പത്തനംതിട്ട – ഇന്നലെ ഓണപ്പരീക്ഷ കഴിഞ്ഞു വരുന്ന വഴിക്ക് കാല്‍വഴുതി അച്ചന്‍കോവിലാറ്റില്‍ വീണ് ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കിട്ടി. മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ചിറ്റൂര്‍ തടത്തില്‍ വീട്ടില്‍ അജീബ്-സലീന ദമ്പതികളുടെ മകന്‍ അജ്‌സല്‍ അജീബ് (14) ആണ് മരിച്ചത്. സഹപാഠി വഞ്ചികപ്പൊയ്ക ഓലിയ്ക്കല്‍ നിസാമിന്റെ മകന്‍ നെബീല്‍ നിസാമിനെ (14) കാണാതായി. ഇന്നലെ അച്ചന്‍കോവിലാറ്റില്‍ കല്ലറക്കടവിലാണ് സംഭവം. ഇന്നലെ രാത്രിയായതോടെ നിർത്തിവെച്ച തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിക്കുമെന്ന് അഗ്നിശമന സേന അറിയിച്ചു.
ഇന്നലെ ഉച്ചയോടെ ഓണപ്പരീക്ഷ കഴിഞ്ഞ് സഹപാഠികളായ എട്ട് വിദ്യാര്‍ഥികളാണ് കല്ലറക്കടവില്‍ എത്തിയത്. കുട്ടികള്‍ ആറ്റിലിറങ്ങി മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കുകയും മറ്റും ചെയ്തു. ഇതിനിടെ അജ്‌സലും നെബീലും അറിന് കുറുകെയുള്ള തടയണിലൂടെ നടന്ന് നീങ്ങുന്നതിനിടെയാണ് കാല്‍വഴുതി വീണത്. ആറ്റില്‍ നിറയെ വെള്ളവും കുത്തൊഴുക്കുമുണ്ടായിരുന്നു. അജ്‌സലും നെബീലും മുങ്ങിത്താഴുന്നത് കണ്ട് കൂട്ടത്തിലുണ്ടായിരുന്ന അഞ്ച് കുട്ടികള്‍ ഭയന്നോടി. കടമ്മനിട്ട സ്വദേശിയായ മറ്റൊരു കുട്ടി ബഹളം വച്ച് ആളുകളെ കൂട്ടാന്‍ ശ്രമിച്ചു. അപ്പോഴേക്കും അജ്‌സലും നെബീലും മുങ്ങിത്താണിരുന്നു.
പത്തനംതിട്ടയിലും ചെങ്ങന്നൂരിലും നിന്ന് അഗ്‌നിരക്ഷ സേനയുടെ സ്‌കൂബ ടീം അംഗങ്ങളാണ് തെരച്ചില്‍ നടത്തിയത്. സംഭവ സ്ഥലത്ത്‌നിന്നും 300 മീറ്റര്‍ മാറി വൈകിട്ട് 3.45 ഓടെ അജിസലിന്റെ മൃതദേഹം കണ്ടെത്തി. കല്ലറക്കടവ് ഭാഗത്ത് ചുഴിയും അടിയൊഴുക്കുമുള്ളതിനാല്‍ സ്ഥിരം അപകട മേഖലയാണ്. നിരവധി മുങ്ങിമരണം ഉണ്ടായിട്ടുണ്ട്. ഇവിടെയെത്തുന്ന കുട്ടികളെ പല സമയങ്ങളിലും നാട്ടുകാര്‍ മടക്കി അയയ്ക്കാന്‍ ശ്രമിക്കാറുണ്ട്.
അജ്‌സല്‍ ഏക മകനാണ്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. സംസ്‌കാരം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച പത്തനംതിട്ട ടൗണ്‍ ജുമാ മസ്ജദില്‍.

What do you feel about this post?
Like
Love
Happy
Haha
Sad

