അടൂർ: അതിഥി തൊഴിലാളികളെ മർദിച്ചുവെന്ന പരാതിയിൽ സ്‌റ്റേഷനിൽ വിളിച്ചു വരുത്തി എസ്.എച്ച്.ഓ മൊഴിയെടുത്ത് വിട്ടയച്ച യുവാക്കളെ വീണ്ടും വിളിച്ചു വരുത്തി ക്രൂരമായി മർദിച്ച എസ്‌ഐ നൗഫലിനെ ഡി.എച്ച്.ക്യൂ(ജില്ലാ പോലീസ് ആസ്ഥാനം)വിലേക്ക് സ്ഥലം മാറ്റി. ഇയാൾക്കെതിരേ വകുപ്പു തല നടപടികൾ തുടരും. കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.
വടക്കടത്തുകാവ് കൊച്ചു പുളിമൂട്ടിൽ ജെ. അർജുൻ(25), കൊച്ചു പ്ലാങ്കാവിൽ അനിൽ പ്രകാശ്(33) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഒകേ്ടാബർ 22 ന് രാത്രി 8.30ന് വടക്കടത്തുകാവിലെ കടയിൽ കയറി ഇതര സംസ്ഥാന തൊഴിലാളികളെ മർദ്ദിച്ചു എന്നതായിരുന്നു യുവാക്കൾക്കെതിരെയുള്ള പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ 26 ന് രാവിലെ അർജുനും അനിൽ പ്രകാശും പോലീസ് സ്‌റ്റേഷനിൽ എത്തിയിരുന്നു. ഉച്ചയോടെ എസ്.എച്ച്.ഓ ഇവരെ ജാമ്യം നൽകി വിട്ടയച്ചു. എന്നാൽ പിന്നീട് യുവാക്കളുടെ കൂടുതൽ വിവരങ്ങൾ ഡിജിറ്റൽ രേഖകൾ ആക്കണമെന്നതിനാൽ വീണ്ടും സ്‌റ്റേഷനിൽ എത്തണമെന്നാവശ്യപ്പെട്ട് പോലീസുകാർ വിളിച്ചറിയിച്ചു.
ഇതിനു വേണ്ടി എത്തിയപ്പോഴായിരുന്നു മർദ്ദനം. ആദ്യം അർജുനെ സ്‌റ്റേഷന്റെ മുകൾനിലയിലേക്ക് കൊണ്ടു പോയെന്നും രണ്ടു കാലിന്റെ രണ്ടു വെള്ളയ്ക്കും ചൂരൽ വച്ച് തുടരെ അടിച്ചു. തുടർന്ന് കവിളിലും അടിച്ചതായി പറയുന്നു. ശേഷം അനിൽ പ്രകാശിനേയും മുകൾ നിലയിലേക്ക് കൊണ്ടുപോയി കവിളിൽ രണ്ടു തവണ അടിച്ചു. സംഭവ സമയം എസ്.എച്ച്.ഓ സ്‌റ്റേഷനിൽ ഉണ്ടായിരുന്നില്ല. അർജുനും അനിൽ പ്രകാശും അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
വിവരമറിഞ്ഞ് ഡിവൈ.എസ്.പിയും എസ്.എച്ച്.ഓയും ഉടൻ സ്ഥലത്തു വന്നു. എസ്‌ഐയുടെ ഭാഗത്ത് വീഴ്ചയുണ്ടായി എന്ന് ഡിവൈ.എസ്.പി ജി. സന്തോഷ്‌കുമാർ എസ.പിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്കെതിരേ മർദനത്തിന് ഇരയായ യുവാക്കൾ പരാതി നൽകും. ഇതോടെ കേസും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
എസ്എച്ച്ഓ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിട്ട വിഷയത്തിലാണ് എസ്‌ഐ കടന്നു കയറി യുവാക്കളെ കൈകാര്യം ചെയ്തു വിട്ടത്. കോയിപ്രം സ്‌റ്റേഷനിൽ നടന്ന കസ്റ്റഡി മർദനം ഒതുക്കി വച്ചതിന്റെ പേരിലാണ് മുൻ ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാറിന് ജില്ലയിൽ നിന്ന് പോകേണ്ടി വന്നത്. അതു കൊണ്ട് തന്നെ നിലവിലുള്ള എസ്.പി വിഷയം ഗൗരവമായി കണ്ട് എസ്.ഐക്കെതിരേ നടപടി എടുക്കുമെന്നാണ് സൂചന.


