മല്ലപ്പള്ളി: കാർ വീട്ടുമുറ്റത്ത് ഇടുന്നത് തടഞ്ഞ വിരോധത്താൽ വീടുകയറി ആക്രമിച്ച് ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ രണ്ട് പേരെ പെരുമ്പെട്ടി പോലീസ് പിടികൂടി. മുക്കുഴി സ്റ്റാർ മുക്ക് മരിയക്കാവ് വീട്ടിൽ ജോർജ് മാത്യുവിനാണ് മർദ്ദനം ഏറ്റത്. 17 ന് രാത്രി 7.30 നാണ് സംഭവം. കോയിപ്രം വെള്ളിയാറ ഐരൂർ മരിയക്കാവിൽ വീട്ടിൽ ജെയ്‌സൺ ജോർജ് (53), പെരുമ്പെട്ടി കൊറ്റനാട് മുക്കുഴി പൈങ്കാവിൽ വീട്ടിൽ അരുൺലാൽ(42) എന്നിവരാണ് പിടിയിലായത്. ജോർജ് മാത്യുവിന്റെ ബന്ധുക്കളും അയൽവാസികളുമാണ് പ്രതികൾ. അരുൺ ലാലിന്റെ ഉടമസ്ഥതയിലുള്ള കാർ പാർക്ക് ചെയ്യാൻ അനുവദിക്കാഞ്ഞതാണ് ആക്രമണകാരണം. മുറിക്കുള്ളിൽ കയറിയ ജെയ്‌സൺ, ജോർജ് മാത്യുവിനെ കഴുത്തിൽ പിടിച്ച് തള്ളി താഴെയിട്ടു. അരുൺ ലാൽ നാലഞ്ചുവട്ടം ചവിട്ടി. തുടർന്ന് ജെയ്‌സൺ കല്ലെടുത്ത് ഇടിച്ചതിനാൽ രണ്ട് വാരിയെല്ലുകൾ പൊട്ടുകയും തോളിൽ ചതവ് സംഭവിക്കുകയും ചെയ്തു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജോർജ് മാത്യുവിന്റെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി,.വ്യാപകമാക്കിയ അന്വേഷണത്തിൽ മൊബൈൽ ഫോൺ ലൊക്കേഷന്റെ അടിസ്ഥാനത്തിൽ ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് ഉണ്ടെന്ന് വ്യക്തമായി. ഇവിടെ നടത്തിയ തെരച്ചിലിൽ കസ്റ്റഡിയിലെടുത്തു. കാർ കസ്റ്റഡിയിലെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

