പത്തനംതിട്ട – വിമർശിക്കാൻ ഉൾപാർട്ടി ജനാധിപത്യം ഇല്ലെന്ന ആരോപണങ്ങൾക്ക് പിന്നാലെ ആരോഗ്യ മന്ത്രി വീണ ജോർജിനെ വിമർശിച്ച് പോസ്റ്റിട്ട നേതാക്കൾക്കെതിരെ നടപടിയുമായി സി.പി.എം മുന്നോട്ട്. ഇരവിപേരൂർ ഏരിയ കമ്മിറ്റിയംഗം എൻ രാജീവിനെ കമ്മിറ്റിയിൽ നിന്നും വള്ളംകുളം ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ജോൺസനെ പാർട്ടിയിൽ നിന്നും മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. മന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കൂടുതൽ പാർട്ടി പ്രവർത്തകർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്.
കൊടുത്താൽ എവിടെ വേണമെങ്കിലും കിട്ടും എന്നായിരുന്നു രാജീവൻറെ പോസ്റ്റ്. മുൻ പഞ്ചായത്ത് പ്രസിഡന്റും സി.ഡബ്ല്യു.സി ചെയർമാനും ആയിരുന്നു. പോക്സോ കേസ് അട്ടിമറി പരാതിയിൽ സി.ഡബ്ല്യു.സി ചെയർമാൻ സ്ഥാനം നഷ്ടമായിരുന്നു. ‘വീണാ ജോർജിന് മന്ത്രി പോയിട്ട് ഒരു എം.എൽ.എ ആയി ഇരിക്കാൻ അർഹതയില്ല. കൂടുതൽ പറയുന്നില്ല… പറയിപ്പിക്കരുത്…’ എന്നാണ് ജോൺസൺ ഫേസ്ബുക്കിൽ കുറിച്ചത്. മറ്റു പലരും മന്ത്രിയെ വിമർശിച്ചുകൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.


