സന്നിധാനത്തെ സ്വർണ്ണപ്പാളി വിവാദം ; ജൂഡീഷ്യൽ അന്വേഷണം വേണമെന്ന് ആൻ്റോ ആന്റണി എം.പി

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സന്നിധാനത്ത് നിന്ന് കാണാതായ സ്വർണ്ണപ്പാളി വിവാദം, ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള ജൂഡീഷ്യൽ അന്വേഷണം വേണമെന്ന് പത്തനംതിട്ട എം പി ആൻ്റോ ആന്റണി ആവശ്യപ്പെട്ടു. വിഷയത്തിൽ ദേവസ്വം ബോർഡ് എന്തൊ ഒളിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോൾ ശബരിമലയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിവാദങ്ങൾ വളരെയേറെ അമ്പരപ്പുണ്ടാക്കുന്നതാണ്. 999 ൽ വിജയ് മല്ല്യ സമർപ്പിച്ച സ്വർണ്ണ പാളികൾ 2019 ൽ എങ്ങനെ ചെമ്പ് പാളികളായി മാറി എന്നാണ് മനസ്സിലാകാത്തത്. ഇടനിലക്കാരനായ ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നത് തൻ്റെ കൈയ്യിൽ ലഭിച്ചത് ചെമ്പ് പാളികളാണ് എന്നാണ്. 2019 ൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ബഹളത്തിൻ്റെ മറവിൽ സന്നിധാനത്തെ സ്വർണ്ണം കവർച്ച ചെയ്യപ്പെടുകയായിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ സംഭവം പുറത്ത് വന്നിട്ട് ഇത്രയും ദിവസമായിട്ടും ദേവസ്വം ബോർഡ് ഇത് സംബന്ധിച്ച് ഒരു അന്വേഷണത്തിനും ആവശ്യപ്പെട്ടിട്ടില്ല. ദേവസ്വം ബോർഡിന് ഇതിൽ എന്തോ ഒളിക്കാനുണ്ടന്നാണ് മനസ്സിലാകുന്നത്. ശബരിമലയെ സംബന്ധിച്ച് ഹൈക്കോടതിയുടെ അനുവാദമില്ലാതെ നടത്താനാവില്ല എന്നിരിക്കെ ഹൈക്കോടതിയെ അറിയിക്കാതെ അവിടെ നിന്ന് സ്വർണ്ണം നഷ്ടപ്പെട്ടു എന്ന് പറയുന്നതിൻ്റെ ഗൗരവം ഏറെ വലുതാണ്. അതുകൊണ്ട് ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടതെന്നും ആൻ്റോ ആൻ്റണി എം പി പറഞ്ഞു. പത്തനംതിട്ടയിലെ ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആൻ്റോ ആൻ്റണി.

Leave a Reply

Your email address will not be published. Required fields are marked *