തിരുവല്ല: സംസ്ഥാന സര്‍ക്കാരിന്റെ കുരിശു വിരോധം അവസാനിപ്പിക്കണം എന്നും മണ്ണുമാന്തിയന്ത്രം കൊണ്ട് കുരിശുകള്‍ പൊളിച്ചുമാറ്റുന്ന സര്‍ക്കാര്‍ നടപടികള്‍ തുടര്‍ക്കഥയാകുന്നതില്‍ ശക്തമായി പ്രതികരിക്കുന്നതായും കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസ്താവനയില്‍ അറിയിച്ചു. 1500 വര്‍ഷം പഴക്കമുള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത ചേപ്പാട് വലിയപള്ളിയുടെ കല്‍ക്കുരിശ് അതിക്രമിച്ച് കടന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകര്‍ത്ത നടപടി ക്രൈസ്തവ സമൂഹത്തോടുള്ള സര്‍ക്കാരിന്റെ സമീപനം വ്യക്തമാക്കുന്നു. വികസനത്തിന് ക്രൈസ്തവ സമൂഹം എതിരല്ല. ഐ.എസ്.ആര്‍.ഒയ്ക്ക് ഉള്‍പ്പെടെ നാടിന്റെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി നല്കിയ പാരമ്പര്യമാണ് ക്രൈസ്തവ സമൂഹത്തിന് ഉള്ളത്. പൊളിക്കുന്നതിന് മുമ്പ് സഭയെ അറിയിച്ചിരുന്നുവെങ്കില്‍ സഭ മാറ്റി സ്ഥാപിക്കുമായിരുന്ന സാഹചര്യത്തില്‍ പുരോഹിതരെപ്പോലും ഉപദ്രവിച്ചുകൊണ്ട് അതിക്രമിച്ചു കയറി പുരാതനമായ കല്‍ക്കുരിശ് തകര്‍ത്ത സംഭവത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടോ എന്ന് അന്വേഷിക്കണം. തൊമ്മന്‍ കുരിശില്‍ കത്തോലിക്കാ സഭയുടെ ഭൂമിയിലുണ്ടായിരുന്ന കുരിശ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകര്‍ത്ത സര്‍ക്കാരിന്റെ നടപടി സംസ്ഥാനത്തുടനീളം തുടരുന്നത് ഒരു ജനാധിപത്യ മതേതര സര്‍ക്കരിനു ഭൂഷണമല്ല എന്നും കെ.സി.സി. പ്രസിഡന്റ് അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

What do you feel about this post?
Like
Love
Happy
Haha
Sad

