പത്തനംതിട്ട – മലയാലപ്പുഴ ക്ഷേത്രഉത്സവത്തിനും പൊങ്കാലയ്ക്കും കുറ്റമറ്റ ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ പറഞ്ഞു. വിവിധ വകുപ്പുകൾ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിലാണ് അറിയിച്ചത്.
പോലീസിന്റെ നേതൃത്വത്തിലാണ് സുരക്ഷ ക്രമീകരണങ്ങൾ. പൊങ്കാല ദിവസം കൂടുതൽ വനിതാ പോലീസിനെ മഫ്തിയിൽ നിയോഗിക്കും; ട്രാഫിക് ക്രമീകരിക്കും. ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളുമായി ചേർന്ന് വാഹന പാർക്കിംഗ് ഏർപ്പെടുത്തും. ക്ഷേത്രപരിസരത്ത് അഗ്നിശമന സേനയുടെ വാഹനം ഉൾപ്പടെയാകും സാന്നിധ്യം. ആരോഗ്യവകുപ്പിന്റെ സംഘവും സ്ഥലത്തുണ്ടാകും; മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും.
ഉത്സവദിവസങ്ങളിൽ തടസം കൂടാതെയുള്ള വൈദ്യുതി വിതരണത്തിന് കെഎസ്ഇബി യെ ചുമതലപ്പെടുത്തി. മലയാലപ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബയോടോയ്ലറ്റ് ക്രമീകരിക്കും. മാലിന്യ സംസ്കരണത്തിനും സംവിധാനമുണ്ടാകും.
വ്യാജമദ്യ വിൽപന, നിരോധിത ലഹരി വസ്തുക്കളുടെ വിൽപന തടയുന്നതിനുള്ള നടപടികൾ എക്സൈസ് സ്വീകരിക്കും. എഴുന്നള്ളത്തിനുള്ള ആനകളുടെ ഫിറ്റ്നസും ഇൻഷുറൻസും വനംവകുപ്പ് ഉറപ്പാക്കും. ആനകളുടെ ആരോഗ്യസ്ഥിതി വെറ്ററിനറി ഡോക്ടർമാർ പരിശോധിക്കും. തടസം കൂടാതെയുള്ള ജലവിതരണം ജല അതോറിറ്റി ഉറപ്പാക്കും. ഹോട്ടലുകളിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് ഉണ്ടെന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പും ഉറപ്പാക്കണമെന്നും കലക്ടർ നിർദേശിച്ചു.
ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കോന്നി തഹസിൽദാറിനെ ചുമതലപ്പെടുത്തി. അടൂർ ആർഡിഒ ബി. രാധാകൃഷ്ണൻ, ഡി എം ഡെപ്യൂട്ടി കലക്ടർ ആർ. രാജലക്ഷ്മി, ക്ഷേത്ര ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


