പത്തനംതിട്ട :- സിപിഐ പാർട്ടി കോൺഗ്രസിന് മുന്നോടിയായി കേരളത്തിൽ സിപിഐയുടെ ഏറ്റവും ഒടുവിൽ നടന്ന ജില്ലാ സമ്മേളനമായിരുന്നു പത്തനംതിട്ടയിൽ നടന്നത്. പ്രതീക്ഷിച്ചതു പോലെ സമ്മേളനം വിഭാഗീയതയുടെ വേദിയുമായി. മുൻ ജില്ലാ സെക്രട്ടറി എ.പി. ജയനെ അനധികൃത സ്വത്തു സമ്പാദനമെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടിയിൽ തരംതാഴ്ത്തിയ നടപടിയിലാണ് വിവാദം അലയടിച്ചുയർന്നത്. ഭൂരിഭാഗം സമ്മേളന പ്രതിനിധികളും സഖാവ് ജയനു വേണ്ടി നില കൊണ്ടപ്പോൾ, ഒത്തുതീർപ്പിന്റെ ഭാഗമായിട്ടാണ് ജില്ലാ സെക്രട്ടറിയായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ പാർട്ടി നേതൃത്വത്തിന് തീരുമാനിക്കേണ്ടി വന്നത്. പാർട്ടി സെക്രട്ടറിയാകുന്ന ചിറ്റയം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം രാജി വയ്‌ക്കേണ്ടി വരുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഡെപ്യൂട്ടി സ്പീക്കർ പദവി വഹിക്കുന്നതിന് തനിക്ക് ജില്ലാ സെക്രട്ടറി സ്ഥാനം തടസമല്ലെന്നാണ് ചിറ്റയം പറയുന്നത്. സ്പീക്കർ പദവി വഹിക്കുന്നവർക്ക് മാത്രമാണ് രാഷ്ട്രീയ പ്രവർത്തനത്തിന് നിയന്ത്രണമുള്ളത് എന്നും അദ്ദേഹം പറയുന്നു.
ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് പാർട്ടി തന്നെയാണ്. നിലവിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്ത് തുടരുന്നതിന് ചിറ്റയത്തിന് നിയമ തടസമൊന്നുമില്ല. എന്നാൽ, രാഷ്ട്രീയ പാർട്ടികളുടെ മുഖ്യ ഉത്തരവാദിത്തം വഹിച്ചു കൊണ്ട് നിയമസഭയുടെ സ്പീക്കറോ ഡെപ്യൂട്ടി സ്പീക്കറോ ആയി കൂടി പ്രവർത്തിക്കുന്ന കീഴ്‌വഴക്കം കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ കേരളത്തിലുണ്ടായിട്ടില്ല. സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ എന്നിവ ഭരണഘടനാ പരമായ പദവികളാണ്. മുൻപ് സ്പീക്കർ പദവിയിൽ ഇരിക്കുന്നവർ പാർട്ടി യോഗങ്ങളിൽ നിന്ന് പോലും വിട്ടു നിന്ന ചരിത്രമുണ്ട്. ഇവർക്ക് രാഷ്ട്രീയ പക്ഷപാതിത്വം പാടില്ല എന്നുള്ളതാണ് അതിന്റെ ധാർമ്മിക വശം.
പാർട്ടി സമ്മേളനത്തിനിടെ മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ചിറ്റയം ഗോപകുമാറിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കോന്നി വകയാറിലാണ് ജില്ലാ സമ്മേളനം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവും സംഘവും കോന്നിയിലെ സിപിഐ മണ്ഡലം ഓഫീസിൽ ചർച്ചയിലായിരുന്നു. സമ്മേളന പ്രതിനിധികൾ ഈ സമയം വകയാറിലെ സമ്മേളന ഹാളിൽ കാത്തിരിക്കുകയായിരുന്നു. പാർട്ടി ഓഫീസിലെ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് വൈകിട്ട് ആറരയോടെ ചിറ്റയം ഗോപകുമാറിനെ സെക്രട്ടറിയാക്കാൻ ധാരണയായത്.
എ.പി ജയനെ തരംതാഴ്ത്തിയതിന് പിന്നാലെ കോട്ടയത്ത് നിന്നുള്ള സി.കെ. ശശിധരനാണ് ഒന്നര വർഷമായി ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്. ഇക്കുറി ജില്ലയിൽ നിന്നൊരാൾ ജില്ലാ സെക്രട്ടറിയാകുമെന്നായിരുന്നു കരുതിയിരുന്നത്. സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.ആർ. ഗോപിനാഥൻ, ഡി. സജി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.ജി. രതീഷ്‌കുമാർ എന്നിവരുടെ പേരുകളും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നു വന്നിരുന്നു. എ.പി. ജയനെ വീണ്ടും സെക്രട്ടറിയാക്കണമെന്ന ആവശ്യവും കൂടുതൽ അംഗങ്ങളിൽ നിന്നും ഉയർന്നു. കൃഷി മന്ത്രി പി. പ്രസാദും പാർട്ടി ഓഫീസിലെ ചർച്ചകളിൽ പങ്കെടുത്തിരുന്നു.


