തിരുവല്ല – കേന്ദ്ര സർക്കാരിന്റെ പെൻഷൻ വാലിഡഷൻ നിയമത്തിനെതിരെയും പെൻഷൻകാർക്ക് ലഭിക്കേണ്ട എട്ടാം ശമ്പള കമ്മീഷൻ ആനുകൂല്യങ്ങൾ നിർത്തലാക്കുന്നതിനെതിരെയും രാജ്യവ്യാപകമായി കേന്ദ്ര സർക്കാർ – കേന്ദ്ര പൊതുമേഖല, ബാങ്കിംഗ് മേഖലയിലെ പെൻഷൻ ഉപഭോക്താക്കൾ മനുഷ്യച്ചങ്ങല തീർത്തു പ്രതിഷേധിച്ചു. ഫോറം ഓഫ് സിവിൽ പെൻഷനേഴ്സ് അസോസിയേഷൻ എന്ന അഖിലേൻഡ്യാ സംഘടനയുടെ ആഭി മുഖ്യത്തിലാണ് മനുഷ്യചങ്ങല തീർത്ത് പ്രതിഷേധിച്ചത്.
തിരുവല്ലയിൽ ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ കുരിശുകവല വഴി ബി എസ് എൻ എൽ ഭവൻ വരെയായിരുന്നു ചങ്ങല.
ഹെഡ് പോസ്റ്റ് ഓഫിസ് ജംഗ്ഷനിൽ നടന്ന പൊതുയോഗം എഫ് സി പി ഏ ജില്ലാ കൺവീനർ എം ജി എസ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ പി രവി അധ്യക്ഷനായി. വിവിധ പെൻഷൻ സംഘടനാ നേതാക്കളായ എസ് ശ്രീധരൻ നായർ,ധർമ്മിഷ്ടൻ, അഡ്വ. ജേക്കബ് മാത്യു, ശിവരാമൻ നായർ, പി എം ജി മേനോൻ, തോമസ് മാത്യു, എം ജി രാമൻ പിള്ള, പി രാജീവ് തുടങ്ങിയവർ സംസാരിച്ചു.മഴയെ കൂസാതെ വനിത കളടക്കം പെൻഷൻ കാർ അണിനിരന്ന ചങ്ങല അക്ഷരാർത്ഥത്തിൽ മനുഷ്യ മതിലായി. ചങ്ങല തീർത്തശേഷം കേന്ദ്രത്തിന്റെ വിനാശ കരമായ പെൻഷൻ വിരുദ്ധ നടപടി പിൻവലിക്കും വരെ പോരാട്ടം തുടരുമെന്ന് പങ്കെടുത്തവർ പ്രതിജ്ഞയെടുത്തു. രാജ്ഭവൻ മാർച്ചും ഡൽഹി ചാലോയുമടക്കം തുടർ പ്രക്ഷോഭ പരിപാടികൾക്ക് സംഘടന രൂപം നൽകിയിട്ടുണ്ട്.


