പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മണ്ഡലത്തിലെ മല്ലപ്പുഴശേരി കുടുംബാരോഗ്യ കേന്ദ്രം മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനെ ചൊല്ലിയുള്ള വിവാദം തീരുന്നില്ല. പതിറ്റാണ്ടുകളായി മല്ലപ്പുഴശേരി പഞ്ചായത്തിലെ പുന്നക്കാട് പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രം മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇതിനായി കണ്ടെത്തിയ സ്ഥലത്തിൽ അവകാശവാദം ഉന്നയിച്ച് കെ.പി.എം.എസ്. ആശുപത്രിക്കായി കണ്ടെത്തിയ സ്ഥലം തങ്ങളുടെ ആരാധനാ കേന്ദ്രം ഉൾപ്പെട്ടതെന്നാണ് ഇവർ ഗ്രാമപഞ്ചായത്തിന് നൽകിയ പരാതിയിൽ പറയുന്നത്. ഇതോടെ ആശുപത്രി നീക്കം കൂടുതൽ സങ്കീർണമാകുകയാണ്. ആശുപത്രി മാറ്റാനുള്ള നീക്കം പഞ്ചായത്ത് കമ്മറ്റി ആരംഭിച്ചതോടെ പുന്നയ്ക്കാട് ഉൾക്കൊള്ളുന്ന പ്രദേശങ്ങളിലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.
ആശുപത്രി മാറ്റുന്നതിനെതിരെ സമരം നടത്താനും ഇവർ തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി ആശുപത്രി ഇവിടെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം സമർപ്പിച്ചിരുന്നു. മൂന്ന് പതിറ്റാണ്ട് മുൻപാണ് പുന്നക്കാട് സർക്കാർ ആരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. അന്ന് ഇതിന് ആവശ്യമായ സ്ഥലം ലഭ്യമാക്കിയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങിയത്. പിന്നീട് പുതിയ കെട്ടിടം നിർമ്മിക്കുകയും സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്തു.
ഇപ്പോൾ കിടത്തി ചികിത്സ ലഭ്യമാക്കി കുടുംബാരോഗ്യ കേന്ദ്രം അനുവദിക്കാമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം വന്നിട്ടുണ്ട്. ഇതേ തുടർന്നാണ് പുതിയ നീക്കങ്ങൾ ആരംഭിച്ചത്. എന്നാൽ നിലവിലെ ചികിത്സാ സൗകര്യം മാറ്റുന്നതിന് നാട്ടുകാർ അനുകൂലമായിരുന്നില്ല. പിന്നാലെയാണ് വിവാദവും പ്രതിഷേധവും ആരംഭിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്തിൽ ഭരണം നടത്തുന്ന ഇടത് മുന്നണിയിലെ പടല പിണക്കങ്ങളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്കും കാരണമാകുന്നത്.കമ്മറ്റിയുടെ അനുമതി ഇല്ലാതെ കെട്ടിട പെർമിറ്റ് നൽകിയതിനെതിരെ പരാതിയുമായി ബി.ജെ.പി രംഗത്ത് എത്തിയിട്ടുണ്ട്. അടിയന്തിര കമ്മറ്റി ചേരാൻ ഇവർ നോട്ടീസ് നൽകുമെന്നും അറിയിച്ചു.
പ്രാഥമികാരോഗ്യകേന്ദ്രം നിലനിർത്തുമെന്ന് പ്രസിഡന്റ്.
പുന്നയ്ക്കാട് കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന മല്ലപ്പുഴശേരി പ്രാഥമിക ആരോഗ്യ കേന്ദ്രം പഞ്ചായത്തിന്റെ മധ്യ ഭാഗത്താണ്. അതിനാൽ തന്നെ ഇത് മാറ്റാനുള്ള നീക്കത്തെ പിന്തുണക്കില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനു ജിജു ജോസഫ് അറിയിച്ചു. താൻ പ്രസിഡന്റ് ആയ ശേഷം ഇതിനായുള്ള ഒരു നടപടികളും സ്വീകരിച്ചിട്ടില്ല. പൗരസമിതി ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്തുന്ന നിലപാടാണ് സ്വീകരിച്ചതെന്നും പ്രസിഡന്റ് അറിയിച്ചു. പഞ്ചായത്തിൽ പുതുതായി അനുവദിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിനാണ് ഇപ്പോൾ സ്ഥലം കണ്ടെത്താൻ ശ്രമിക്കുന്നത്. ഇത് കുഴിക്കാലയിൽ സ്ഥാപിക്കാൻ സ്ഥലം സൗജന്യമായി ലഭ്യമാക്കാമെന്ന് പഞ്ചായത്തംഗം മേഴ്‌സി സാമുവേൽ കമ്മറ്റി യോഗത്തിൽ അറിയിച്ചിരുന്നു.എന്നാൽ യാത്രാ സൗകര്യം കൂടി പരിഗണിച്ചാണ് പുതിയ സ്ഥലം കണ്ടെത്താൻ ശ്രമിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രം സ്ഥാപിച്ചാലും നിലവിലെ ആശുപത്രി ഡോക്ടറുടെ സൗകര്യത്തോടെ ഇവിടെ തന്നെ തുടരുന്നതിന് ശ്രമിക്കുമെന്നും ഇതിനായുള്ള നിർദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

