റോബിൻ ആൻഡ് എംവിഡി കളി എത്ര നാൾ ? പിണറായി സർക്കാരിനോട് ജനങ്ങൾക്കുള്ള പ്രതിഷേധമോ റോബിനു കിട്ടുന്ന ഈ പിന്തുണ ?

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – റോബിൻ ബസ് പെർമിറ്റ് ലംഘനത്തിന് വീണ്ടും എംവിഡി പിടിച്ചകത്താക്കി. ഇക്കുറി രണ്ടും കൽപിച്ചാണ്. വമ്പൻ സന്നാഹവുമായി വന്ന് പുലർകാലത്ത് പിടികൂടിയ ബസ് ഉടനടി പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റുകയും ചെയ്തു. റോബിനും എംവിഡിയും തമ്മിലുള്ള ടോം ആൻഡ് ജെറി കളി തുടങ്ങിയിട്ട് മാസമൊന്നു കഴിയുന്നു. സുപ്രീംകോടതി വിധികൾ വരെ ഇരു കൂട്ടരും അവരുടെ ഇഛയ്‌ക്കൊത്ത് വ്യാഖ്യാനിക്കുന്നു, അവർക്ക് ഇഷ്ടമുള്ളതു പോലെ നടപ്പാക്കുന്നു.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കോയമ്പത്തൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് വന്ന റോബിൻ ബസ് മോട്ടോർവാഹന വകുപ്പ് റാന്നിയിൽ നിന്ന് പിന്തുടർന്ന് വന്ന് പത്തനംതിട്ട സ്വകാര്യ ബസ് സ്‌റ്റേഷന് സമീപം വച്ച് പിടിച്ചെടുത്ത് എആർ ക്യാമ്പ് പരിസരത്തേക്ക് മാറ്റിയത്. വീണ്ടും കോടതിയെ സമീപിക്കുമെന്നും ബസ് ഇറക്കുമെന്നും പമ്പയിലേക്ക് വേറൊരു സർവീസ് തുടങ്ങുമെന്നും റോബിൻ ബസ് ഉടമ ബേബി ഗിരീഷും തറപ്പിച്ചു പറയുന്നു.

ഡ്രൈവർമാരുടെ ലൈസൻസും വാഹനത്തിന്റെ പെർമിറ്റും റദ്ദാക്കുമെന്നാണ് എംവിഡി ഇപ്പോൾ പറയുന്നത്. നിന്നെക്കൊണ്ടൊന്നും അത് നടക്കില്ലെന്നും ഇതേ ഡ്രൈവർമാർ തന്റെ ബസുമായി കോയമ്പത്തൂരിന് സർവ്വീസ് നടത്തുമെന്നുമാണ് ഗിരീഷിന്റെ വെല്ലുവിളി. മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാരുമായി ട്രിപ്പ് നടത്താനുള്ള അനുമതി മാത്രമാണ് ഹൈക്കോടതി വിധിയിലൂടെ റോബൻ ബസിന് ലഭിച്ചിട്ടുള്ളതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഒരു പ്രത്യേക സ്ഥലത്ത് നിന്ന് ഒരുസംഘം ആളുകളെ കയറ്റുകയും മറ്റൊരു നിശ്ചിത സ്ഥലത്ത് ഇറക്കുകയും ചെയ്യണമെന്നാണ് ഓൾ ഇന്ത്യ ടൂറിസ്റ്റ്‌പെർമിറ്റിൽ നൽകുന്ന നിർദ്ദേശം. എന്നാൽ, അത് പല സ്ഥലങ്ങളിൽ നിന്നും ആളുകളെ കയറ്റുന്നതിലൂടെ നിയമലംഘനം ആവർത്തിക്കുന്നുവെന്നതാണ് ബസ് പിടിച്ചെടുക്കാൻ കാരണമായി എംവിഡി ഉദ്യോഗസ്ഥർ പറയുന്നത്.

റോബിൻ ബസിന് പൊതുസമൂഹത്തിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. വ്‌ളോഗർമാരും ചാനൽ പ്രവർത്തകരും പൊതുജനങ്ങളും സ്ഥിരമായി റോബിൻ ബസിൽ വാർത്തക്കായി യാത്ര ചെയ്യുകയാണ്. റോബിന്റെ ഭാഗത്ത് നിന്ന് നിയമലംഘനം ഉണ്ടെന്നത് വ്യക്തമാണെന്നാണ് ഇതേപ്പറ്റി പ്രാവീണ്യമുള്ളവർ പറയുന്നത്. നേരത്തേ പൊതുസമൂഹം കെഎസ്ആർടിസിക്ക് വേണ്ടി വാദിച്ചിരുന്നവരാണ്. സ്വകാര്യ ബസുകാരുടെ നെഞ്ചത്ത് കയറാൻ നിന്നവരാണ്. പക്ഷേ, ഇപ്പോൾ എന്തു കൊണ്ട് അതേ പൊതുസമൂഹം കെഎസ്ആർടിസിക്കും സർക്കാരിനുമെതിരേ തിരിഞ്ഞു നിൽക്കുന്നു. അതിന് ഒറ്റക്കാരണമാണുള്ളത് എന്നാണു നിരീക്ഷകർ പറയുന്നത്.

സർക്കാരിനോടും അവരുടെ നിർദ്ദേശം അനുസരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരോടുമുള്ള എതിർപ്പാണ് റോബിന് ഇത്രയേറെ പിന്തുണ ലഭിക്കാനുള്ള കാരണം. കക്ഷി – രാഷ്ട്രീയ വ്യത്യാസമില്ലാതെയുള്ള ജനങ്ങളുടെ പിന്തുണയാണ് റോബിന് ലഭിക്കുന്നത്. അവരുടെ ഭാഗത്ത് വീഴ്ചയുണ്ടാകാം. എന്നിരുന്നാൽപ്പോലും ഒരു സാധാരണക്കാരനെ സർക്കാർ പിന്തുടർന്ന് വേട്ടയാടുന്നു. ഇവിടെ കൈകാര്യം ചെയ്യാൻ കഴിയാതെ വന്നപ്പോൾ തമിഴ്‌നാട്ടിൽ വിളിച്ചു പറഞ്ഞ് അവിടെ വണ്ടി പിടിപ്പിക്കുന്നു. സുപ്രീം കോടതി പരാമർശം വന്ന് ഒരു ദിവസം മൗനം പാലിച്ചപ്പോൾ എല്ലാം കഴിഞ്ഞ് എംവിഡി കരയ്ക്ക് കയറിയെന്ന് കരുതി. പക്ഷേ, അത് തെറ്റായ നിഗമനമായിരുന്നുവെന്ന് ഇന്നലെ മനസിലായി.

സുപ്രീം കോടതി പരാമർശം വന്നതിന്റെ പിറ്റേന്ന് എംവിഡി വിശ്രമിക്കുകയായിരുന്നില്ല. പകരം, എങ്ങനെ റോബിനെ നിയമപരമായി പൂട്ടാം എന്നുളളതിന്റെ നിയമവശം പരിശോധിക്കുകയായിരുന്നു. അവർക്ക് കിട്ടിയ നിയമോപദേശം അനുസരിച്ച് ഇന്നലെ പുലർച്ചെ ബസ് തടഞ്ഞ് വാണിങ് കൊടുത്തു. രണ്ട് ചെല്ലാനുള്ള പിഴയും ഈടാക്കി. നോട്ടീസും നൽകി. ഇന്ന് പുലർച്ചെ നിരന്തരമായ നിയമലംഘനത്തിന്റെ പേരിൽ ബസ് പിടിച്ച് അകത്തിടുകയും ചെയ്തു.

സർക്കാരിനെതിരേ പ്രതികരിക്കുന്നവരെ ജനം തോളിലേറ്റുന്ന കാഴ്ചയാണ് അടുത്തിടെയായിട്ടു കണ്ടുവരുന്നത്. മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ വേട്ടയാടിയപ്പോഴാണ് പൊതു സമൂഹം ഈ രീതിയിൽ മുമ്പ് പ്രതികരിച്ചത്. കള്ളക്കേസുകൾ ഒന്നിന് പിറകേ ഒന്നായി എടുത്ത് ഷാജനെ വേട്ടയാടാനുള്ള നീക്കത്തിനെതിരേ ആയിരക്കണക്കിന് ജനങ്ങൾ രംഗത്തു വന്നു. സമൂഹ മാധ്യമങ്ങളിൽ ഷാജൻ ഒരു താരമായി. പിന്നീടോ കോടതികൾ എല്ലാ കേസിലും ഷാജന് ജാമ്യം കൊടുത്തു. എന്നിട്ടും പക തുടർന്ന് പുതിയ കേസുകൾ എടുത്തു കൊണ്ടേയിരിക്കുന്നു.

പിന്നെ വേട്ടയാടിയത് മാത്യു കുഴൽനാടനെയാണ്. മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദം സജീവമാക്കി നിർത്തിയതിനാണ് അദ്ദേഹത്തിന് എതിരേ സർക്കാർ വകുപ്പുകളെ ഉപയോഗിച്ച് പക പോക്കലിന് ശ്രമിച്ചത്. ഉമ്മാക്കി കണ്ട് ഭയപ്പെടാതിരുന്ന കുഴൽനാടൻ ശക്തമായി തിരിച്ചടിച്ചതോടെ സർക്കാർ ഒതുങ്ങി. പിന്നിലൂടെയുള്ള പണി ഇപ്പോഴും തുടരുന്നു.

സുരേഷ് ഗോപിയെ പെണ്ണുകേസിൽ കുടുക്കാനും അടിമാലിയിലെ മറിയക്കുട്ടിയെ കോടീശ്വരിയാക്കാനുമുള്ള ശ്രമവും സർക്കാരിന് തിരിച്ചടിയായി. അതിനിടെയാണ് റോബിൻ ഗിരീഷ് വെല്ലുവിളിയുമായി രംഗത്ത് വന്നത്. നിസാരന്മാരായ എതിരാളികളെ ഒതുക്കാൻ സർക്കാർ സംവിധാനങ്ങൾ ഒന്നടങ്കം കിണഞ്ഞു പരിശ്രമിച്ചിട്ടും നടക്കാതെ വരുന്നത് പൊതുജനങ്ങളുടെ പിന്തുണ ഉള്ളതു കൊണ്ടാണ്. സർക്കാരിന്റെ ഏതു നടപടിക്കുമെതിരേ മുമ്പൊന്നും ഇല്ലാത്ത വിധം ജനരോഷം ശക്തമാണ്. ഇത് മനസിലാക്കാതെ എതിർക്കുന്നവരെ കള്ളക്കേസിൽ കുടുക്കിയും തലയ്ക്ക് ചെടിച്ചട്ടി കൊണ്ട് അടിച്ച് ജീവൻ രക്ഷാപ്രവർത്തനം നടത്തിയും ഒതുക്കാമെന്ന വ്യാമോഹമാണ് സർക്കാരിനും ഉദ്യോഗസ്ഥർക്കുമുള്ളത്.

ഒരു ചെറിയ ഫേസ്ബുക്ക് പോസ്റ്റ് കൊണ്ടാണെങ്കിൽപ്പോലും സർക്കാരിനെ വിമർശിക്കുന്നവർക്ക് പൂച്ചെണ്ടുമായി നിൽക്കുകയാണ് നാട്ടുകാർ. ഇത് പതിവില്ലാത്തതാണ്. ഈ അപകടം തിരിച്ചറിയാതെ ജനങ്ങളുടെ ക്ഷമ പരീക്ഷിച്ച് സർക്കാർ മുന്നോട്ടു പോവുകയാണ്. നവകേരള സദസിലെ ധൂർത്തും വെല്ലുവിളിയും അഹന്ത നിറഞ്ഞ വാക്കുകളും ജനങ്ങളെ കൂടുതൽ പ്രകോപിപ്പിക്കുന്നു. ബഹുനിലമന്ദിരങ്ങൾക്ക് പൈലിങ് നടത്തി അടിത്തറയുടെ ബലം പരിശോധിക്കുന്നതു പോലെ സർക്കാർ പൊതുജനങ്ങളുടെ പുറത്ത് പൈലിങ് നടത്തുകയാണ്. എത്രത്തോളം ഇവരെ ഇടിച്ചു താഴ്ത്താം. ഏതു ഘട്ടത്തിൽ ഇവർ പ്രതികരിക്കുമെന്നുള്ള പരിശോധനയാണ് നടക്കുന്നത്. താമസിയാതെ അതിന്റെ ഫലം കിട്ടിത്തുടങ്ങും. !!

Leave a Reply

Your email address will not be published. Required fields are marked *