധമായ സദ്യ ഒരുക്കി. കള്ളും കരിക്കും കലശവും സമർപ്പിച്ച് പ്രകൃതിശക്തികൾക്കും സർവ്വചരാചരങ്ങൾക്കും ഊട്ട് നൽകുന്നതായിരുന്നു ഉത്രാടപ്പൂയൽ സമർപ്പണം.

മണ്ണിൽ മുളച്ചുയരുന്ന ഓരോ വിത്തിലും ദൈവിക ചൈതന്യം കുടികൊള്ളുന്നു എന്ന ആദിദ്രാവിഡ– നാഗഗോത്ര സങ്കൽപ്പത്തിൽ ഊന്നിയുള്ള അനുഷ്ഠാന പൂജകളും അർപ്പിച്ചു. പാരമ്പര്യത്തിന്റെ കാവൽക്കാരായ ഊരാളി ശ്രേഷ്ഠന്മാർ പൂജകൾക്ക് നേതൃത്വം നൽകി. കല്ലേലി കാവിലെത്തിയ ഭക്തജനങ്ങൾക്ക് ഉത്രാടസദ്യയും നൽകി.
തിരുവോണദിനമായ ആഗസ്റ്റ് 26ന് തിരുവോണസദ്യയും ഒരുക്കിയിട്ടുണ്ട്. മണ്ണിനെയും മലകളെയും പ്രകൃതിയെയും പൂർവിക വിശ്വാസങ്ങളെയും ചേർത്തുപിടിക്കുന്ന കല്ലേലിയുടെ പാരമ്പര്യ ആചാരങ്ങൾക്ക് ഭക്തജനങ്ങളുടെ സാന്നിധ്യം അനുഗ്രഹമായി.
What do you feel about this post?
Like
Love
Happy
Haha
Sad

