പത്തനംതിട്ട – നഗരത്തിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് ഒന്നര വയസുകാരി അടക്കം നാല് പേർക്ക് പരിക്കേറ്റു. മദ്യപിച്ചും മൊബൈലിൽ സംസാരിച്ചുകൊണ്ടും റാന്നി കൃഷി ഓഫീസർ കൊട്ടാരക്കര സ്വദേശി സുരേഷ് കുമാർ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. ഇന്നലെ വൈകുന്നേരം പത്തനംതിട്ട എസ് പി ഓഫീസിന് മുന്നിലാണ് അപകടം നടന്നത്. സുരേഷ് കുമാർ ഓടിച്ചിരുന്ന കാർ ആദ്യം ഒരു ഓട്ടോറിക്ഷയിലും പിന്നാലെയെത്തിയ ബൈക്കിലും ഇടിക്കുകയായിരുന്നു. പത്തനംതിട്ട വെട്ടിപ്രം സ്വദേശി സെയ്ദ് മുഹമ്മദ് (35), സഹോദരി ഷാനി(30) തമീം (14), ഹെന്നസ (ഒന്നര വയസ്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലാക്കി. വൈദ്യപരിശോധനയിൽ കാർ ഓടിച്ചിരുന്ന ആൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞുവെന്ന് പോലീസ് അധികൃതർ അറിയിച്ചു. അപകടം നടക്കുന്ന സമയത്ത് ഇയാൾ മൊബൈലിൽ സംസാരിച്ചുകൊണ്ടാണ് വാഹനം ഓടിച്ചിരുന്നത് എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

