ശബരിമല – സന്നിധാനത്തെ ശ്രീകോവിലിൽ നിന്നുള്ള സ്വർണ്ണപ്പാളി കടത്ത് കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സന്നിധാനത്ത് എത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയോടെയാണ് എസ്.ഐ.ടിയിലെ എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്ത് എത്തിയത്. ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച് അറ്റകുറ്റപ്പണി നടത്തിയ ശേഷം കൊണ്ടു വന്ന ദ്വാരപാലക ശില്പങ്ങളുടെ പുറംപാളി സന്നിധാനത്ത് ഉണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ദേവസ്വം ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ആരായും. കഴിഞ്ഞ ദിവസം സന്നിധാനത്ത് എത്തിയ ജസ്റ്റീസ് കെ.ടി.ശങ്കരൻ ഹൈക്കോടതി നിർദ്ദേശപ്രകാരം ശബരിമല സ്‌ട്രോങ് റൂമിൽ ഭക്തർ നല്കിയ വഴിപാട് സാധനങ്ങളുടെ കണക്കെടുപ്പ് നടത്തുകയാണ്. ഇന്ന് കണക്കെടുപ്പ് പൂർത്തിയായാൽ ശബരിമലയിൽ ഭക്തർ സമർപ്പിച്ച സ്വർണ്ണം ഉൾപ്പടെയുള്ളവ സൂക്ഷിക്കുന്ന ആറന്മുള സ്‌ട്രോങ് റൂമിലും കണക്കെടുപ്പ് നടത്തും. തുടർന്ന് ഹൈക്കോടതിക്ക് റിപ്പോർട്ട് നല്കും.
എന്നാൽ കണക്കുകളിൽ ഉള്ള ഉരുപ്പടികൾ യാഥാർത്ഥമായവ തന്നെയോ എന്നുള്ള പരിശോധന കൂടി നടത്തിയാലേ അന്വേഷണം പൂർണ്ണമാകൂ എന്ന അഭിപ്രായവും ഉയരുന്നുണ്ട്. ദേവസ്വം കണക്കുകൾ പ്രകാരമുള്ള സാധനങ്ങൾ ഉണ്ടോ എന്ന പരിശോധന മാത്രം പോരാ.. വിലപിടിപ്പുള്ള സാധനങ്ങൾ അന്ന് പരിശോധിച്ച് സൂക്ഷിച്ചവ ഇപ്പോഴും അങ്ങനെ തന്നെയാണോ എന്നും കൂടി പരിശോധിക്കണം. എന്നാലേ തട്ടിപ്പുകളുടെ പൂർണ്ണ രൂപം പുറത്തു വരൂ ..!!


