പന്തളം – എം ഡി എം എ യുമായി യുവാവ് പിടിയിലായി. ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് വളപ്പ് വീട്ടിൽ അനീഷ് അബ്ദുൾ ഖാദർ (39) ആണ് പന്തളം പോലീസിൻെറ പിടിയിലായത്. 15ന് രാത്രി 8ഓടെ ജില്ലാ പോലീസ് മേധാവി ആർ.ആനന്ദിന് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ പന്തളം എസ് ഐ അനീഷ് എബ്രഹാമും സംഘവും ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമിൻെറ സഹായത്തോടെയാണ് പന്തളം ടൌണിൽ നിന്നും പ്രതിയെ പിടികൂടിയത്. പ്രതി വന്ന മഹീന്ദ്ര ബൊലേറോ ട്രക്ക് തടഞ്ഞു നിർത്തി പരിശോധിക്കുകയും പ്രതിയിൽ നിന്ന് രാസലഹരിയിനത്തിൽപ്പെട്ട 0.28 ഗ്രാം എം ഡി എം എ കണ്ടെടുക്കുകയുമായിരുന്നു. സംഭവത്തിൽ പ്രതിയെയും എം ഡി എം എയും വാഹനവും കസ്റ്റഡിയിലെടുത്തു. തുടർന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പന്തളം പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിൻെറ നേതൃത്വത്തിൽ എസ് ഐ അനീഷ് എബ്രഹാം, സി പി ഒ ശരത്ത് എസ് പിള്ള , ജില്ലാ ഡാൻസാഫ് ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. രാസലഹരി ഉപയോഗിക്കുന്നവർക്കും വില്പന നടത്തുന്നവർക്കും എതിരെയുള്ള ജില്ലാ പോലീസിന്റെ ശക്തമായ നടപടികൾ നിർബാധം തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

