അടൂർ – അടൂരിലെയും പരിസര പ്രദേശങ്ങളിലും അറിയപ്പെട്ടിരുന്ന ഡി.വൈ.എഫ്.ഐ നേതാവായിരുന്ന ജോയലിൻ്റെ മരണം പോലീസ് മർദ്ദനത്തെ തുടർന്നെന്ന് ബന്ധുക്കൾ ആരോപിച്ചു. ജോയലിനൊപ്പം പോലീസിൻ്റെ മർദ്ദനമേറ്റ ജോയലിൻ്റെ പിത്യ സഹോദരി കുഞ്ഞമ്മക്ക് ഇന്നും മർദ്ദനം കാരണമുണ്ടായ ശാരീരിക അവശതകൾ വിട്ടുമാറിയിട്ടില്ല. സംഭവത്തിൽ പാർട്ടി സഹായിച്ചില്ലെന്നും ജോയലിൻ്റെ ബന്ധുക്കൾ ആരോപിച്ചു.
അടുരിലെ ഡി.വൈ.എഫ്.ഐ യുടെ ഏരിയാ സെക്രട്ടറിയായും സി.പി.എം പ്രവർത്തകനായും സജീവമായിരുന്ന ജോയൽ ഇടക്ക് പാർട്ടിയുടെ ചുമതലകളിൽ നിന്നും വിട്ട് നിന്നിരുന്നു. 2020 മെയ് മാസത്തിലാണ് ജോയൻ മരണപ്പെട്ടത്. ആ കൊല്ലം ജനുവരി ഒന്നിന് വാഹനങ്ങൾ തമ്മിൽ ഉരഞ്ഞതിനെ തുടർന്നുണ്ടായ നിസ്സാര തർക്കത്തിൻ്റെ പേരിൽ ജോയലിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതാണ്. പെറ്റിക്കേസ് മാത്രമാണെന്നാണ് ആദ്യം ഉദ്യോഗസ്ഥർ ജോയലിൻ്റെ ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ പിന്നീട് സി ഐ വന്ന ശേഷം വിടാം എന്ന് പറഞ്ഞ് നാല് മണി മുതൽ ഏഴ് മണി വരെ സ്റ്റേഷനിൽ നിർത്തി. 7 മണിക്ക് സി ഐ ബിജു വന്നപാടെ ജോയലിനെ മർദിക്കാൻ ആരംഭിക്കുകയായിരുന്നുവെന്ന് ജോയലിൻ്റെ പിതാവ് ജോയി പറയുന്നു.

ജോയൽ കഴുത്തിൽ കിടന്ന അരിവാൾ ചുറ്റിക നക്ഷത്രം അടയാളവുള്ള മാല ഉയർത്തിക്കാട്ടി, താൻ പാർട്ടിക്കാരനാണെന്നും തല്ലരുതെന്നും പറഞ്ഞതൊടെയാണ് പോലീസുകാരുടെ ഭാഗത്തുനിന്ന് അതിക്രുരമായ മർദനം ഉണ്ടായതെന്ന് ഏറെ ദുഖത്തോടെ കുഞ്ഞമ്മ പറയുന്നു.
ആറ് പോലീസുകാർ ചേർന്നാണ് ജോയലിനെ അതിക്രൂരമായി തല്ലിച്ചതച്ചത്. പത്തനംതിട്ട സ്റ്റേഷനിൽ വച്ച് മാദ്ധ്യമ പ്രവർത്തകനെ മർദ്ദിച്ചതടക്കം ലോക്കപ്പ് മർദനങ്ങളുടെ പേരിൽ നിരവധി പരാതികൾക്ക് ഇടയുണ്ടാക്കിയ ആളാണ് സി ഐ യൂ ബിജു. മകനെ മർദിക്കുന്നത് കണ്ട് ഓടിയെത്തിയ പിതാവ് ജോയിയെ കഴുത്തിന് പിടിച്ച് സ്റ്റേഷന് വെളിയിൽ തള്ളുകയും പിത്യ സഹോദരി കുഞ്ഞമ്മയുടെ നാഭിയിൽ ബൂട്ടിട്ട് ചവിടുകയും ചെയ്തു.
ചവിട്ടേറ്റ് കുഞ്ഞമ്മക്ക് മൂത്രം പോവുകയും തളർന്ന് വീഴുകയും ചെയ്തു. പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ജോയലിൻ്റെ മെഡിക്കൽ എടുക്കാനായി ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ കുഞ്ഞമ്മ ആശുപത്രിയിൽ ഇരിക്കുന്നത് കണ്ടതോടെ സി ഐ പോലീസിനെതിരെ കേസില്ല എന്ന് എഴുതി വാങ്ങിയ ശേഷം ജോയലിനെ വിട്ടയച്ചു. മർദ്ദനത്തെ തുടർന്ന് മൂത്രത്തിൽ രക്തവും പഴുപ്പും ഉണ്ടായി ചികിത്സയിലായിരുന്ന ജോയൽ 5 മാസത്തിന് ശേഷം മരണപ്പെട്ടു. ജോയലിൻ്റെ മരണം പോലീസ് മർദ്ദനം കാരണമാണെന്നും സ്റ്റേഷനിലെ സിസിടിവി യിൽ മർദനത്തിൻ്റെ ദൃശ്യങ്ങൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടി പിതാവ് ജോയി മുഖ്യമന്ത്രിക്കും ഡിജിപിക്കു മടക്കം പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. വിശ്വസിച്ച പാർട്ടി കൈവിട്ടെങ്കിലും മകൻ്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിലെത്തിക്കാൻ ജോയി നിയമ പോരാട്ടം തുടരും.


