സർക്കാരിന്റെ സർവതല സ്പർശിയായ വികസന കാഴ്ചപ്പാട് തുടർഭരണം സാധ്യമാക്കി : ഡെപ്യൂട്ടി സ്പീക്കർ

Kerala Pathanamthitta
Print Friendly, PDF & Email

അടൂർ – സംസ്ഥാന സർക്കാരിന്റെ സർവതല സ്പർശിയായ വികസന കാഴ്ചപ്പാട് തുടർ ഭരണം സാധ്യമാക്കിയെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. സംസ്ഥാന മന്ത്രിസഭാ വാർഷികാഘോഷ പരിപാടിയുടെ ഭാഗമായുള്ള എന്റെ കേരളം പ്രദർശന വിപണന മേളയോട് അനുബന്ധിച്ചുള്ള കലാ ജാഥ പര്യടനത്തിന്റെ ഉദ്ഘാടനവും ഫ്‌ലാഗ്ഓഫ് കർമവും അടൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക പ്രതിസന്ധിക്കിടയിലും സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയും, പശ്ചാത്തല സൗകര്യം ഒരുക്കുന്നതിലും സർക്കാർ ജാഗ്രത പുലർത്തി. കിഫ്ബി പദ്ധതിയിലൂടെ അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമാക്കി മുന്നേറി. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ഒരുപോലെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കാൻ സർക്കാരിന് സാധിച്ചു. പാവങ്ങൾക്കൊപ്പം നിന്ന് അവരുടെ കണ്ണീരൊപ്പിയ സർക്കാർ ഭൂമിയില്ലാത്തവർക്ക് ഭൂമി, വീടില്ലാത്തവർക്ക് വീട്, വിദ്യാഭ്യാസ മേഖലയിലും നിരവധി വികസനപ്രവർത്തനങ്ങൾ യാഥാർഥ്യമാക്കി. അടൂരിന്റെ വികസനരംഗത്തും നേട്ടങ്ങൾ ഏറെയാണ്. അടൂർ ഇരട്ടപ്പാലവും, കോടതി സമുച്ചയവും, കൊടുമൺ ഇന്റർ നാഷണൽ സ്റ്റേഡിയവും ഉൾപ്പെടെ വികസനനേട്ടങ്ങൾ നിർവധിയാണെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.

ചടങ്ങിൽ അടൂർ നഗരസഭ ചെയർ പേഴ്‌സൺ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷത വഹിച്ചു.പ്രചാരണ സംഘാടക സമിതി ചെയർമാൻ ആർ. തുളസീധരൻ പിള്ള, ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ, സംഘടക സമിതി അംഗങ്ങളായ സുമേഷ് ഐശ്വര്യ, ഉഷാകുമാരി, ഒളിമ്പിക്‌സ് അസോസിയേഷൻ സെക്രട്ടറി പ്രസന്ന കുമാർ, റിട്ട പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.

പന്തളത്ത് കലാജാഥ നഗര സഭാചെയർപേഴ്‌സൺ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു. പന്തളം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ ടി. കെ. സതി, അംബിക രാജേഷ്, ശോഭന കുമാരി, എസ്. അരുൺ, ഷെഫിൻ രജീബ് ഖാൻ, പുഷ്പലത, സുപ്രണ്ട് ഗിരിജ കുമാരി തുടങ്ങിയവർ പങ്കെടുത്തു.
കോഴഞ്ചേരിയിൽ കേരള ഇൻഡസ്ട്രിയൽ എന്റർ പ്രൈസ്ചെയർമാൻ അഡ്വ. ഫിലിപ്പോസ് തോമസ് കലാജാഥ ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ കെ. പദ്മകുമാർ അധ്യക്ഷത വഹിച്ചു.

കലാ ജാഥയ്ക്കു മികവേകി ഡെപ്യൂട്ടി സ്പീക്കറുടെ നാടൻ പാട്ട്
ചിരപരിചിതമായ സ്വരത്തിൽ നാടൻ പാട്ടിന്റെ ശീലുകൾ കേട്ട് ബസ് സ്റ്റാൻഡ് പരിസരത്തുള്ളവരും, യാത്രക്കാരും ഓടി ഏത്തി. ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞവർ അത്ഭുതംപ്പെട്ടൂ. ഒപ്പം ആകാംഷയും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കലാ ജാഥാ ഉദ്ഘാടനം നിർവഹിച്ചത് നാടൻ പാട്ട് പാടിയാണ്. കാണികൾ കയ്യടിച്ചു പ്രോത്സാഹനം നൽകി.
ഡെപ്യൂട്ടി സ്പീക്കറുടെ നാടൻ പാട്ട് വർണ്ണാഭമായ കലാ ജാഥയ്ക്കു മാറ്റ് കൂട്ടി. ഭരണ തിരക്കിനിടയിലും കലാഭിരുചി മനസിൽ മായാതെ സൂക്ഷിക്കാൻ സാധിക്കുമെന്ന് തെളിയിക്കുന്നതായിരുന്നു ഡെപ്യൂട്ടി സ്പീക്കറുടെ നാടൻ പാട്ട്. തുടർന്ന് കലാ ജാഥാ സംഘവും നാടൻ പാട്ട് അവതരിപ്പിച്ച് പ്രചാരണം കൊഴുപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *