പത്തനംതിട്ടയിൽ മുമ്പെങ്ങും കാണാത്ത വിധം പോലീസുകാർ അരിപ്പപോലെ നിരന്നിട്ടും യൂത്തുകോൺഗ്രസുകാർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: നഗരം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പോലീസ് വിന്യാസത്തിനു ഇടയിലൂടെ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രയോഗം നടത്തിയ ഏഴു യൂത്ത് കോൺഗ്രസുകാരെ അറസ്റ്റ് ചെയ്തു. മൂന്നു പേരെ കരുതൽ തടങ്കലിലുമാക്കി. ആശാവർക്കർമാരുടെ സമരത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചുഡന്റെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം നടന്നത്.

ജില്ലയിൽ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് നടന്ന മുഖ്യമന്ത്രിയുടെ സന്ദർശനത്തിനിടെയാണ് സംഭവം. അഴൂരിലെ സർക്കാർ അതിഥി മന്ദിരത്തിലാണ് മുഖ്യമന്ത്രി വിശ്രമിച്ചത്. രാവിലെ 11.30 ന് അവിടെ നിന്നും അദ്ദേഹം പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പോകാൻ ഇറങ്ങിയപ്പോഴാണ് സമീപത്തെ കെട്ടിടത്തിന് മറവവിൽ നിന്ന് യൂത്ത് കോൺഗ്രസുകാർ റോഡിലേക്ക് ചാടി മുദ്രാവാക്യം മുഴക്കുകയും കരിങ്കൊടി ഉയർത്തിക്കാട്ടുകയും ചെയ്തത്.

ഇവരെ തടയാൻ പോലീസ് ശ്രമിച്ചു. ഇതിനിടെ ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്റെ ടീ ഷർട്ട് പോലീസ് ഉദ്യോഗസ്ഥൻ ഊരിയെടുക്കുകയും ചെയ്തു.
ഏഴു പേരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഓമല്ലൂർ ചൈത്രം വീട്ടിൽ വിജയ് ഇന്ദുചൂഡൻ(28), കൊടുമൺ ഐക്കാട് ജിതിൻ ജി നൈനാൻ (35), കൊടുമൺ കാവിളയിൽ നെസ്മൽ (30), മുണ്ടുകോട്ടക്കൽ പതാലിൽ വീട്ടിൽ സുബിൻ (24), മുണ്ടുകോട്ടക്കൽ ഉഴത്തിൽ റോബിൻ (34), പുത്തൻ പീടിക സ്‌റ്റെഫിൻ (25), അടൂർ വടക്കടത്തുകാവ് കാഞ്ഞിരവിള റിനോ ഭവനിൽ റിനോ പി രാജൻ(32) എന്നിവരാണ് അറസ്റ്റിലായത്.

അബാൻ ജംഗ്ഷനിൽ ഉച്ചക്ക് 12.45 ന് സംശയകരമായി കണ്ട മൂന്നുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഏതോ കുറ്റകൃത്യം ചെയ്യാൻ തയാറെടുപ്പ് നടത്തുന്നതായി സംശയം തോന്നിയതിനാൽ മുൻകരുതൽ നടപടിയെന്നോണം പിടികൂടുകയായിരുന്നു. മെഴുവേലി ആലക്കോട് കിഴക്കേതിൽ നെജോ (28), കുലശേഖരപതി അലങ്കാരത്ത് റാഫി (27), കുലശേഖരപതി അൻസാർ മൻസിലിൽ അൻസിൽ മുഹമ്മദ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് പോലീസ് കരുതൽ തടങ്കലിലാക്കിയത്. ഇവരെ പിന്നീട് വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *