തിരുവനന്തപുരം – നിയമ ചട്ട വിരുദ്ധമായി പ്രവർത്തിക്കുന്ന ലോ അക്കാദമി ലോ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കണമെന്നും കരിമ്പട്ടികയിൽപ്പെടുത്തണമെന്നുമുള്ള പത്തനംതിട്ടക്കാരൻ അദ്ധ്യാപകന്റെ പരാതിയിൽ കേന്ദ്ര നിയമ മന്ത്രാലയം അന്വേഷണത്തിന് ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് നിർദേശം നൽകി. ലോ കോളജുകൾക്ക് അംഗീകാരവും പ്രവർത്തന അനുമതിയും നൽകുന്നത് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ആയതിനാൽ അന്വേഷിച്ച് നടപടിയെടുക്കാനും ഈ വിവരം പരാതിക്കാരനെ അറിയിക്കാനുമാണ് നിർദേശം. പൊതു പ്രവർത്തകനും അദ്ധ്യാപകനുമായ പത്തനംതിട്ട സ്വദേശി ജ്യോതിസ് വി. പിള്ളയാണ് ഇതു സംബന്ധിച്ച് പരാതി നൽകിയത്.
ചട്ടവിരുദ്ധമായി സർക്കാർ ഭൂമി അക്കാദമി കൈവശപ്പെടുത്തിയെന്ന് ജ്യോതിസ് നേരത്തേ നൽകിയ പരാതിയിൽ നിലവിൽ അന്വേഷണം നടന്നു വരുമ്പോഴാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യയും യു.ജി.സിയും പുതിയ പരാതിയിൽ അന്വേഷണം തുടങ്ങിയിട്ടുള്ളത്. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെയും യു.ജി.സിയുടെയും നിയമ നടപടിയുടെ ഭാഗമായി ഗവർണർ ലോ അക്കാദമിയോട് വിശദീകരണം തേടിയിട്ടുണ്ട്. കോളേജ് പ്രിൻസിപ്പാളിനും അദ്ധ്യാപകർക്കും മതിയായ യോഗ്യത ഇല്ലാത്തതും സായാഹ്ന ബാച്ചിൽ പഠനത്തിനെത്തുന്നവർക്കും റഗുലർ ബാച്ചെന്ന നിലയിൽ സർട്ടിഫിക്കറ്റ് നൽകുന്നതുമുൾപ്പെടെ അതീവഗുരുതരമായ ആരോപണങ്ങളാണ് സ്ഥാപനത്തിന്റെ അഫിലിയേഷൻ റദ്ദാക്കണമെന്ന പരാതിയിൽ ജ്യോതിഷ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ലോ അക്കാദമി പ്രിൻസിപ്പൽ പ്രഫ. കെ. ഹരീന്ദ്രനെ യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചല്ല നിയമിച്ചതെന്ന് പരാതിയിൽ ആരോപിക്കുന്നു. പി.എച്ച്.ഡിയും കുറഞ്ഞത് 15 വർഷത്തെ അധ്യാപന/ഗവേഷണ പ്രവർത്തി പരിചയവും അതിൽ തന്നെ അഞ്ചു വർഷം അസോസിയേറ്റ് പ്രഫസറോ മൂന്നു വർഷം പ്രഫസറോ ആയി സേവനം അനുഷ്ഠിച്ചവരെ വേണം പ്രിൻസിപ്പൽ സ്ഥാനത്തേക്ക് പരിഗണിക്കാൻ.
അക്കാദമിക് റെക്കോർഡും യു.ജി.സി അംഗീകാരമുള്ള ജേർണലുകളിൽ റിസർച്ച് പബ്ലിക്കേഷനും വേണമെന്നുള്ള മാനദണ്ഡമുള്ളപ്പോൾ നിലവിലെ പ്രിൻസിപ്പലിന് ഈ യോഗ്യതകളൊന്നുമില്ലെന്നാണ് പരാതി. ഹിന്ദുസ്ഥാൻ ലാറ്റക്‌സിലെ മുൻ ഉദ്യോഗസ്ഥൻ എന്നതല്ലാതെ ലോ അക്കാഡമി ഡയറക്ടറാൻ പി.എച്ച്.ഡിയോ അദ്ധ്യാപക പ്രവർത്തി പരിചയമോ അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ അനിൽകുമാറിനില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്റോൾമെന്റ് ക്യാൻസൽ ചെയ്യാത്ത അഭിഭാഷകരാണ് ടീച്ചിങ് സ്റ്റാഫായുള്ളത്. ഇത് അഡ്വക്കേറ്റ്‌സ് ആക്ടിനും ബാർകൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടങ്ങൾക്കും വിരുദ്ധമാണ്. ബാർ കൗൺസിൽ ഓഫ് ഇന്ത്യ ലോ കോളേജുകളിലെ സായാഹ്ന ബാച്ച് നിർത്തലാക്കിയെങ്കിലും ലോ അക്കാഡമിയിൽ ഇപ്പോഴും തുടരുന്നു. പോലീസ് ഓഫീസർമാരുൾപ്പെടെ ഗവ: ഉദ്യോഗസ്ഥരും രാഷ്ര്ടീയക്കാരും ക്ലാസിൽ ഹാജരാകാതെ സായാഹ്ന ബാച്ചിലൂടെയാണ് എളുപ്പ വഴിയിൽ എൽ.എൽ.ബിക്കാരാകുന്നത് എന്നും പരാതിയിൽ ഉന്നയിച്ചിരിക്കുന്നു. നിയമ വിദ്യാർത്ഥികൾ നിർബന്ധമായും ഇന്റേൺഷിപ്പിന്റെ ഭാഗമായി കോടതി ചേംബർ ജോലികൾ ചെയ്യണമെന്നുണ്ട്. എന്നാൽ, ചുളുവിൽ എൽ.എൽ.ബിക്കാരാകാൻ വരുന്നവർ പോലീസ് സ്‌റ്റേഷനുകളിലും ഫയർ ഫോഴ്‌സ് ഓഫീസിലും ജോലി ചെയ്തതായി കാണിച്ച് ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നതാണ് രീതി.
വേണ്ടപ്പെട്ടവർക്ക് കൂടുതൽ ഇന്റേർണൽ മാർക്കുകൾ നൽകിയും ചോദ്യം ചെയ്യുന്നവരെ നോട്ടപ്പുള്ളികൾ ആക്കിയും പ്രതികാരം ചെയ്യുന്ന മാനേജ് മെന്റിനെതിരെ വിദ്യാർത്ഥികൾക്ക് നേരെ ജാതീയ ആക്ഷേപങ്ങൾ നടത്തിയതിനും കേസുണ്ട്. ഹാജരും പരീക്ഷ നടത്തിപ്പും മൂല്യനിർണയവും സർട്ടിഫിക്കറ്റ് വിതരണവുമെല്ലാം ലോ അക്കാദമി മാനേജ്‌മെന്റ് തന്നെയാണ്. നിയമരംഗത്ത് ഇന്നോളം കാര്യമായ അക്കാദമിക് നേട്ടങ്ങളോ ഗവേഷണങ്ങളോ നടത്താതെ നിയമ വിദ്യാഭ്യാസം കച്ചവടമാക്കിയ കേരളാ ലോ അക്കാദമിയുടെ അഫിലിയേഷൻ അടിയന്തിരമായി റദ്ദാക്കണമെന്നും പുതിയ അഡ്മിഷൻ അനുവദിക്കാതെ കോളജ് ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തണമെന്നും ജ്യോതിസ് പരാതിയിൽ ആവശ്യപ്പെടുന്നു.
യോഗ്യതയില്ലാത്ത അധ്യാപകരെ അനധികൃതമായി നിയമിച്ചതിനെതിരെ നടപടിയെടുക്കാൻ കേരള സർവകലാശാലയ്ക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് യു.ജി.സി , ബാർ കൗൺസിൽ ഓഫ് ഇന്ത്യ, കേരള ഗവർണർ, ലോ സെക്രട്ടറി, കേന്ദ്ര നിയമമന്ത്രാലയം , ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടുള്ളത്.
കേരള ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിമാരുടെ ചിത്രങ്ങൾ സഹിതമുള്ള ലോ അക്കാദമിയുടെ പരസ്യങ്ങൾക്കും ലോ അക്കാദമി ഡയറക്ടർ സ്ഥാനത്ത് തുടരുന്ന അഡ്വ. നാഗരാജ് നാരായണൻ ഹൈക്കോടതിയിൽ വനംവകുപ്പ് പ്രോസിക്യൂട്ടർ ആയും നാഗരാജ് അസോസിയേറ്റ്‌സിന്റെ വക്കീലായും ബാർ കൗൺസിൽ ഓഫ് കേരളയുടെ സജീവ അംഗമായും പ്രവർത്തിക്കുന്നതിനെതിരെ കൊച്ചി സ്വദേശി സന്തോഷ് കുമാർ നൽകിയ പരാതികളും നിലവിൽ അന്വേഷണത്തിലാണ്.


