പത്തനംതിട്ട – ശബരിമല റോഡ് വികസനത്തിന് നാലുവർഷത്തിനുള്ളിൽ 1107.24 കോടി രൂപ സർക്കാർ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മഞ്ഞക്കടമ്പ്- മാവനാൽ- ട്രാൻസ്ഫോർമർ ജംഗ്ഷൻ- ആനകുത്തി- കുമ്മണ്ണൂർ- കല്ലേരി റോഡ് നിർമാണോദ്ഘാടനം കുമ്മണ്ണൂരിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 35000 കോടി രൂപയാണ് റോഡ് പ്രവൃത്തിക്ക് മാത്രമായി സർക്കാർ അനുവദിച്ചത്. 8200 കിലോ മീറ്ററിലേറെ റോഡുകൾ നവീകരിച്ചു. നിർമാണം പോലെ തന്നെ പരിപാലനത്തിനും ശ്രദ്ധ നൽകി.
ശബരിമല തീർത്ഥാടകർക്ക് പുതിയ റോഡ് പ്രയോജനകരമാകും. പൊതുമരാമത്ത് വകുപ്പിന്റെ 40 കോടി രൂപയുടെ വികസന പദ്ധതികളാണ് കോന്നി നിയോജക മണ്ഡത്തിൽ ഒറ്റ ദിവസം കൊണ്ട് നിർവഹിക്കുന്നത്. ജില്ലയിലെ എല്ലാ റോഡുകളും മികച്ച നിലവാരത്തിലേക്ക് ഉയർത്താൻ സർക്കാരിനായി. പുനലൂർ- മൂവാറ്റുപുഴ റോഡ് നവീകരിച്ചു. നാലുവർഷത്തിനിടെ പകുതിയിലധികം റോഡുകളും ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് മാറി. നൂറു ശതമാനം പൊതുമരാമത്ത് റോഡുകളും ബിഎംബിസി നിലവാരത്തിലായ പഞ്ചായത്താണ് ആരുവാപ്പുലം എന്നും മന്ത്രി കൂട്ടി ചേർത്തു.
അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ വലിയ മാറ്റം സാധ്യമായെന്ന് അധ്യക്ഷത വഹിച്ച കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ പറഞ്ഞു. കോന്നി മെഡിക്കൽ കോളേജ് റോഡ് നിർമ്മാണം 14 കോടി രൂപ ചെലവിൽ പുരോഗമിക്കുന്നു. വനത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിന്റെ ടൂറിസം സാധ്യത പരിശോധിക്കുമെന്നും എംഎൽഎ പറഞ്ഞു. 18 കോടി രൂപ ചെലവിൽ ആധുനിക നിലവാരത്തിലാണ് റോഡ് നിർമാണം. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, വി റ്റി അജോ മോൻ, കോന്നി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വർഗീസ് ബേബി,
അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ നായർ, സ്ഥിരം സമിതി അധ്യക്ഷരായ പി സിന്ധു, വി ശ്രീകുമാർ, ഷീബ സുധീർ, അംഗംങ്ങളായ വി കെ രഘു, മിനി രാജീവ്, ജി ശ്രീകുമാർ, ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ശ്യാം ലാൽ, രഘുനാഥ് ഇടത്തിട്ട, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ആഷിഷ് ലാൽ, റഷീദ് മുളന്തറ, സാദിഖ് കുമ്മണ്ണൂർ, പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എംജി മുരുകേഷ് കുമാർ എന്നിവർ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ജി ബാബുരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.


