വിദേശത്ത് നിന്നും അനധികൃത പണ കള്ളക്കടത്ത് അധോലോക സംഘം ആണ് സിപിഎം : കെ.സുരേന്ദ്രൻ

Kerala Kozhikkodu
Print Friendly, PDF & Email

കോഴിക്കോട്: വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെ സിപിഎം നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും ശതകോടിക്കണക്കിന് രൂപ അനധികൃതമായി ലഭിച്ചു എന്നത് ഞെട്ടിക്കുന്നതാണെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സിപിഎം അധോലോക സംഘമായി മാറിയിരിക്കുകയാണെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

കടലാസ് കമ്പനികള്‍ ഉണ്ടാക്കി അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് വിദേശത്തുനിന്നും കോടിക്കണക്കിന് രൂപയാണ് സിപിഎം നേതാക്കളിലേക്ക് എത്തുന്നത്. ലോക കേരളസഭ നടക്കുമ്പോഴും മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും വിദേശപര്യടനത്തിനിടെയും ഇത്തരത്തില്‍ പണം എത്തിയിട്ടുണ്ട്. നേതാക്കളുടെയും മക്കളുടെയും അനധികൃത സ്വത്ത് സമ്പാധനത്തെ പറ്റിയും ഹവാലാ ഇടപാടുകളെ പറ്റിയും അന്വേഷണം വേണമെന്ന് പറഞ്ഞത് പാര്‍ട്ടിക്കാര്‍ തന്നെയാണ്. ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നേരെയാണ് ഏറ്റവും ഗുരുതരമായ ആരോപണം ഉയര്‍ന്നു വന്നിരിക്കുന്നത്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകളാണ് സിപിഎം നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സിപിഎം നേതാക്കള്‍ക്കെതിരെ ഉയര്‍ന്നു വന്നിരിക്കുന്നത് അതീവ ഗൗരവതരമായ ആരോപണങ്ങളാണ്. രേഖകള്‍ സഹിതം സിപിഎമ്മിന്റെ അകത്തു നിന്നുമാണ് ഈ ആരോപണം പുറത്തു വന്നിരിക്കുന്നത്. പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്. മന്ത്രിമാര്‍ ഇടയ്ക്കിടെ ചികിത്സയ്‌ക്കെന്ന പേരില്‍ വിദേശ സന്ദര്‍ശനം നടത്തുന്നത് വെറുതെയല്ലെന്ന് ഇപ്പോള്‍ ബോധ്യമായി.

വിദേശരാജ്യങ്ങളില്‍ നിന്നും പണം സമാഹരിക്കാനുള്ള ഏജന്‍സികള്‍ സിപിഎമ്മിന് ഉണ്ടെന്നത് ഞെട്ടിക്കുന്നതാണ്. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള പണം പോലും വിദേശത്തുനിന്നും പിരിക്കുന്നതായി പറയുന്നു. എല്ലാ സാമൂഹ്യപ്രകൃതി ചൂഷണ പദ്ധതികള്‍ക്കും ഇടനില നിന്ന് പണമുണ്ടാക്കാനാണ് സിപിഎം നേതാക്കള്‍ ശ്രമിക്കുന്നത്. വിദേശ നാണ്യ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് വന്‍തോതില്‍ പണമാണ് അന്യരാജ്യങ്ങളില്‍ നിന്ന് കടത്തിക്കൊണ്ടു വരുന്നത്. അടിയന്തരമായി ഈ കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. അധികാരം ഉപയോഗിച്ചുകൊണ്ട് സിപിഎം കൊള്ളം നടത്തുകയാണ്. ലോക കേരളസഭയെല്ലാം പ്രഹസനമായി മാറിയിരിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് വിദേശത്തുനിന്നും കൊള്ള നടത്തിയ പണം എവിടെയൊക്കെയാണ് ചിലവഴിച്ചതെന്ന് കണ്ടുപിടിക്കണം. ഈ കാര്യത്തില്‍ വിവാദ വ്യവസായിയെ കുറിച്ചും നേതാക്കള്‍ക്ക് അയാളുമായുള്ള ബന്ധത്തെ കുറിച്ചും സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.കെപി പ്രകാശ് ബാബു, മുതിര്‍ന്ന നേതാവ് കെ.പി ശ്രീശന്‍ മാസ്റ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടിവി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *