പത്തനംതിട്ട – മാലിന്യ സംസ്കരണ രംഗത്ത് ഒന്നിച്ചു പ്രവർത്തിക്കാൻ ധാരണയിലെത്തി പത്തനംതിട്ട ജില്ലാ ശുചിത്വ മിഷനും കോഴഞ്ചേരി സെന്റ് തോമസ് കോളേജും. ഇതിന്റെ തുടക്കമെന്ന നിലയിൽ ശുചിത്വ മിഷനും സെന്റ് തോമസ് കോളേജും ധാരണപത്രം ഒപ്പുവച്ചു. ജില്ലാ ശുചിത്വ മിഷന് വേണ്ടി പത്തനംതിട്ട ജില്ലാ കളക്ടറും കോഴഞ്ചേരി സെന്റ് തോമസ് കോളേജിന് വേണ്ടി പ്രിൻസിപ്പൽ ഡോ. ജോർജ്ജ് കെ അലക്സും മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗ് (എംഒയു) ഒപ്പുവച്ചു.

ഇതിലൂടെ മാലിന്യ സംസ്കരണ രംഗത്തെ ഗവേഷണ പരമ്പരയ്ക്കാണ് ജില്ലയിൽ തുടക്കമാകുന്നത്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അനുയോജ്യമായ ഫൈറ്റോറെമിഡിയേഷൻ ഏജന്റുമാരെ തിരിച്ചറിയുന്നതിന് തണ്ണീർത്തട സസ്യങ്ങളുടെ പരിശോധന സംബന്ധിച്ച ഗവേഷണ പദ്ധതിയാണ് ആദ്യഘട്ടത്തിൽ നടക്കുക. ഗവേഷണ പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത് കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ സസ്യശാസ്ത്ര വിഭാഗം മേധാവി അഞ്ജു വി ജലജ് ആണ്. കോളേജിലെ എൻഎസ്എസ് വോളണ്ടിയർമാരും ഭൂമിത്രസേന അംഗങ്ങളും ഗവേഷക വിദ്യർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.


