കൊച്ചി – ഹൈക്കോടതിയിലും കീഴ്‌ക്കോടതികളിലും നിലനില്‍ക്കുന്ന വിവിധ കേസുകളില്‍ പ്രത്യേക ഉദ്ദേശത്തോടെ അനാവശ്യമായി ഇടപെടുന്നുവെന്ന് ആരോപിച്ച് ഹൈക്കോടതിയിലെ ഗവ. പ്ലീഡര്‍ക്കെതിരേ ബാര്‍ കൗണ്‍സിലിനും ഹൈക്കോടതി രജിസ്ട്രാര്‍ക്കും പരാതി. വനംവകുപ്പ് പ്രോസിക്യൂട്ടറും കേരളാ ലോ അക്കാദമി ഡയറക്ടറുമായ അഡ്വ. നാഗരാജ് നാരായണനെതിരേയാണ് എറണാകുളം തേവര നിവാസിയായ എ.എസ്. സന്തോഷ്‌കുമാര്‍ പരാതി നല്‍കിയത്. ലോ അക്കാദമിയില്‍ പഠിച്ചിറങ്ങിയ ചില സീനിയര്‍ അഭിഭാഷകരുടെയും ജഡ്ജിമാരുടെയും പേര് ദുരുപയോഗം ചെയ്ത് നീതിന്യായ സംവിധാനത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തി വിധി അനുകൂലമായി സമ്പാദിക്കുന്നുവെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. ഇതിനുള്ള തെളിവുകള്‍ അടക്കം 148 പേജുള്ള പരാതിയാണ് സമര്‍പ്പിച്ചിട്ടുള്ളത്. നാഗരാജ് ബാര്‍ കൗണ്‍സില്‍ അംഗമായതിനാല്‍ ഇദ്ദേഹത്തെ മാറ്റി നിര്‍ത്തി പ്രത്യേക കമ്മറ്റി രൂപീകരിച്ച് വേണം അന്വേഷണം നടത്താനെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മാതൃഭൂമി കൊല്ലം ലേഖകനായിരുന്ന ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മാപ്പുസാക്ഷിയാണ് പരാതിക്കാരനായ സന്തോഷ്‌കുമാര്‍. ഉണ്ണിത്താന്‍ വധശ്രമം അടക്കം നാലോളം കേസുകളില്‍ പ്രതിയായിരുന്ന റിട്ട. എസ്.പി എന്‍. അബ്ദുള്‍ റഷീദിനെ വിചാരണ കൂടാതെ പ്രതിസ്ഥാനത്ത് നിന്നൊഴിവാക്കാന്‍ സഹായിച്ചത് നാഗരാജ് ആണെന്ന് പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഉണ്ണിത്താന്‍ കേസില്‍ 90 ദിവസം ജയില്‍വാസം അനുഭവിച്ചത് അടക്കം ചൂണ്ടിക്കാട്ടി ഐ.പി.എസ്. സ്ഥാനക്കയറ്റത്തിന് സംസ്ഥാന സര്‍ക്കാര്‍ അബ്ദുള്‍ റഷീദിന് ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. എന്നാല്‍, റഷീദിന് ഐ.പി.എസ് ലഭിക്കാന്‍ ഹൈക്കോടതിയില്‍ നിന്ന് വിചിത്രമായ വിധി നാഗരാജ് സമ്പാദിച്ച് കൊടുത്തുവെന്നാണ് പ്രധാന ആരോപണം. ഇതിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകളും ഒപ്പം സമര്‍പ്പിച്ചിട്ടുണ്ടെന്ന് സന്തോഷ് പറഞ്ഞു.
കൊല്ലത്ത് സ്‌റ്റോപ്പ് ഇല്ലാത്ത രാജധാനി എക്‌സ്പ്രസ് ട്രെയിന്‍ ചങ്ങല വലിച്ചു നിര്‍ത്തിയതിന് എടുത്ത കേസിലും റഷീദിനെ വിചാരണ കൂടാതെ വിട്ടയച്ചിരുന്നു. ഇതിനെതിരേ സന്തോഷ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ റഷീദിന് വേണ്ടി ഹാജരായത് നാഗരാജ് ആയിരുന്നു. എന്നാല്‍, സന്തോഷിന്റെ പേരിലും ഫിസിക്കല്‍ ഫയലിങ്ങിലൂടെ മെമ്മോ ഓഫ് അപ്പിയറന്‍സ് ഫയല്‍ ചെയ്ത് കോടതിയെ തെറ്റിദ്ധരിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ നാഗരാജ് നാരായണന്‍ശ്രമിച്ചുവെന്നതിന്റെ തെളിവുകളും പരാതിക്കൊപ്പമുണ്ട്.
ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ സി.ബി.ഐ കോടതി വിചാരണ കൂടാതെ അബ്ദുള്‍ റഷീദിനെ വിട്ടയച്ചതിനെതിരേ നാല് റിവിഷന്‍ പെറ്റിഷനുകള്‍ ഹൈക്കോടതിയില്‍ ഉണ്ടായിരുന്നു. രാജധാനി എക്‌സ്പ്രസ് ചങ്ങല വലിച്ചു നിര്‍ത്തിയ കേസില്‍ റഷീദിനെ ഒഴിവാക്കിയതിനെതിരേ സന്തോഷ്‌കുമാര്‍ നല്‍കിയ ഹര്‍ജിയും ചേര്‍ത്ത് അഞ്ച് കണക്ടഡ് കേസുകളായിട്ടാണ് കഴിഞ്ഞ ഡിസംബര്‍ രണ്ടു വരെ ഹൈക്കോടതി വാദം കേട്ടിരുന്നത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഹര്‍ജികള്‍ എല്ലാം ഒരുമിച്ച് കേള്‍ക്കാന്‍ ഉത്തരവിട്ടിരുന്നത്. എന്നാല്‍, ഡിസംബര്‍ ഒന്നിന് ലോയേഴ്‌സ് ന്യൂസ് നെറ്റ്‌വര്‍ക്കെന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ അടുത്ത ദിവസം പരിഗണിക്കാന്‍ ഇരിക്കുന്ന ഹര്‍ജികളില്‍ എതിര്‍കക്ഷിയായ അബ്ദുള്‍ റഷീദ് തന്റെ സുഹൃത്തും സഹപാഠിയും നിരപരാധിയും ആണെന്നും ഹര്‍ജിക്കാരന്‍ ഏതോ ഒരു ക്രിമിനല്‍ ആണെന്നും നാഗരാജ് നാരായണന്‍ പോസ്റ്റിട്ടു. ഇത് പ്രോസിക്യൂട്ടര്‍മാരെ സ്വാധീനിക്കുന്നതിന് വേണ്ടിയായിരുന്നുവെന്ന് സന്തോഷ്‌കുമാര്‍ പറയുന്നു. അതിന് തെളിവായി വാട്‌സാപ്പ് ഗ്രൂപ്പിലെ സ്‌ക്രീന്‍ഷോട്ടും പിന്നാലെ തന്റെ ഹര്‍ജിയില്‍ വന്ന വിധിയും സന്തോഷ്‌കുമാര്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ പേരില്‍ നാഗരാജ് വ്യാജ മെമ്മോ ഓഫ് അപ്പിയറന്‍സ് ഇട്ടതിന് നല്‍കിയ ഹര്‍ജിയും മറ്റ് ഹര്‍ജികള്‍ക്കൊപ്പമാണ് പരിഗണിച്ചിരുന്നത്. ഡിസംബര്‍ രണ്ടിന് കേസുകള്‍ പരിഗണിച്ചപ്പോള്‍ ഈ ഹര്‍ജി മറ്റുള്ളവയില്‍ നിന്ന് അടര്‍ത്തി മാറ്റുകയാണുണ്ടായത്. പിന്നീട് തന്റെ ഹര്‍ജിയില്‍ വന്ന വിധിയില്‍ നാഗരാജ് നാരായണന്‍ മുന്‍പ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇട്ട അതേ വാചകങ്ങള്‍ ഉള്‍പ്പെടുകയും ചെയ്തത് എങ്ങനെയെന്ന് സന്തോഷ്‌കുമാര്‍ ചോദിക്കുന്നു. ലോ അക്കാദമി ഡയറക്ടറായ നാഗരാജ് നാരായണന്‍ ഒരേ സമയം ഹൈക്കോടതിയില്‍ ഗവ. പ്ലീഡറായി പ്രവര്‍ത്തിക്കുകയും വക്കീല്‍ ആയി പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്നത് ചട്ട വിരുദ്ധമാണ്. ജഡ്ജിമാരുടെ ചിത്രങ്ങള്‍ എടുത്ത് ലോ അക്കാദമിയുടെ വെബ്‌സൈറ്റ് വഴി പ്രചരിപ്പിക്കുന്നത് ദുരുദ്ദേശത്തോടെയാണ്. ബാര്‍ കൗണ്‍സിലില്‍ സജീവ അംഗമായ ഇദ്ദേഹത്തിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും അഭിഭാഷക വൃത്തിയില്‍ നിന്ന് പുറത്താക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
പരാതി ലഭിച്ച് മാസമൊന്നു കഴിഞ്ഞിട്ടും ബാര്‍ കൗണ്‍സില്‍ തുടര്‍ നടപടി വൈകിപ്പിക്കുകയാണ് എന്നാണ് ആക്ഷേപം.


