പത്തനംതിട്ട – വിവാഹ ചടങ്ങില്‍ ഉപയോഗിച്ച ബിരിയാണി അരിയില്‍ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന കേറ്ററിംഗ് കമ്പനി ഉടമയുടെ പരാതിയില്‍ ബ്രാന്‍ഡ് ഉടമയ്ക്കും ബ്രാന്‍ഡ് അബാംസിഡറായ നടന്‍ ദുല്‍ഖര്‍ സല്‍മാനും നേരിട്ട് ഹാജരാകണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ നോട്ടീസ്. ബ്രാന്‍ഡ് അംബാസഡറായ ദുല്‍ഖര്‍ സല്‍മാനെ മൂന്നാം എതിര്‍കക്ഷിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ പരസ്യം കണ്ട് സ്വാധീനിക്കപ്പെട്ടാണ് താന്‍ അരി വാങ്ങിയതെന്നാണ് പരാതിക്കാരന്‍ പറയുന്നത്. വള്ളിക്കോട് പൗര്‍ണമിയില്‍ പി.എന്‍. ജയരാജന്‍ കമ്മിഷനില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് നോട്ടീസ്. റോസ് ബ്രാന്‍ഡ് ബിരിയാണി അരി എം.ഡി, പത്തനംതിട്ട മലബാര്‍ ബിരിയാണി ആന്‍ഡ് സ്‌പൈസസ് മാനേജര്‍ എന്നിവരാണ് ഒന്ന്, രണ്ട് എതിര്‍കക്ഷികള്‍. മൂവരും ഡിസംബര്‍ മൂന്നിന് ഹാജരാകാനാണ് കമ്മിഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
പത്തനംതിട്ടയില്‍ കാറ്ററിങ് സ്ഥാപനം നടത്തുന്ന ഹര്‍ജിക്കാരന്‍ വിവാഹ ചടങ്ങിന് ബിരിയാണി വയ്ക്കാന്‍ ഈ ബ്രാന്‍ഡ് അരി വാങ്ങിയിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഓഗസ്റ്റ് 24 ന് നടന്ന വിവാഹ ചടങ്ങില്‍ ഈ അരി 50 കിലോ ഉപയോഗിച്ച് ബിരിയാണി തയാറാക്കി വിളമ്പി. ഇത് കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. അവര്‍ ജയരാജനെ പ്രതിയാക്കി ഭക്ഷ്യസുരക്ഷ വകുപ്പിന് പരാതി നല്‍കി. ഭക്ഷ്യവിഷബാധയുണ്ടായതിന് ശേഷം ബിരിയാണി അരി പരിശോധിച്ചപ്പോല്‍ 50 കിലോ ചാക്കിലെ പാക്കിങില്‍ തീയതി കാലാവധി കഴിഞ്ഞതായി കണ്ടെത്തി. പഴകിയ അരി ഉപയോഗിച്ചതിനാലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. അമിത ലാഭം ഉണ്ടാക്കുന്നതിനു വേണ്ടി ഒന്നും രണ്ടും മൂന്നും പ്രതികള്‍ കൂട്ടുത്തരവാദത്വത്തോടു കൂടി പ്രവര്‍ത്തിച്ചതു കൊണ്ടാണ് പഴകിയ അരി വിറ്റഴിക്കുവാന്‍ കഴിഞ്ഞതെന്നാണ് പരാതിക്കാരന്റെ ആരോപണം.
പ്രമുഖ നടനായ ദുല്‍ഖര്‍ സല്‍മാന്‍ ദൃശ്യമാധ്യമങ്ങളില്‍ കൂടി നല്‍കുന്ന പരസ്യ പ്രചോദനവും പ്രമോഷനും കൊണ്ടാണ് ഈ ബിരിയാണി റൈസ് വാങ്ങിയത്. ഈ സംഭവം മൂലം സമൂഹത്തില്‍ തന്റെ സ്ഥാപനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. പിന്നീട് പല വിവാഹ പാര്‍ട്ടികളും പരിപാടി റദ്ദ് ചെയ്തിട്ടുണ്ട് എന്നും പരാതിയില്‍ പറയുന്നു. അരി വിറ്റ മലബാര്‍ ബിരിയാണി ആന്റ് സ്‌പൈസസ് പത്തനംതിട്ട എന്ന സ്ഥാപനത്തിന്റെ മാനേജര്‍ക്കെതിരെയും പരാതിയില്‍ ആരോപണമുണ്ട്. തന്റെ ബിസിനസിന്റെ സത്കീര്‍ത്തി കളങ്കപ്പെട്ടതിന് ഇവരാണ് കാരണക്കാരെന്ന് പരാതിക്കാരന്‍ ആരോപിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. അരിക്ക് ചെലവായ 10250 രൂപയ്ക്ക് പുറമെ അഞ്ച് ലക്ഷം രൂപയാണ് പരാതിക്കാരന്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.
What do you feel about this post?
Like
Love
Happy
Haha
Sad

