തെക്കേമലയിൽ നിന്ന് മോഷണം നടത്തി കടന്ന മൊട്ട ബിനു എരുമേലി മുക്കടയിൽ വച്ച് പോലീസിന്റെ മുന്നിൽപ്പെട്ടു: ഓടിച്ചിട്ട് പിടിച്ചു മൊട്ടബിനുവിനെ തൂക്കി ആറന്മുള പോലീസ്

Crime
Print Friendly, PDF & Email

കോഴഞ്ചേരി – തെക്കേമലയിൽ നിന്ന് സാനിട്ടറി ഷോപ്പിൽ നിന്ന് മോഷ്ടിച്ച സാധനങ്ങളുമായി സ്‌കൂട്ടറും മോഷ്ടിച്ച് കടന്ന മോഷ്ടാവിനെ ആറന്മുള പോലീസ് ഓടിച്ചിട്ട് പിടികൂടി. ചങ്ങനാശേരി കുറിച്ചി തിരുവാതിര ഭവനിൽ മൊട്ട ബിനു എന്നു വിളിക്കുന്ന ബിനു (42)വാണ് എരുമേലി മുക്കടയ്ക്ക് സമീപത്തു നിന്നും ആറന്മുള പോലീസിന്റെ പിടിയിലായത്. തെക്കേമല പി.ഐ.പി ക്വാർട്ടേഴ്‌സിനു മുൻവശത്തു വെച്ചിരുന്ന സ്‌കൂട്ടറും തൊട്ടുത്ത് പ്രവർത്തിക്കുന്ന സാനിട്ടറി ഷോപ്പിൽ നിന്ന് പൈപ്പ് ഫിറ്റിങ്‌സുകളും മോഷ്ടിക്കുകയായിരുന്നു. രണ്ടു കടമുറിയുടെ ഷട്ടറുകളുടെ പൂട്ട് പൊട്ടിച്ചു മൂന്ന് ലക്ഷത്തോളം വില വരുന്ന സാനിറ്ററി ഫിറ്റിങ്‌സാണ് മോഷ്ടിച്ചത്. ഉടമയുടെ പിതാവ് മരിച്ചു പോയതിനാൽ കട തുറന്നു പ്രവർത്തിക്കാതിരുന്ന സമയത്താണ് മോഷണം നടന്നത്. പ്രതിയെ കണ്ടെത്തുന്നതിന് വേണ്ടി ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശാനുസരണം സ്‌ക്വാഡ് രൂപീകരിച്ചു അന്വേഷണം നടത്തി വരികയായിരുന്നു.

പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എരുമേലി മുക്കടയിൽ മോഷണം പോയ സ്‌കൂട്ടർ കണ്ടെത്തി. സ്‌കൂട്ടറിനടുത്തേക്ക് പോലീസ് വരുന്നത് കണ്ട പ്രതി വാഹനവുമായി കടക്കാൻ ശ്രമിച്ചു. സ്‌കൂട്ടർ സ്റ്റാർട്ടാകാതെ വന്നതിനെ തുടർന്ന് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. എസ്.ഐ വിഷ്ണുവിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം പ്രതിയെ പിന്തുടർന്ന് ഓടിച്ചിട്ടു പിടികൂടുകയുമായിരുന്നു. എസ്.ഐ. ശിവപ്രസാദ്, എ.എസ്.ഐ ദിലീപ്, ഡിവൈ.എസ്.പിയുടെ സ്‌ക്വാഡിലുള്ള സി.പി.ഓമാരായ സുമൻ, രാഹുൽ, ആറന്മുള പോലീസ് സ്‌റ്റേഷനിലെ സി.പി.ഓമാരായ വിഷ്ണു, ജിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതി മുമ്പും നിരവധി മോഷണ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നിലവിൽ ആറന്മുള, പത്തനംതിട്ട, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ കേസിൽ പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *