പത്തനംതിട്ട: കോഴ്സ് പൂർത്തിയാക്കി തൊട്ടടുത്ത ദിവസം മുഴുവൻ വിദ്യാർത്ഥികൾക്കും ജോലിക്ക് ഓഫർ ലെറ്റർ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ചെന്നീർക്കര ഗവൺമെന്റ് ഐടിഐ യിലെ ജീവനക്കാരും വിദ്യാർത്ഥികളും. ഇവിടെ ഫുഡ് പ്രൊഡക്ഷൻ ജനറൽ ട്രേഡിൽ കോഴ്സ് പൂർത്തിയാക്കിയ 40 വിദ്യാർത്ഥികൾക്കാണ് സംസ്ഥാനത്തിനകത്തും പുറത്തുമായി നിന്നുള്ള വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഷെഫ് ജോലിക്കായി ക്ഷണം ലഭിച്ചത്.
വലിയ സന്തോഷങ്ങളേയും നേട്ടങ്ങളേയും ചെറിയ ആഘോഷങ്ങളിലൊതുക്കി കൂടുതൽ വലിയ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാനുള്ള ശ്രമത്തിലാണ് ഐ.ടി.ഐ അധികൃതർ. തുടർച്ചയായി നാലാം തവണയാണ് ഫുഡ് പ്രൊഡക്ഷൻ ജനറൽ (എഫ് പി ജി ) ട്രേഡിൽ ഇവിടെ കോഴ്സ് പൂർത്തിയാക്കിയ ഉടൻ മുഴുവൻ വിദ്യാർത്ഥികൾക്കും ജോലിക്കായി വിവിധ സ്ഥാപനങ്ങൾ ഓഫർ ലെറ്റർ ലഭിക്കുന്നത്.
സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള വരടക്കമുള്ള വിദ്യാർത്ഥികൾക്കാണ് പ്ലേസ്മെന്റ് ലഭിച്ചതെന്നും ഐ.ടി.ഐ യുടെ നേട്ടത്തിൽ അഭിമാനമുണ്ടെന്നും പ്രിൻസിപ്പാൾ സ്നേഹലത പറഞ്ഞു. 18 വയസ് പൂർത്തിയായപ്പോൾ തന്നെ ഒരു ജോലി ലഭിച്ചതിൽ പറഞ്ഞറിയിക്കാനൊക്കാത്ത സന്തോഷമാണുള്ളതെന്ന് വിദ്യാർത്ഥികൾ പറയുന്നു. മുൻ വർഷങ്ങളിൽ ഇവിടെ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളാണ് ചെന്നീർക്കര ഗവ. ഐ.ടി.ഐയെ തൊഴിൽ ദാതാക്കൾക്കിടയിൽ പ്രശസ്തമാക്കുന്നത്. പുതുതായി ഓഫർ ലെറ്റർ ലഭിച്ചവരോടും അദ്ധ്യാപകർക്ക് പറയാനുള്ളത് അവരവരുടെ മേഖലയിൽ മികവ് പുലർത്തി ഇനി വരുന്ന ബാച്ചുകൾക്കും അവസരങ്ങൾ തേടിയെത്താൻ വഴിയൊരുക്കണമെന്ന് മാത്രമാണ്.
ചെന്നീർക്കര ഐ ടി ഐ ഹാളിൽ നടന്ന ലളിതമായ ചടങ്ങുകൾ പിടിഎ പ്രസിഡന്റ് കെ.സുരേഷ്കുമാർ ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം കെ. സുരേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ ആർ. സ്നേഹലത നിയമന ഉത്തരവുകൾ കൈമാറി. ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ കെ. അശോക് കുമാർ, ആർ.ഷൈലജ, ആർ. വിനോദ്, ദിൽഷത്ത് ബീഗം, ബിപിൻ വി. നാഥ്, സി.കെ.ശ്രീജിത്ത്, രഞ്ജിനി റാം, അരുൺ ഷാജി, ന്യുവിൻ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.


