പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാശ്രയ കുടുംബങ്ങൾക്ക് പണിത് നൽകുന്ന 362 -മത്തെ സ്നേഹഭവനം രാജമ്മ സക്കറിയയുടെയും കുടുംബത്തിന്റെയും സഹായത്താൽ രാജമ്മയുടെ ഭർത്താവായ പരേതനായ തങ്കച്ചന്റെ ഓർമ്മയ്ക്കായി ചിറ്റാർ വേളിമല ഉന്നതിയിൽ പ്രിയ മോഹനനും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും രാജമ്മ സക്കറിയ നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായ ഒരു ഭവനം നിർമ്മിക്കുവാൻ കഴിയാതെ വനാവകാശ നിയമപ്രകാരം ലഭിച്ച ഭൂമിയിൽ ടാർപൊളിൻ കൊണ്ട് നിർമ്മിച്ച കുടിലിൽ ആയിരുന്നു. ആദിവാസി കുടുംബമായ പ്രിയയും മോഹനനും മൂന്ന് കുഞ്ഞുങ്ങളും താമസിച്ചിരുന്നത്. ഇവരുടെ അവസ്ഥ പത്തനംതിട്ട ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മുൻ സെക്രട്ടറി സബ്ജറ്റ് ബീനാഗോപാൽ മുഖേന മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി രാജമ്മ സക്കറിയ നൽകിയ ആറര ലക്ഷം രൂപ ഉപയോഗിച്ച് രണ്ട് നിലകളിലായി മൂന്നു മുറികളും, അടുക്കളയും, ഹാളും, ബാൽക്കണികളും, ശുചിമുറിയും, സിറ്റൗട്ടും അടങ്ങിയ വീട് വന്യമൃഗങ്ങളിൽ നിന്നുള്ള സംരക്ഷണം ഉറപ്പാക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്തു നിർമ്മിച്ചു നൽകി. ചടങ്ങിൽ ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ .ബഷീർ., എം. ജെ. ശോശാമ്മ., പ്രോജക്ട് കോഡിനേറ്റർ കെ .പി .ജയലാൽ. സന്തോഷ്. എം. സാം., സണ്ണി ചള്ളക്കൽ., ഫിലിപ്പോസ് തെക്കേക്കര., ഷാജഹാൻ എന്നിവർ പ്രസംഗിച്ചു. ആദിവാസികൾക്കായി പണിയുന്ന രണ്ടാമത്തെ വീടാണ് ഇവർക്കായി നിർമ്മിച്ചു നൽകിയത്.

ഫോട്ടോ ക്യാപ്ഷൻ :
ഡോ. എം. എസ്. സുനിൽ നിരാശ്രയ കുടുംബങ്ങൾക്ക് പണിത് നൽകുന്ന 362 -മത്തെ സ്നേഹഭവനത്തിൻറെ താക്കോൽദാനചടങ്ങ് രാജമ്മ സക്കറിയ നിർവ്വഹിക്കുന്നു


