ചെങ്ങന്നൂർ: ട്രെയിൻ യാത്രക്കിടെ ഭിന്നശേഷിക്കാരനായ യാത്രക്കാരനെ ബലം പ്രയോഗിച്ച് ഇറക്കിവിടുകയും പൊതുമദ്ധ്യത്തിൽ അപമാനിക്കുകയും ചെയ്ത സംഭവത്തിൽ റെയിൽവേ ഉദ്യോഗസ്ഥനെതിരെ ഭിന്നശേഷി കമ്മീഷണർക്ക് പരാതി നൽകി. വയനാട് കൽപ്പറ്റ സ്വദേശിയായ ജോൺസൺ എം.ജെ.യാണ് (50% ഭിന്നശേഷിക്കാരൻ) പരാതി നൽകിയിരിക്കുന്നത്.
2025 ഒക്ടോബർ 22-ന് ഉച്ചയ്ക്ക് 2.50-ന് തിരുവനന്തപുരത്തുനിന്ന് ചങ്ങനാശ്ശേരിക്ക് പോവുകയായിരുന്ന 12082 നമ്പർ ട്രെയിനിലാണ് സംഭവം. റെയിൽവേ നൽകിയ യാത്രാ പാസും കൺസഷൻ ലഭിച്ച വാലിഡായ ടിക്കറ്റും കൈവശമുണ്ടായിരുന്ന ജോൺസൺ ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ച കമ്പാർട്ട്‌മെന്റിലാണ് യാത്ര ചെയ്തത്.
കായംകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ വെച്ച് (4.25 പിഎം) ഒരു ടി.ടി.ഐ. എന്ന് അവകാശപ്പെട്ട ഉദ്യോഗസ്ഥൻ കമ്പാർട്ട്‌മെന്റിൽ കയറിവന്ന് ടിക്കറ്റോ പാസോ ആവശ്യപ്പെടാതെ വളരെ മോശമായി പെരുമാറുകയും ബലം പ്രയോഗിച്ച് ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തു എന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആർ.പി.എഫ്. ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ തന്നെ നിർബന്ധിച്ച് ട്രെയിനിൽ നിന്നും ഇറക്കിവിട്ടു.

ടിക്കറ്റ് എടുക്കാതെ കള്ളത്തരം കാണിച്ച് യാത്ര ചെയ്തുവെന്ന് മറ്റ് യാത്രക്കാർ കേൾക്കെ ഉദ്യോഗസ്ഥൻ വലിയ ശബ്ദത്തിൽ പറഞ്ഞ് തന്നെ പൊതുമധ്യത്തിൽ അപമാനിച്ചതായും പരാതിയിൽ പറയുന്നു. കൂടാതെ, ടിക്കറ്റില്ലാതെ യാത്ര ചെയ്തുവെന്ന് തെറ്റിദ്ധരിപ്പിച്ച് ടി.ടി.ഐ. തനിക്കെതിരെ കള്ളക്കേസ് നൽകാനായി ഹാൻഡിങ് ഓവർ മെമ്മോ നൽകിയെന്നും ജോൺസൺ ആരോപിക്കുന്നു. മെമ്മോയിൽ ‘without ticket’ എന്നും, താൻ യാത്ര ചെയ്യാത്ത ‘DL 1’ കോച്ചിലാണ് യാത്ര ചെയ്തതെന്നും തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ സംഭവങ്ങൾ കാരണം തനിക്ക് സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടായെന്നും, വൈകുന്നേരം 5.30-ന് ചങ്ങനാശ്ശേരിയിൽ എത്തേണ്ടിയിരുന്ന താൻ രാത്രി 10 മണിയോടെയാണ് അവിടെയെത്തിയതെന്നും ജോൺസൺ പരാതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് ടാക്സി ഉപയോഗിച്ചാണ് താമസസ്ഥലത്ത് എത്തിയത്.
ഭിന്നശേഷിക്കാരനായ തന്നോട് മോശമായി പെരുമാറുകയും വഴിയിൽ ഇറക്കിവിടുകയും പൊതുസമൂഹത്തിൽ അപമാനിക്കുകയും വ്യാജ കേസിന് മെമ്മോ നൽകുകയും ചെയ്ത റെയിൽവേ ജീവനക്കാരനെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്ന് ജോൺസൺ എം.ജെ. ഭിന്നശേഷി കമ്മീഷണറോട് അപേക്ഷിച്ചിട്ടുണ്ട്. ചെങ്ങന്നൂർ സ്റ്റേഷൻ മാസ്റ്റർക്ക് 563009 നമ്പർ പരാതിയായും, കോട്ടയം എസ്.എച്ച്.ഒ ജി.ആർ.പി.ക്ക് രേഖാമൂലവും പരാതി നൽകിയിട്ടുണ്ട്.


