ഭാവിയിലേക്കുള്ള വാതിലാണ് ‘വിഷൻ 2031’ സെമിനാർ: മന്ത്രി കെ.ബി ഗണേഷ് കുമാർ

Kerala Pathanamthitta

പത്തനംതിട്ട – ഗതാഗത മേഖലയിലെ ഭാവി വികസനത്തിന്റെ മുതൽകൂട്ടായിരിക്കും ‘വിഷൻ 2031’ സെമിനാറെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. ഗതാഗത രംഗത്ത് മാറ്റം സൃഷ്ടിക്കുന്ന അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവയ്ക്കുന്ന വേദിയായി സെമിനാർ മാറുമെന്നും മന്ത്രി പറഞ്ഞു. വിഷൻ 2031 ന്റെ ഭാഗമായി ഗതാഗത വകുപ്പ് പത്തനംതിട്ട ജില്ലയിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാറിന്റെ സംഘാടക സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗതാഗത മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തികൾ, ഉദ്യോഗസ്ഥർ, സംഘടന പ്രതിനിധികൾ ഉൾപ്പെടെ ആയിരത്തോളം പേർ സെമിനാറിൽ പങ്കെടുക്കും. ഗതാഗത മേഖലയിൽ ചെയ്യുന്നതും ചെയ്യാൻ പോകുന്നതുമായ വികസന കാര്യങ്ങൾ ചർച്ച ചെയ്യും. കഴിഞ്ഞ ആറു മാസത്തിനിടെ റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് കുറഞ്ഞിട്ടുണ്ട്. കൃത്യമായ ബോധവൽക്കരണത്തിലൂടെയാണ് ഇത് സാധിച്ചത്. ആധുനികവൽകരണ പാതയിലാണ് ഗതാഗത വകുപ്പ്. വാഹൻ ഉൾപ്പെടെയുള്ള സോഫ്റ്റ്വെയറുകളെ കുറിച്ച് കൂടുതൽ ബോധവൽക്കരണം ആവശ്യമാണ്. ചലോ ആപ്പ്, പാസഞ്ചർ കാർഡ് തുടങ്ങിയവ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു. സ്വതന്ത്ര മനോഭാവത്തോടെ എല്ലാവരുടെയും പങ്കാളിത്തം സെമിനാറിൽ ഉറപ്പാക്കണമെന്ന് മന്ത്രി നിർദേശിച്ചു.

ഗതാഗത വകുപ്പിന്റെ പ്രവർത്തനം പ്രശംസനീയമാണെന്ന് ചടങ്ങിൽ പങ്കെടുത്ത കെ.യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. ചരിത്രത്തിലാദ്യമായി കെഎസ്ആർടിസി നഷ്ടമില്ലാതെ ഓടുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ഭാവി വികസന കാഴ്ചപ്പാട് രൂപീകരിക്കാൻ സെമിനാറിനാകുമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി കമ്മീഷണർ നിധിൻ അഗർവാൾ പറഞ്ഞു.

സെമിനാർ രൂപരേഖ ഗതാഗത വകുപ്പ് സ്പെഷ്യൽ സെക്രട്ടറി പി ബി നൂഹ് അവതരിപ്പിച്ചു. രാവിലെ 8.30 ന് രജിസ്ട്രേഷൻ ആരംഭിക്കും. ഗതാഗത വകുപ്പിന്റെ കഴിഞ്ഞ 10 വർഷത്തെ വികസന നേട്ടം അവതരിപ്പിക്കും. ഭാവിയിലെ പ്രവർത്തനത്തെ കുറിച്ച് മന്ത്രി വിശദീകരിക്കും. തുടർന്ന് ചർച്ചയിലൂടെ ക്രോഡീകരിക്കുന്ന ആശയം ചേർത്ത് സർക്കാരിന് റിപ്പോർട്ട് നൽകും.

ഒക്ടോബർ 15 ന് തിരുവല്ല ബിലീവേഴ്സ് ചർച്ച് ഹാളിൽ നടക്കുന്ന സെമിനാറിന്റെ വിജയത്തിനായി മന്ത്രി കെ ബി ഗണേഷ് കുമാർ ചെയർപേഴ്സണായുള്ള പൊതുസംഘാടക സമിതിക്ക് രൂപം നൽകി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എംപി, എംഎൽഎമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാർ, പ്രമോദ് നാരായൺ തുടങ്ങിയവർ വൈസ് ചെയർപേഴ്സൺമാരാണ്. കേരള റോഡ് സേഫ്റ്റി അതോറിറ്റി കമ്മീഷണർ നിധിൻ അഗർവാൾ രക്ഷാധികാരിയും ഗതാഗത വകുപ്പ് സ്പെഷ്യൽ സെക്രട്ടറി പി ബി നൂഹ് ജനറൽ കൺവീനറുമാണ്. പത്തനംതിട്ട ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ ജോയിന്റ് കൺവീനറും.

പത്തനംതിട്ട കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി നായർ, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറും കെഎസ്ആർടിസി സിഎംഡിയുമായ പ്രമോജ് ശങ്കർ, തിരുവല്ല സബ് കലക്ടർ സുമിത് കുമാർ താക്കൂർ, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *