റോബസ്റ്റാ കാപ്പി വിളയും ഗ്രാമം ; റോബസ്റ്റാ കാപ്പി കൃഷിയുമായി കൊടുമൺ പഞ്ചായത്ത്

Pathanamthitta
Print Friendly, PDF & Email

അടൂർ – കാർഷിക ഗ്രാമമായ കൊടുമണ്ണിൽ ഇനി കാപ്പിയും വിളയും. കാപ്പി കൃഷിക്കായി പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്ന പത്തനംതിട്ട ജില്ലയിലെ ആദ്യ പഞ്ചായത്തായി കൊടുമൺ മാറി. പ്ലാൻ ഫണ്ടിലൂടെ അഞ്ചു ലക്ഷം രൂപ വകയിരുത്തി കർഷകരുടെ സമഗ്ര ക്ഷേമത്തിന് കാപ്പി ഗ്രാമം പദ്ധതിയാണ് കൊടുമൺ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്നത്. കൃഷിഭവനിലൂടെ ‘റോബസ്റ്റ കാപ്പി’ തൈ സൗജന്യമായി കർഷകർക്ക് വിതരണം ചെയ്യുന്നു. മൂന്ന് വർഷത്തിനുള്ളിൽ വിളവെടുക്കുന്ന അത്യുൽപാദന ശേഷിയുള്ള റോബസ്റ്റ ഇനത്തിലെ കാപ്പി തൈയാണ് നൽകിയത്. തരിശ് ഭൂമിയിലും റബർ, തെങ്ങ്, കവുങ്ങ് ഇടവിളയായുമാണ് കൃഷി ആരംഭിച്ചത്. പഞ്ചായത്തിലെ 18 വാർഡുകളിലായി തിരഞ്ഞെടുത്ത 350-400 കർഷകരാണ് പദ്ധതിയിലുള്ളത്. ഇടവിള കൃഷിയിലൂടെ അധിക വരുമാനവും ലഭിക്കും. കാപ്പി ചെടികൾക്കൊപ്പം തേനീച്ച കൃഷിയും പഞ്ചായത്ത് ആസൂത്രണം ചെയ്യുന്നുണ്ട്.

പന്നി ഉൾപ്പടെയുള്ള വന്യ മൃഗങ്ങളുടെ ശല്യം മറ്റു കൃഷികളെ ബാധിച്ചപ്പോഴാണ് കാപ്പി കൃഷി ആരംഭിക്കാൻ തയ്യാറായത്. രുചിയിലും ഗുണമേന്മയിലും നിലവാരം പുലർത്തുന്ന റോബസ്റ്റ കാപ്പി കൃഷിയുടെ പരിചരണത്തിനായി തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കും. കൃഷിക്കൊപ്പം സംഭരണത്തിലേക്കും മൂല്യവർധിത ഉൽപാദനത്തിലേയ്ക്കും വളർന്നിരിക്കുകയാണ് കൊടുമൺ പഞ്ചായത്ത്. 2019ൽ വിപണിയിലെത്തിച്ച കൊടുമൺ റൈസിന് മികച്ച സ്വീകാര്യതയുണ്ട്. അപ്പം, ഇടിയപ്പപ്പൊടി, പുട്ടുപൊടി എന്നിങ്ങനെ വിവിധ ഉൽപന്നങ്ങളുടെ വിപണിയിലേക്കും ബ്രാൻഡ് കടന്ന് കയറി.

കാപ്പി കുരു വിളവെടുത്ത് സംസ്‌കരിച്ച് ഉൽപ്പന്നമാക്കി കൊടുമൺ ബ്രാൻഡിൽ വിപണിയിലേക്ക് എത്തിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വിപിൻ കുമാർ പറഞ്ഞു.

കൃഷി, സംഭരണം, മൂല്യവർധന ഉൽപന്നങ്ങളുടെ വളർച്ച കർഷകരുടെ വരുമാനം വർധിപ്പിക്കും. ആളുകൾക്ക് വിഷരഹിത വിഭവങ്ങൾ ലഭ്യമാകുകയാണ് പ്രധാനം. കാപ്പിക്ക് പുറമെ നെൽകൃഷി, ചെണ്ടുമല്ലി, ഏത്തവാഴ, ഇഞ്ചി, പച്ചക്കറി കൃഷി വികസന പദ്ധതികളും കൃഷിഭവനിലൂടെ പഞ്ചായത്ത് നടപ്പാക്കുന്നുണ്ട്. വന്യമൃഗങ്ങളിൽ നിന്നും സംരക്ഷണം തീർക്കാൻ വേലിയും സജ്ജീകരിച്ചിട്ടുണ്ടെന്ന് കൃഷി ഓഫീസർ രഞ്ജിത് കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *